ഡൽഹി : രാജ്യത്ത് മൂന്നാംഘട്ട ലോക്ക്ഡൗണ്‍ അവസാനിക്കാനിരിക്കെ ട്രെയിന്‍ ഗതാഗതം നാളെ മുതല്‍ പുന:രാരംഭിക്കും. നിയന്ത്രിത തോതില്‍ ട്രെയിന്‍ സര്‍വീസുകള്‍ പുന:രാരംഭിക്കാനൊരുങ്ങുകയാണ് ഇന്ത്യന്‍ റെയില്‍വെ. ലോക്ക്ഡൗണ്‍ മെയ് 17 ന് അവസാനിക്കാനിരിക്കെയാണ് ചരക്കു തീവണ്ടികള്‍ക്ക് പുറമെ യാത്രാ തീവണ്ടികളും കൂടി ഘട്ടം ഘട്ടമായി തുടങ്ങാന്‍ റെയില്‍വെ തീരുമാനിച്ചത്. തെരഞ്ഞെടുത്ത തീവണ്ടി സര്‍വീസുകള്‍ മാത്രമായിരിക്കും മെയ് 12 മുതല്‍ ട്രാക്കിലിറങ്ങുക.
കൊവിഡ് ഭീഷണിയെ തുടര്‍ന്ന് 50 ദിവസമായി രാജ്യത്ത് ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരുന്നു. ശനിയാഴ്ച ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ട്രെയിന്‍ സര്‍വീസ് പുന:രാരംഭിക്കാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടത്. ലോക്ക്ഡൗണ്‍ സമയത്ത് മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിയ തൊഴിലാളികളെ തിരിച്ചെത്തിക്കാനുള്ള നോണ്‍ സ്‌റ്റോപ് ട്രെയിനുകള്‍ മാത്രമാണ് ഇതുവരെ ഓടിയത്.
മെയ് 12 മുതല്‍ പുന:രാരംഭിക്കുന്ന ട്രെയിന്‍ ഗതാഗതത്തിനുള്ള ടിക്കറ്റുകള്‍ക്കായി റെയില്‍വെ സ്റ്റേഷനുകളിലേയ്ക്ക് പേകേണ്ടതില്ലെന്ന് റെയില്‍വെ. സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകള്‍ ഒരു കാരണവശാലും തുറക്കില്ല. ഓണ്‍ലൈന്‍ വഴി എടുത്ത ടിക്കറ്റുകള്‍ ഉള്ളവരെ മാത്രമേ റെയില്‍വെ സ്‌റ്റേഷനുകളിലേയ്ക്ക് സാമൂഹിക അകലം പാലിച്ച് കടത്തിവിടുകയുള്ളു. രോഗലക്ഷണങ്ങളില്ലാത്തവരെ മാത്രമേ യാത്ര ചെയ്യാന്‍ അനുവദിക്കുകയുള്ളുവെന്നും റെയില്‍വെ അറിയിച്ചു. ടിക്കറ്റ് ബുക്കിംഗ് ഇന്ന് വൈകിട്ട് നാലു മണി മുതല്‍ ഐആര്‍ടിസി വെബ്‌സൈറ്റില്‍ http://www.irctc.co.in ആരംഭിക്കും.
ആദ്യഘട്ടത്തില്‍ 15 ട്രെയിനുകളാണ് ഉണ്ടാവുകയെന്ന് റെയില്‍വെ അറിയിച്ചു. ദിബ്രുഗഢ്, അഗര്‍ത്തല, ഹൗറ, പട്‌ന, ബിലാസ്പൂര്‍, റാഞ്ചി, ഭുവനേശ്വര്‍, സെക്കന്തരാബാദ്, ബെംഗളൂരു, ചെന്നൈ, തിരുവനന്തപുരം, മഡ്ഗാവ്, മുംബൈ സെന്‍ട്രല്‍, അഹമ്മദാബാദ്, ജമ്മുതാവി എന്നീ സ്റ്റേഷനുകളെ ബന്ധിപ്പിച്ചുകൊണ്ടാകും ട്രെയിന്‍ സര്‍വീസുകള്‍ എന്ന് റെയില്‍വെ അറിയിച്ചു. ഇതിനുശേഷം ലഭ്യമായ കോച്ചുകള്‍ ഉപയോഗിച്ച് കൂടുതല്‍ പ്രത്യേക സര്‍വീസുകള്‍ ആരംഭിക്കുമെന്നും കേന്ദ്ര റെയില്‍വെ മന്ത്രാലയം പറയുന്നു.
ആഴ്ചയില്‍ മൂന്നു ദിവസമായിരിക്കും ഡല്‍ഹി- തിരുവനന്തപുരം റൂട്ടില്‍ ട്രെയിന്‍ സര്‍വീസുകള്‍ നടത്തുക. കൊങ്കണ്‍ പാത വഴിയാകും സര്‍വീസുകള്‍. 13 ന് തിരുവനന്തപുരത്തേയ്ക്കും 15 ന് തിരുവനന്തപുരത്തു നിന്നും ഡല്‍ഹിയിലേക്കും സര്‍വീസുകള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്ത് 50 ദിവസങ്ങള്‍ക്കു ശേഷമാണ് പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കുന്നത്.
എല്ലാ ട്രെയിനുകളിലും കുറഞ്ഞ സ്റ്റോപ്പുകള്‍ മാത്രമായിരിക്കും. എസി കോച്ചുകള്‍ ഉണ്ടായിരിക്കും. ഇരു ദിശകളിലേക്കുമായി 15 ജോഡി അഥവാ 30 ട്രെയിനുകള്‍ സര്‍വീസ് നടത്തും. കണ്‍സെഷനുണ്ടാവില്ല. കൃത്യമായ കണ്‍ഫോം ചെയ്ത ടിക്കറ്റുള്ളവര്‍ക്ക് മാത്രം റെയില്‍വെ സ്‌റ്റേഷനില്‍ പ്രവേശിക്കാം. രോഗലക്ഷണങ്ങളില്ലാത്തവര്‍ക്ക് മാത്രമേ യാത്ര ചെയ്യാന്‍ അനുവാദമുള്ളു. യാത്രക്കാര്‍ മുഖാവരണം നിര്‍ബന്ധമായും ധരിക്കണം. യാത്ര തിരിക്കുമ്പോള്‍ സ്‌ക്രീനിങ് പരിശോധനയ്ക്ക് വിധേയരാവണം.
എല്ലാ ട്രെയിനുകളും രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ യാത്ര ആരംഭിക്കുന്നതോ അവസാനിപ്പിക്കുന്നതോ ആയിരിക്കും. കേരളം, കര്‍ണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര, തെലങ്കാന, ഗോവ, അസം, ബീഹാര്‍, ഗുജറാത്ത്, പശ്ചിമബംഗാള്‍, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, തൃപുര, ഒഡീഷ, ജമ്മുകശ്മീര്‍ എന്നിവിടങ്ങളിലെ 15 സ്റ്റേഷനുകളെ ഡല്‍ഹിയുമായി ബന്ധിപ്പിച്ചാണ് ട്രെയിനുകള്‍.