പത്തനംതിട്ട : കൊല്ലവർഷം 1200 ലെ മണ്ഡലം – മകരവിളക്ക് മഹോത്സവത്തിന് ശബരിമല ദർശനത്തിന് എത്തി മടങ്ങുന്ന അയ്യപ്പഭക്തരിൽനിന്നും ദർശനവും മറ്റ് സൗകര്യങ്ങളെയും സംബന്ധിച്ചും സംതൃപ്തമായ റിപ്പോർട്ടുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പി എസ് പ്രശാന്ത്. ഇത് ഒരു കൂട്ടായ്മയുടെ വിജയമാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും സർക്കാരിന്റെ നേതൃത്വത്തിലുള്ള ഇരുപതിലേറെ ഡിപ്പാർട്ട്മെന്റുകളുടെയും ഒന്നിച്ചുള്ള പ്രവർത്തനമാണ് ഇതിന് പിന്നിലുള്ളത്. പാർക്കിംഗ്, അടിസ്ഥാനസൗകര്യം, ശുദ്ധജലം, ലഘുഭക്ഷണം, പ്രസാദം, വഴിപാടുകൾ, അന്നദാനം ഇവയിലെല്ലാം കൂടുതൽ മുൻകരുതലുകൾ എടുക്കുവാൻ കഴിഞ്ഞത് നേട്ടമായി. പോലീസ് ശക്തവും സുരക്ഷിതവുമായ ക്രൗഡ് മാനേജ്‌മെന്റ് സിസ്റ്റമാണ് നടപ്പിലാക്കി കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിലൂടെ അറിയിച്ചു.
ദർശന സമയം കൂട്ടിയതും പതിനെട്ടാം പടിയിൽ പോലീസുകാരുടെ ഡ്യൂട്ടി സമയം കുറച്ചതും പതിനെട്ടാം പടിയിൽ ഡ്യൂട്ടിയിൽ ഉള്ളവർക്കായി കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയതും കാരണം ഒരു മിനിറ്റിൽ ശരാശരി 80 പേരെ പതിനെട്ടാംപടി കയറ്റാൻ കഴിയുന്നുണ്ട്. ഇത് തിരക്ക് ഒഴിവാക്കുന്നതിൽ നിർണായകമായി. പമ്പയിൽ ഒരുക്കിയ ജർമ്മൻ പന്തലും നടപന്തലുകളും സന്നിധാനത്തെ പന്തലുകളും ഭക്തർക്ക് ഏറെ ആശ്വാസകരമായി. ശരംകുത്തി മുതൽ വലിയ നടപ്പന്തൽ വരെ കിയോസ്ക്കുകൾ സ്ഥാപിച്ച് ശുദ്ധജലവും ആവശ്യത്തിന് ലഘുഭക്ഷണവും നൽകിവരുന്നു. വൃശ്ചികം ഒന്നായപ്പോഴത്തേക്കും അരവണയുടെ കരുതൽ ശേഖരം 40 ലക്ഷത്തിലേക്ക് എത്തിക്കാൻ സാധിച്ചത് ഭക്തർക്ക് അപ്പവും അരവണയും യഥേഷ്‌ടം നൽകുന്നതിന് സഹായകരമായി.സ ന്നിധാനത്ത് എത്തിച്ചേരുന്ന ഭക്തർക്കായി തിരുവിതാംകൂർ ദേവസ്വം ബോർഡ് മൂന്ന് നേരവും യഥേഷ്ടം അന്നദാനം നൽകുന്നുണ്ട്.
നട തുറന്നു ഒമ്പത് ദിവസം പൂർത്തിയാകുമ്പോൾ അയ്യപ്പ ദർശനത്തിനായി സന്നിധാനത്ത് എത്തിച്ചേർന്നത് 612,290 തീർത്ഥാടകരാണ്. ഇക്കാലയളവിൽ 303,501 തീർത്ഥാടകർ കഴിഞ്ഞ വർഷത്തേക്കാൾ കൂടുതലായി എത്തി. 9 ദിവസം പൂർത്തിയാകുമ്പോൾ 416,400,065/- രൂപയാണ് വരുമാനമായി ലഭിച്ചത്. ഇതു മുൻ വർഷത്തേക്കാൾ 133,379,701/- രൂപ കൂടുതലാണ്. തീർത്ഥാടകർക്കായി മൂന്ന് തൽസമയ ഓൺലൈൻ ബുക്കിംഗ് കേന്ദ്രങ്ങളാണ് ഒരുക്കിയിട്ടുള്ളത് ( വണ്ടിപ്പെരിയാർസത്രം, എരുമേലി, പമ്പ ). പമ്പ മണപ്പുറത്ത് വിപുലമായ സംവിധാനമാണ് തത്സമയ ബുക്കിങ്ങിനായി ക്രമീകരിച്ചിട്ടുള്ളത്. ഇവിടെ ഭക്തർക്ക് ഒരു ആശങ്കയുടെയും ആവശ്യമില്ല. എത്രപേർ എത്തിയാലും സുഗമമായി ദർശനം നടത്തുവാനുള്ള തൽസമയ ഓൺലൈൻ ബുക്കിംഗ് സംവിധാനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പമ്പയിൽ ഒരുക്കിയിട്ടുണ്ട്. ഒരാൾക്കുപോലും ദർശനം കിട്ടാതെ മടങ്ങി പോകുവാനുള്ള സാഹചര്യം ഉണ്ടാവുകയില്ല.
ഓരോ ഭക്തനും ആധാർ കാർഡോ ആധാർ കാർഡിന്റെ പകർപ്പോ കയ്യിൽ കരുതണം എന്ന് മാത്രം. ശബരിമലയെ പ്ലാസ്റ്റിക് മുക്തമാക്കുന്നതിന് വേണ്ടി ഇരുമുടിക്കെട്ടിൽ പ്ലാസ്റ്റിക് കൊണ്ടുവരരുതെന്ന് തന്ത്രി കണ്ഠരര് രാജീവരര് നിർദ്ദേശിച്ചിരുന്നു. എങ്കിലും ഇപ്പോഴും പ്ലാസ്റ്റിക് ഇരുമുടിക്കെട്ടിൽ കൊണ്ടുവരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അതിനാൽ ഒരു കാരണവശാലും ശബരിമല പൂങ്കാവനത്തിലേക്ക് പ്ലാസ്റ്റിക് കൊണ്ടുവരരുതെന്ന തന്ത്രിയുടെ നിർദ്ദേശം കർശനമായി പാലിക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അഭ്യർത്ഥിക്കുന്നു. പുണ്യനദിയായ പമ്പയെ മലിനമാക്കുന്ന തരത്തിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കരുതെന്നും ഇത്തരത്തിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നത് ആചാരമല്ലെന്നും അയ്യപ്പഭക്തരെ ഓർമിപ്പിക്കുന്നു .