മലപ്പുറം : വാഹനത്തിന് ഇൻഷുറൻസ് ഇല്ലാത്തതിന്റെ പേരിൽ യുവാവിന്റെ മൊബൈൽ ഫോൺ ട്രാഫിക് എസ്.ഐ പിടിച്ചുവാങ്ങിയതിൽ നാട്ടുകാരുടെ പ്രതിഷേധം. മലപ്പുറം ട്രാഫിക് സ്റ്റേഷനിലെ എസ്.ഐ ഇന്ദുറാണിക്കെതിരെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. എസ്.ഐയെ നാട്ടുകാർ ചോദ്യംചെയ്യുന്ന വീഡിയോദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നു.
ഇൻഷുറൻസ് ഇല്ലാത്തതിന്റെ പേരിൽ എസ്.ഐ മൊബൈൽ ഫോൺ പിടിച്ചുവാങ്ങിയെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ഭാര്യ ഗർഭിണിയാണെന്നും ഫോണിലേക്ക് വിളിക്കുമെന്ന് പറഞ്ഞിട്ടും എസ്.ഐ കേട്ടില്ലെന്നും വീഡിയോയിൽ പറയുന്നു.
പിഴ അടക്കാമെന്ന് പറഞ്ഞിട്ടും ഫോൺ പിടിച്ചുവാങ്ങിയെന്നും മലപ്പുറം ചെമ്മങ്കടവ് വില്ലേജ് ഓഫീസിന് സമീപമാണ് ഈ സംഭവമുണ്ടായതെന്നും വീഡിയോയിൽ പറയുന്നുണ്ട്. ഒടുവിൽ പിഴ അടക്കാൻ എസ്.ഐ പറയുമ്പോൾ പിഴ കോടതിയിൽ അടച്ചോളാമെന്ന് മറുപടി നൽകുന്നതും പിഴ അടച്ചില്ലെങ്കിൽ മൊബൈൽ ഫോൺ പിടിച്ചുവാങ്ങുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും നാട്ടുകാർ ചോദിക്കുന്നതും ദൃശ്യങ്ങളിൽ കേൾക്കാം.