കോന്നി : കല്ലേലി- അച്ചൻകോവിൽ റോഡിൽ ഗതാഗതം ഇനിയും പുനഃസ്ഥാപിച്ചില്ല. അച്ചൻകോവിൽ ക്ഷേത്രത്തിലെ മണ്ഡല ഉത്സവത്തിനുള്ള തങ്ക അന്നക്കൊടി കോന്നിയിൽ നിന്ന് എഴുന്നള്ളിച്ചു കൊണ്ടുപോകുന്നത് ഈ പരമ്പരാഗത പാതയിലൂടെയാണ്.കടിയാർ കഴിഞ്ഞുള്ള കലുങ്ക് കഴിഞ്ഞ മഴക്കാലത്തു തകർന്നതോടെയാണ് ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടത്. അച്ചൻകോവിൽ റോഡിന്റെ ഭാഗമായ കല്ലേലി മുതൽ വയക്കര പാലം വരെയുള്ള റോഡും തകർന്ന നിലയിലാണ്. വർഷങ്ങൾക്കു മുൻപ് ചെയ്ത ടാറിങ് പലയിടത്തും ഒലിച്ചുപോയിട്ടുണ്ട്. മറ്റുള്ള ഭാഗങ്ങളിൽ ടാറിങ്ങിന്റെ കട്ടിങ് വാഹനയാത്രയ്ക്കു പ്രയാസം സൃഷ്ടിക്കുകയും ചെയ്യുന്നു.
അച്ചൻകോവിൽ റോഡിന്റെ നടുവത്തുമൂഴി റേഞ്ചിന്റെ പരിധിയിൽ വരുന്നത് എട്ട് കിലോമീറ്ററാണ്. ഇതിൽ 15 ചപ്പാത്തുകളും മൂന്നു കലുങ്കുകളും പുനരുദ്ധരിക്കേണ്ടതുണ്ട്. ശബരിമല തീർഥാടന കാലം മുന്നിൽ കണ്ട് വനംവകുപ്പ് അധികൃതർ റോഡ് സഞ്ചാരയോഗ്യമാക്കേണ്ടതിന്റെ ആവശ്യകത ഉൾക്കൊള്ളിച്ച് ജില്ലാ കലക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. അറ്റകുറ്റപ്പണികൾക്കായി 11 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് എടുക്കുകയും ചെയ്തിട്ടുണ്ട്. കിഫ്ബിയിൽ നിന്നുള്ള ഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് മരാമത്ത് വകുപ്പ് റോഡ് വിഭാഗത്തിനെ നിർമാണ ചുമതല ഏൽപിക്കുമെന്നാണ് അറിയുന്നത്. നിലവിൽ വനത്തിലൂടെയുള്ള റോഡ് മൂന്ന് മീറ്റർ വീതിയിലാണു ടാറിങ് നടത്തിയിരുന്നത്. ഇതിൽ കൂടുതൽ സ്ഥലം വിട്ടുകിട്ടാൻ നിയമമില്ലെങ്കിലും റോഡിന്റെ കട്ടിങ് ഒഴിവാക്കാൻ ഇരുവശവും പൂട്ടുകട്ട പാകാൻ കഴിയുമെന്നും ഇതിലൂടെ നാലര മീറ്ററോളം വീതി ലഭിക്കുമെന്നും അധികൃതർ കരുതുന്നു. വാഹന സഞ്ചാരം കുറഞ്ഞതോടെ വന്യമൃഗങ്ങളുടെ സാന്നിധ്യം കൂടി. അതിനാൽ സീസൺ ആകുന്നതോടെ റോഡരികിലെ കാട് വെട്ടിമാറ്റാൻ നടപടി സ്വീകരിക്കുമെന്നും നടുവത്തുമൂഴി റേഞ്ച് ഓഫിസർ പി.എ.അരുൺ പറഞ്ഞു.