മുംബൈ : മുംബൈയില്‍ ഇരുനില കെട്ടിടം തകര്‍ന്നുവീണ് ഒന്‍പത് പേര്‍ക്ക് ദാരുണാന്ത്യം. എട്ടു പേര്‍ക്ക് പരുക്കേറ്റതായാണ് വിവരം. 15 പേരെ രക്ഷപെടുത്തി. കെട്ടിടാവശിഷ്ടങ്ങള്‍ക്ക് അടിയില്‍പ്പെട്ടവര്‍ക്കായി തിരച്ചില്‍ തുടരുന്നുണ്ട്.
മുംബൈ മലാഡിലെ മല്‍വാനി പ്രദേശത്തെ പാര്‍പ്പിട സമുച്ചയത്തിലാണ് അപകടമുണ്ടായത്. കനത്തമഴയെ തുടര്‍ന്നാണ് കാലപ്പഴക്കമുളള കെട്ടിടം തകര്‍ന്നുവീണത്. അപകടം നടക്കുന്ന സമയത്ത് 70 പേര്‍ കെട്ടിടത്തിനകത്ത് ഉണ്ടായിരുന്നുവെന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ പറയുന്നത്.
ബുധനാഴ്ച രാത്രി 11.10നാണ് അപകടമുണ്ടായതെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. സമീപത്തെ കെട്ടിടങ്ങളും അപകടാവസ്ഥയില്‍ ആണെന്നും ആളുകളെ ഒഴിപ്പിച്ചതായും പോലീസ് അറിയിച്ചു.
അപകടം നടക്കുന്ന സമയത്ത് സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ കെട്ടിടത്തിലുണ്ടായിരുന്നതായാണ് വിവരം. പോലീസും റെസ്ക്യു ടീമും നാട്ടുകാരും കൂടിയാണ് തിരച്ചില്‍ നടത്തുന്നത്. മുംബൈയില്‍ ബുധനാഴ്ചയുണ്ടായ കനത്ത മഴയാണ് അപകട കാരണമെന്ന് മഹാരാഷ്ട്ര മന്ത്രി അസ്‌ലം ഷെയ്ഖ് അറിയിച്ചു.