കോയമ്പത്തൂര്‍: ട്രാന്‍സ്ജെന്‍ഡര്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്‍റ് സംഗീതയെയാണ് വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇവരുടെ മൃതദേഹം ഒരു ബ്ലാങ്കറ്റില്‍ പൊതിഞ്ഞ് പ്ലാസ്റ്റിക് ഡ്രമ്മിനുള്ളിലാക്കിയ നിലയിലായിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട്.
ഇക്കഴിഞ്ഞ ഞായറാഴ്ച മുതല്‍ സംഗീതയെ ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ലെന്നാണ് അസോസിയേഷനിലെ അംഗങ്ങള്‍ പറയുന്നത്. ഇതില്‍ അസ്വാഭാവികതയും ആശങ്കയും തോന്നിയ ഇവരില്‍ ചിലര്‍ കഴിഞ്ഞ ദിവസം സംഗീത സായ് ബാബ കോളനിയിലുള്ള സംഗീതയുടെ വീട്ടിലെത്തി. എന്നാല്‍ ഇതിനകം തന്നെ ഇവരുടെ വീടിനുള്ളില്‍ നിന്നും രൂക്ഷഗന്ധം ഉയര്‍ന്നതോടെ പരിസരവാസികള്‍ പോലീസിലും വിവരം അറിയിച്ചിരുന്നു.
സ്ഥലത്തെത്തിയ പോലീസാണ് സംഗീതയുടെ മൃതദേഹം കണ്ടെടുത്തത്. കഴുത്തില്‍ പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ ഇതിനായി ഉപയോഗിച്ച ആയുധം ഏതാണെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല എന്നാണ് പോലീസ് പറഞ്ഞതെന്നാണ് അസോസിയേഷന്‍ അംഗങ്ങള്‍ പറയുന്നത്. സംഗീതയുടെ മൃതദേഹം തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടത്തിനായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. കൃത്യത്തിന് പിന്നില്‍ ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
–
കോയമ്ബത്തൂരിലെ അറിയപ്പെടുന്ന ഒരു ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റും സംരഭകയുമാണ് സംഗീത. ഈയടുത്ത് ആര്‍എസ് പുരത്ത് ‘കോവൈസ് ട്രാന്‍സ് കിച്ചണ്‍’ എന്ന പേരില്‍ ഒരു പുതിയ റെസ്റ്ററന്‍റ് ഇവര്‍ ആരംഭിച്ചിരുന്നു. സെപ്റ്റംബറില്‍ പ്രവര്‍ത്തനം തുടങ്ങിയ ഇവിടെ ജോലി ചെയ്യുന്ന എല്ലാവരും തന്നെ ട്രാന്‍സ്ജെന്‍ഡറുകളാണ്. കോവിഡ് മഹാമാരി മൂലം ദുരിതത്തിലായ തന്‍റെ കമ്മ്യൂണിറ്റിയിലെ ആളുകളെ സഹായിക്കുന്നതിനായാണ് ഇത്തരമൊരു സംരഭം അവര്‍ തുടങ്ങിയത് തന്നെ.
–
സംഗീതയുടെ കൊലപാതകികളെ എത്രയും വേഗം കണ്ടെത്തണമെന്നാവശ്യം ഉന്നയിച്ച് ഇവരുടെ കമ്മ്യൂണിറ്റി അംഗങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. തങ്ങളുടെ വിഭാഗങ്ങള്‍ക്കായി നിരവധി ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തിയ ഒരാള്‍ക്ക് ഇത്രയും ഭീകരമായ ഒരു അന്ത്യം ഉണ്ടായത് സഹിക്കുന്നില്ല എന്നാണ് പലരുടെയും പ്രതികരണം. കുറ്റവാളികളെ എത്രയും വേഗം തന്നെ കണ്ടെത്തി ശിക്ഷ ഉറപ്പാക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.