തിരുവല്ല : ട്രെയിൻ യാത്രയ്ക്കിടെ യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ ട്രെയിൻ ടിക്കറ്റ് എക്സാമിനർ (ടിടിഇ) തൃക്കാക്കര സ്വദേശി പി.എച്ച്. ജോൺസനെതിരെ (54) റെയിൽവേ പോലീസ് കേസെടുത്തു. ഒളിവിൽ കഴിയുന്ന ജോൺസനെ റെയിൽവേ സസ്പെൻഡ് ചെയ്തു. കഴിഞ്ഞ 12ന് ഐലൻഡ് എക്സ് പ്രസ്സിൽ തിരുവല്ലയ്ക്കും ചെങ്ങന്നൂരിനും ഇടയിലായിരുന്നു 23 വയസ്സുള്ള യുവതിക്കു നേരെ ആക്രമണമുണ്ടായത്. തിരുവനന്തപുരത്തു നിന്ന് തിരുവല്ലയിലേക്കു വരികയായിരുന്നു യുവതി.
ടിടിഇ പരിചയപ്പെടുകയും ഭക്ഷണം വാഗ്ദാനം ചെയ്യുകയും ചെയ്തെങ്കിലും യുവതി വാങ്ങിയില്ല. തുടർന്ന് അശ്ലീലച്ചുവയിൽ സംസാരിക്കുകയും സ്പർശിക്കാൻ ശ്രമിക്കുകയും ചെയ്തു എന്നാണ് പരാതി. തിരുവല്ല സ്റ്റേഷനിൽ ഇറങ്ങുന്ന സമയത്തും ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചതായി യുവതിയുടെ പരാതിയിൽ പറയുന്നു. സ്റ്റേഷനിൽ കാത്തുനിന്ന അമ്മയോടു യുവതി വിവരം പറഞ്ഞു.
സ്റ്റേഷൻ മാനേജർക്കു പരാതി നൽകി. ട്രെയിൻ എറണാകുളം സ്റ്റേഷനിൽ എത്തിയപ്പോൾ റെയിൽവേ ടിടിഇയെ വിളിച്ചുവരുത്തി വൈദ്യപരിശോധന നടത്തി. കോട്ടയം റെയിൽവേ എസ്ഐ അരുൺ നാരായണന്റെ നേതൃത്വത്തിൽ റെയിൽവേ പോലീസ് യുവതിയുടെ വീട്ടിലെത്തി മൊഴിയെടുത്തു. ഒളിവിൽ പോയ ടിടിഇ കോട്ടയം ജില്ലാ കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്ന് ഹൈക്കോടതിയെ സമീപിച്ചു.