ദില്ലി: ദില്ലി കോച്ചിംഗ് സെന്‍ററിലെ ദുരന്തവുമായി ബന്ധപ്പെട്ട് അഞ്ച് പേർ കൂടെ അറസ്റ്റിലായി. ഇതോടെ സംഭവത്തിൽ അറസ്റ്റില്‍ ആകുന്നവരുടെ എണ്ണം ഏഴായി. കോച്ചിംഗ് സെന്‍റര്‍ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്‍റെ ഉടമ വെള്ളപ്പൊക്കം ഉണ്ടായപ്പോൾ വേഗത്തിൽ വണ്ടി ഓടിച്ച് കെട്ടിടത്തിന്‍റെ ഗേറ്റ് തകർത്ത ഡ്രൈവർ എന്നിവരടക്കം ആണ് അറസ്റ്റിലായത്. വാണിജ്യപരമായ ഒരവിശ്യത്തിനും ബേസ്മെന്‍റുകളില്‍ അനുമതിയില്ലെന്ന് ഡിസിപി എം ഹർഷവർധൻ വ്യക്തമാക്കുകയും ചെയ്തു. ഈ വിഷയത്തില്‍ രാജ്യത്ത് വലിയ പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്. വിഷയം കെ സി വേണുഗോപാല്‍ എംപി ലോക്സഭയില്‍ ഉന്നയിക്കുകയും ചെയ്തു. സ്ഥാപനം അനധികൃതമായി പ്രവർത്തിക്കുകയായിരുന്നുവെന്നും കോച്ചിംഗ് സെന്‍റര്‍ മാഫിയ തന്നെയുണ്ടെന്നും കെ സി വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. ഇത്തരം സ്ഥാപനങ്ങളെ നിയന്ത്രിക്കാൻ സർക്കാർ എന്തെങ്കിലും ചെയ്യുന്നുണ്ടോയെന്നും കെ സി വേണുഗോപാൽ ചോദിച്ചു. രാജ്യസഭയിലും കോണ്‍ഗ്രസ് ഈ വിഷയം ഉന്നയിച്ചു. കോച്ചിംഗ് സെന്‍ററിലെ ദുരന്തം ആശങ്കയുണ്ടാക്കുന്നുവെന്നാണ് രാജ്യസഭ ചെയർമാൻ ജഗ്ദീപ് ധൻകര്‍ പറഞ്ഞു. കോച്ചിംഗ് സെന്‍ററുകൾ കൂണുകൾ പോലെ മുളച്ചുപൊങ്ങുകയാണ്. പത്രങ്ങളുടെ പേജുകൾ നിറച്ചാണ് പരസ്യം വരുന്നതെന്നും ജഗദീപ് ധൻകർ പറഞ്ഞു.
രാജ്യസഭയിൽ വിഷയത്തില്‍ ചർച്ചക്ക് അനുമതി ലഭിച്ചിട്ടുണ്ട്. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾ അടച്ചുപൂട്ടണം തിരുവനന്തപുരം എംപി ശശി തരൂര്‍ പറഞ്ഞു. ഒരുപാട് സ്വപ്നങ്ങളുമായി വന്ന വിദ്യാർത്ഥികളാണ് മരിച്ചത്. പരസ്പരം പഴിചാരിയിട്ട് കാര്യമില്ല. അടിയന്തര നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നരഹത്യക്ക് കേസ് എടുക്കണമെന്നും ഇനിയാർക്കും ഈ അവസ്ഥ വരരുതെന്നും ഹൈബി ഈഡൻ എംപിയും വ്യക്തമാക്കി. ദില്ലിയില്‍ സിവില്‍ സര്‍വീസ് കോച്ചിംഗ് സെന്‍ററിലെ ബേസ്മെന്‍റിലെ വെള്ളക്കെട്ടില്‍ കുടുങ്ങി മൂന്ന് വിദ്യാര്‍ത്ഥികളാണ് മരിച്ചത്. ഗുരുതര നിയമലംഘനങ്ങളുമായി പ്രവര്‍ത്തിച്ചിരുന്ന റാവൂസ് കോച്ചിംഗ് സെന്‍റര്‍ ഒരാഴ്ചത്തേക്ക് അടച്ചു. പാര്‍ക്കിങിനുള്ള ബേസ്മെന്‍റില്‍ അനധികൃതമായാണ് ലൈബ്രറി നിര്‍മിച്ചതെന്നും കണ്ടെത്തിയിരുന്നു. അപകടസമയത്ത് 40 ഓളം വിദ്യാര്‍ത്ഥികളാണ് അക്കാദമിയുടെ ബേസ്മെന്റിലെ ലൈബ്രറിയിൽ ഉണ്ടായിരുന്നത്. പലരും ഇവിടെ നിന്ന് മുകളിലെ നിലയിലേക്ക് ഓടിക്കയറി രക്ഷപ്പെട്ടു. ബേസ്മെന്റിൽ കുടുങ്ങിയ 14 ഓളം വിദ്യാര്‍ത്ഥികളെ പിന്നീട് ഫയര്‍ഫോഴ്സും എൻഡിആര്‍എഫ് ഉദ്യോഗസ്ഥരുമെത്തി രക്ഷിച്ചിരുന്നു. കെട്ടിടത്തിലെ വെള്ളം നീക്കിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.