തിരുപവനന്തപുരം: വിദ്യാഭ്യാസ സമ്പ്രദായത്തില്‍ നിര്‍ണായകവും അവിഭാജ്യവുമായ ഘടകമാണ് അധ്യാപകര്‍ എന്നതില്‍ തര്‍ക്കമില്ല. ഒരു മികച്ച അധ്യാപകന്‍ ഒരു വിദ്യാര്‍ത്ഥിയുടെ വികാസത്തിനും വളര്‍ച്ചയ്ക്കും നിര്‍ണായകമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന വിദ്യാഭ്യാസത്തെക്കുറിച്ച് ആശങ്കപ്പെടാതിരിക്കാന്‍ പ്രാരംഭ അധ്യാപക പരിശീലനം മെച്ചപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണ്.
സ്‌കൂള്‍ തലത്തില്‍ അധ്യാപകര്‍ക്കുള്ള പരിശീലനത്തില്‍ സമഗ്രമാറ്റം വരുന്നു എന്നുള്ള വാര്‍ത്ത ഏറെ ചര്‍ച്ച ചെയ്യപ്പെടുകയാണ്. വിദ്യാഭ്യാസം ഡിജിറ്റലാവുകയും ലാപ്‌ടോപ്പ് പാഠപുസ്തകമാകുവയും ചെയ്തുവെങ്കിലും ഇതിനനുസരിച്ച് അധ്യാപകരുടെ ശേഷി വളര്‍ന്നിട്ടില്ലെന്ന് ഈ രംഗത്തുള്ള വിദഗ്ദ്ധര്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനം. വിദ്യാഭ്യാസ വകുപ്പ്, സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ പുതുതായി നിയമിക്കപ്പെടുന്ന അധ്യാപകര്‍ക്ക് ഇനി എസ്.സി.ഇ.ആര്‍.ടി നേരിട്ടു പരിശീലനം നല്‍കും.
സ്‌കൂളുകളില്‍ പുതുതായി നിയമിക്കപ്പെടുന്ന അധ്യാപകര്‍ക്കായി ‘നവാധ്യാപക പരിവര്‍ത്തന പരിപാടി’ ആരംഭിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് പൊതുവിദ്യാഭ്യാസവകുപ്പ്. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ പുതുതായി നിയമിക്കപ്പെടുന്ന അധ്യാപകര്‍ക്കാണ് എസ്.സി.ഇ.ആര്‍.ടി. നേരിട്ടു പരിശീലനം നല്‍കുന്നത്. അധ്യാപകപരിശീലനത്തിന്റെ സര്‍ട്ടിഫിക്കറ്റുണ്ടെങ്കിലേ സ്ഥാനക്കയറ്റം നല്‍കൂവെന്ന കോളജ് അധ്യാപകര്‍ക്കുള്ള വ്യവസ്ഥ സ്‌കൂളുകളിലും നടപ്പാക്കാനുള്ള ആലോചനയിലാണ് സംസ്ഥാന സര്‍ക്കാര്‍. നവാധ്യാപക പരിശീലനത്തിന്റെ ആദ്യഘട്ടം ചൊവ്വാഴ്ച തുടങ്ങും.
ആറുദിവസം അധ്യാപകര്‍ താമസിച്ചു പരിശീലനം നേടും വിധത്തില്‍ തയ്യാറാക്കിയതാണ് പരിപാടിയെന്ന് എസ്.സി.ഇ.ആര്‍.ടി. ഡയറക്ടര്‍ ഡോ. കെ.ആര്‍. ജയപ്രകാശ് പറഞ്ഞു. കാലംമാറുന്നതിനനുസരിച്ച് അധ്യാപകരുടെ ശേഷി വാര്‍ത്തെടുക്കാനാണ് പരിശീലനമെന്ന് സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ഡോ. എം.ടി. ശശി വ്യക്തമാക്കി. നിലവില്‍ രണ്ടോമൂന്നോ ദിവസം നീളുന്ന വേനല്‍ക്കാല പരിശീലനം അധ്യാപകര്‍ക്കുണ്ട്. ഇത് റെസിഡന്‍ഷ്യല്‍ രീതിയല്ല.
പരിശീലനത്തിനുള്ള മൊഡ്യൂള്‍ തയ്യാറാക്കി നല്‍കുകയാണ് എസ്.സി.ഇ.ആര്‍.ടി. ചെയ്യാറ്. ഈ രീതിക്കാണ് ഇനി മാറ്റമുണ്ടാകുന്നത്. പുതിയ കാലത്തെ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ പാകത്തില്‍ അധ്യാപകരെ ആശയപരമായും സാങ്കേതികപരമായും മികവുറ്റതാക്കുകയാണ് ലക്ഷ്യം. 2019 ജൂണ്‍ ഒന്നിനുശേഷം സര്‍വീസില്‍ പ്രവേശിച്ച ഹൈസ്‌കൂള്‍ അധ്യാപകര്‍ക്കാണ് ആദ്യഘട്ടത്തില്‍ പരിശീലനം. ഓരോ ജില്ലയിലും ഓരോ വിഷയത്തിലാണ് പരിശീലനം. എസ്.സി.ഇ.ആര്‍.ടി പരിശീലന ശേഷം സര്‍ട്ടിഫിക്കറ്റ് നല്‍കും.
അതേസമയം, ജോലി ഭാരത്താല്‍ സ്ഥാനക്കയറ്റം വേണ്ടെന്നു വയ്ക്കുന്ന അധ്യാപകരും നമുക്കിടയില്‍ ധാരളമായുണ്ട്. ആഴ്ചയില്‍ രണ്ടു ദിവസം അവധി, രണ്ടു മാസം വെക്കേഷന്‍, ഓണത്തിനും ക്രിസ്മസിനും പത്തു ദിവസം അവധി. ഇങ്ങനെ സ്‌കൂള്‍ അധ്യാപകരുടെ ജോലി വളരെ എളുപ്പമാണെന്ന ധാരണയാണ് പലര്‍ക്കുമുള്ളത്. അധ്യാപകര്‍ക്കും പ്രധാനാധ്യാപകര്‍ക്കും ജോലി പലപ്പോഴും മുള്‍ കിരീടമാകാറുണ്ടെന്നുള്ളതാണ് വാസ്തവം.
സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളിലെ ഉച്ചഭക്ഷണത്തിന്റെ ചുമതല വഹിക്കുന്നതാണ് അധ്യാപകര്‍ നേരിടുന്ന പ്രധാന വെല്ലുവിളി. പലപ്പോഴും കൈയ്യില്‍ നിന്നും പണം ധാരാളമായി ചെലവാകുന്നുണ്ടെന്ന് അധ്യാപകര്‍ പരാതി പറയാറുണ്ട്. ശിശുദിനം, ലഹരി വിരുദ്ധ പരിപാടികള്‍, കലോത്സവം എന്നിങ്ങനെ പരിപാടികള്‍ നടത്താന്‍ സര്‍ക്കുലര്‍ വന്നു പരിപാടിയും നടത്തി മാസങ്ങള്‍ കഴിഞ്ഞേ ഫണ്ട് കിട്ടൂ. അടിയന്തരമായ നിര്‍മാണ ചെലവുകളും വഹിക്കണം. സ്‌കൂള്‍ വാഹനമുണ്ടെങ്കില്‍ അതിന്റെ അറ്റകുറ്റപ്പണി, ഇന്ധന ചെലവ്, ഡ്രൈവര്‍ക്കും ആയയ്ക്കുമുള്ള ശമ്പളം എന്നിങ്ങനെയുള്ള ചെലവു വേറെ.