ഒരൊറ്റ ദിവസം പോയിട്ട് ഒരാഴ്ചയെടുത്താൽ പോലും കണ്ടുതീരാത്തത്ര സ്ഥലങ്ങൾ ഇടുക്കിയിലുണ്ട്. പോകുന്ന പോക്കിൽ പറ്റുന്നത്രയും ഇടങ്ങൾ കണ്ടിറങ്ങുക എന്നതാവും ഇടുക്കിക്ക് പോകുമ്പോൾ നമ്മടെ ലക്ഷ്യം. അങ്ങനെയെങ്കിൽ ഒരു അണക്കെട്ടും തൂക്കുപാലവും കണ്ട് ഓഫ്റോഡ് ജംഗിൾ സഫാരിയും തേയിലത്തോട്ടങ്ങളും കണ്ട് വന്നാലോ? ഇത്രയും കാഴ്ച ഒറ്റ യാത്രയിൽ കാണാൻ പറ്റുമോ എന്നാവും സ്വാഭാവികമായും നിങ്ങളുടെ സംശയം. പറ്റും! എങ്ങനെയെന്നല്ലേ.. കോട്ടയം കെഎസ്ആർടിസിയുടെ ജംഗിൾ സഫാരിയാണ് ഇത്തരമൊരു യാത്ര ഒരുക്കുന്നത്. രാവിലെ പുറപ്പെട്ട് അന്ന് രാത്രിയോടെ മടങ്ങിയെത്തുന്ന യാത്രയിൽ കുട്ടികൾക്കും മുതിർന്നവര്‍ക്കും പങ്കെടുക്കാം. യാത്രയിലെ ആദ്യ ലക്ഷ്യസ്ഥാനം ഭൂതത്താൻകെട്ട് ഡാം ആണ്. തുടർന്ന് ഇഞ്ചത്തൊട്ടി തൂക്കുപാലം, മാമലക്കണ്ടം, മാങ്കുളം ആനക്കുളം വഴി ലച്ച്മി എസ്റ്റേറ്റ് ജംഗിൾ സഫാരിയാണ് ഈ യാത്രയിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്. യാത്രയിലെ ഓരോ ഇടങ്ങളും വിശദമായി പരിചയപ്പെടാം.
ഭൂതത്താൻകെട്ട് ഡാം
എറണാകുളം ജില്ലയുടെ ഭാഗമായ ഭൂതത്താൻകെട്ട് അണക്കെട്ട് ഏകദിന സാഹസിക യാത്രകൾക്കും സൈറ്റ് സീയിങ്ങിനും പറ്റിയ സ്ഥലമാണ്. പെരിയാർ നദിക്ക് കുറുകെ നിർമ്മിച്ചിരിക്കുന്ന ഈ അണക്കെട്ട് ഭൂതങ്ങൾ കെട്ടിയത് ആണെന്നാണ് വിശ്വാസം. തട്ടേക്കാടിന് സമീപം സ്ഥിതി ചെയ്യുന്ന അണക്കെട്ടിലൂടെയുള്ള ബോട്ടിങ്, സമീപത്തെ കാട്ടിലൂടെയുള്ള നേച്ചർ വാക്ക് എന്നിവയാണ് ഇവിടുത്തെ ആകർഷണങ്ങൾ.
—
ഇഞ്ചത്തൊട്ടി തൂക്കുപാലം
ഇടുക്കിയിലെ മനോഹരമായ കാഴ്ചയാണെങ്കിലും ചുരുങ്ങിയ കാലം മാത്രമായതേയുള്ളൂ സഞ്ചാരികൾക്കിടയിൽ ഇഞ്ചത്തൊട്ടി തൂക്കുപാലം സ്ഥാനം നേടിയിട്ട്. കേരളത്തിലെ ഏറ്റവും നീളം കൂടിയ പാലങ്ങളിൽ ഒന്നാണിത്. പെരിയാറിന് കുറുകെ നിർമ്മിച്ചിരിക്കുന്ന പാലം തനി ഗ്രാമീണമായ കാഴ്ചകൾ നല്കുന്ന ഇടമാണ്. ഫോട്ടോ ഷൂട്ടിനൊക്കെ ഇവിടെ സ്ഥിരം ആളുകൾ എത്തുന്നു.
—
മാമലക്കണ്ടം മാങ്കുളം ആനക്കുളം വഴി
ലച്ച്മി എസ്റ്റേറ്റ് ജംഗിൾ സഫാരി ഇഞ്ചത്തൊട്ടി കണ്ടിറങ്ങുമ്പോൾ പിന്നെ യാത്ര ഓഫ്റോഡ് മോഡിലേക്ക് മാറും. എറണാകുളം-ഇടുക്കി ജില്ലകളിലായി നിങ്ങള്‍ക്ക് ചെയ്യാൻ പറ്റിയ ഏറ്റവും മികച്ച ഓഫ്റോഡ് യാത്രകളിലൊന്നാണ് ഇത്. കാടിനു നടുവിലായി സ്ഥിതി ചെയ്യുന്ന മനോഹര ഗ്രാമങ്ങളിലൊന്നാണ് മാമലക്കണ്ടം. കേരളത്തെ വ്യത്യസ്തമായി, മലയിറങ്ങി കുന്നുകയറി വെള്ളച്ചാട്ടങ്ങളും ഓഫ്റോഡിങ്ങും നടത്തി പരിചയപ്പെടാൻ മാമലക്കണ്ടത്തോളം മികച്ച വഴി വേറെയില്ല. മാങ്കുളം മറ്റൊരു ലോകമാണ്. വെള്ളച്ചാട്ടങ്ങൾ, മനോഹരമായ കുന്നും മലകളും, ആനകള്‍ വെള്ളം കുടിക്കാനെത്തുന്ന പുഴ എന്നിങ്ങനെ സമൃദ്ധമാണ് മാങ്കുളത്തെ ലോകം.
തൂക്കുപാലവും ഏറുമാടവും ഒക്കെ കണ്ട് വരാന്‍ പറ്റിയ ഇവിടം ഗ്രാമീണ സൗന്ദര്യത്തിനും സാഹസിക കാഴ്ചകൾക്കും വിനോദങ്ങൾക്കും പ്രസിദ്ധമാണ്. ഇവിടുന്ന് ലച്ച്മി എസ്റ്റേറ്റ് വഴിയുള്ള ജംഗിൾ സഫാരി മറ്റൊരനുഭവമാണ് നല്കുന്നത്. തേയിലത്തോട്ടങ്ങൾക്കു നടുവിലൂടെയുള്ള വഴിയിലൂടെ ആനവണ്ടിയില്‍ ഉള്ള യാത്ര മറ്റൊരു റൂട്ടിനും തരാന്‍ പറ്റുന്ന ഒന്നല്ല. തിരികെ രാത്രി 11.00 മണിക്ക് കോട്ടയം കെഎസ്ആർടിസി ഡിപ്പോയിൽ എത്തിച്ചേരും. ഉച്ചഭക്ഷണം അടക്കം ടിക്കറ്റ് ചാർജ് ഒരാൾക്ക് 950 രൂപയാണ് ഈടാക്കുന്നത്. വാഹനങ്ങളിൽ കോട്ടയം ഡിപ്പൊയിൽ എത്തുന്നവർക്ക് പാർക്കിങ്ങ് സൗകര്യം ലഭ്യമാണ്. ഉച്ചഭക്ഷണം ഒഴികെയുള്ള ഭക്ഷണ ചെലവുകൾ യാത്രക്കാർ തന്നെ വഹിക്കേണ്ടതാണ്. കാലാവസ്ഥയനുസരിച്ച് യാത്ര ദിവസങ്ങളിൽ മാറ്റം വരാം. എല്ലാ യാത്രകളും സീറ്റുകൾ നിറഞ്ഞതിന് ശേഷം മാത്രമാണ് നടക്കുക. നേരിട്ട് കോട്ടയം ഡിപ്പോയിലെത്തി പണം അടച്ച് സീറ്റ് ബുക്ക് ചെയ്യാവുന്നതാണ്. അന്വേഷണങ്ങൾക്കും ബുക്കിംഗിനും രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ വിളിക്കാം