കോഴിക്കോട്: ഫറോക്ക് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ തടഞ്ഞ ബിഹാര്‍ സ്വദേശിയായ യുവാവ് അറസ്റ്റില്‍. ബിഹാര്‍ ഈസ്റ്റ് ചമ്പാരന്‍ നര്‍ഹ പാനാപുരിലെ മന്‍ദിപ് ഭാരതിയാണ് (26) പിടിയിലായത്. രാവിലെ 9.09നു സ്റ്റേഷനില്‍ എത്തിയ മംഗളൂരു നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസ് ഒന്നാം പ്ലാറ്റ്‌ഫോമില്‍ എത്തിയപ്പോഴാണ് സംഭവം.കയ്യിലുണ്ടായിരുന്ന വടിയില്‍ കാവിക്കൊടി കെട്ടി ട്രാക്കില്‍ ഇറങ്ങിയ ഇയാള്‍ ട്രെയിനിനു മുന്‍പില്‍ നില്‍ക്കുകയായിരുന്നു.
ലോക്കോ പൈലറ്റ് സ്റ്റേഷന്‍ ജീവനക്കാരെ ഉടന്‍ വിവരമറിയിച്ചു. തുടര്‍ന്ന്, ഇയാളെ പിടികൂടി റെയില്‍വേ സംരക്ഷണ സേനയക്ക് കൈമാറി. കുറ്റിപ്പുറത്ത് കൂലിപ്പണിക്കാരനായിരുന്ന തനിക്ക് 16500 രൂപ കിട്ടാനുണ്ടെന്നും ഇതു നല്‍കാത്തതിനാലാണ് ട്രെയിന്‍ തടഞ്ഞതെന്നുമാണ് മന്‍ദിപ് പറയുന്നത്. അതേസമയം, പ്രതിയുടെ മൊഴിയില്‍ അവ്യക്തതയുള്ളതിനാല്‍ ആര്‍.പി.എഫ് അന്വേഷണം തുടങ്ങി. സംഭവത്തെ തുടര്‍ന്ന് 10 മിനിറ്റ് വൈകിയാണ് ട്രെയിന്‍ സ്റ്റേഷന്‍ വിട്ടത്.