വാഗമണ്ണിലെ മഴ നനഞ്ഞിട്ടുണ്ടോ? തുള്ളിക്കൊരു കുടം കണക്കിനു പെയ്യുന്ന മഴ, അത് തീരുംമുന്‍പേ ചുറ്റിലും കോട മഞ്ഞും വന്നു നിറയും. പിന്നെ ചുറ്റുമുള്ളതൊന്നും കാണാനാവില്ല. മഴ മെല്ലെ തോർന്ന ശേഷം വാഗമണ്ണിന്റെ കാഴ്ചകളിലേക്കിറങ്ങാം. അങ്ങനെയെങ്കിൽ എത്ര തവണ പോയാലും പുതിയതായി എന്തെങ്കിലുമൊക്കെ കാത്തുവെക്കുന്ന വാഗമണ്ണിന്റെ കുന്നു കയറിയാലോ.. വിളിക്കുന്നത് മറ്റാരുമല്ല, ബജറ്റ് ടൂറിസം സെല്ലാണ്. ഓണാഘോഷം കഴിഞ്ഞ് സദ്യയുടെ ആലസ്യത്തിൽ ഇരിക്കുന്ന നേരത്ത് മഴയും കോമഞ്ഞും കണ്ടു വരുവാൻ പറ്റിയ കിടിലൻ പാക്കേജ് അവതരിപ്പിച്ചിരുക്കുന്നത് കെ എസ് ആര്‍ ടി സി തിരുവനന്തപുരം സിറ്റി ബജറ്റ് ടൂറിസം സെല്ലാണ്.വാഗമണ്ണ് മാത്രമല്ല,ക്യാംപ് ഫയറും ഡിന്നറും ഓഫ്റോഡ് യാത്രയും പിന്നെ വളരെ കുറഞ്ഞ കാലം കൊണ്ട് സഞ്ചാരികളുടെ മനസ്സിൽ കയറിപ്പറ്റിയ പരുന്തുംപാറയും കൂടി കണ്ടാവും മടക്കം.
ഓഗസ്റ്റ് 30 ബുധനാഴ്ച രാവിലെ ഡിപ്പോയിൽ നിന്നു പുറപ്പെടുന്ന രണ്ടുദിവസ യാത്രയിൽ ആദ്യ ലക്ഷ്യസ്ഥാനം വാഗമൺ ആണ്. ഈ യാത്രയുടെ ശരിക്കുമുള്ള ഹരം തുടങ്ങുന്നത് ഈരാറ്റുപേട്ടയില്‍ നിന്നുള്ള യാത്രയോടെയാണ്. ഒരു വശത്തും കാടും മറുവശത്ത് പാറക്കൂട്ടം ചീകിയരിഞ്ഞ ഇടവും ഒക്കെയായി കാഴ്ചകളാൽ സമ്പന്നമാണ് ഈ റൂട്ട്. ഈരാറ്റുപേട്ടയിൽ നിന്ന് 24 കിലോമീറ്ററാണ് വാഗമണ്ണിലേക്കുള്ള ദൂരം. ഇതത്രയും പച്ചപ്പും കോടമഞ്ഞും നിറഞ്ഞു നിൽക്കുകയാണ്. ആദ്യ ദിവസം മുഴുവനും വാഗമണ്ണിന്റെ വിവിധ കാഴ്ചകൾ കാണാം. വെള്ളച്ചാട്ടങ്ങളും വ്യൂ പോയിന്റുകളും ഇടയ്ക്കിടെയെത്തുന്ന മഴയും വാഗമണ്ണിലെ കറക്കത്തിന് മസ്റ്റ് ആണ്. വാഗമൺ തടാകം, പൈൻ മരക്കാട്, തങ്ങള് പാറ, കുരിശുമല, മൊട്ടക്കുന്ന്, തേയിലത്തോട്ടം ന്നിങ്ങനെ നടന്നു കാണേണ്ടതും പോയിരുന്ന് കാഴ്ചകൾ ആസ്വദിക്കേണ്ടതുമായ നിരവധി ഇടങ്ങുണ്ട്. അതെല്ലാം പരമാവധി ആസ്വദിക്കാം.
കുളിരിറങ്ങി വരുന്ന വാഗമണ്ണിലെ കാലാവസ്ഥയില്‍ ഒരു ക്യാംപ് ഫയറ്‍ കൂടിയുണ്ടെങ്കിലോ? തണുപ്പു മാറാന്ഡ തീയ്ക്ക് ചുറ്റുമിരുന്ന് കഥ പറഞ്ഞും പാട്ടും ഡാൻസും ഒക്കെയായി ആഘോഷിക്കാം. ശേഷം ഡിന്നറും കൂടി ആദ്യ ദിവസത്തെ പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അന്ന് രാത്രിയിലെ താമസം വാഗമണ്ണിൽ തന്നെയാണ്. യാത്രയുടെ രണ്ടാം ദിവസമായ ഓഗസ്റ്റ് 31 വ്യാഴാഴ്ച കാത്തിരിക്കുന്നത് സാഹസികയാണ്. വാഗമണ്ണിലൂടെയുള്ള ഓഫ് റോഡ് സഫാരിയാണിതിലാദ്യം. അതിനു ശേഷം വണ്ടി പരുന്തുംപാറയിലേക്ക് പോകും. കുറേ കുന്നുകളും കോടമഞ്ഞും മഴയും കാറ്റും ചേരു്ന ഇടമാണ് പരുന്തുംപാറ. ചെന്നുകയറുമ്പോൾ മഴയും മഞ്ഞും ഒരുമിച്ച് സ്വീകരിക്കാനെത്തിയാലും അത്ഭുതപ്പെടേണ്ട. അതീവഭംഗിയാര്‌ന്ന വ്യൂ പോയിന്റുകളാണ് ഇവിടെയുള്ളത്. ഇവിടെ കുറച്ചു നേരം ചെലവഴിച്ച ശേഷം തിരികെ മടക്കം.
കെ എസ് ആര്‍ ടി സി സൂപ്പർ ഡീലക്സ് ബസിലായിരിക്കും യാത്ര. യാത്ര പോകുന്ന ദിവസത്തെ ഇച്ചഭക്ഷണം, വാഗമണ്ണിലെ താമസം, ക്യാംപ് ഫയർ, ഡിന്നർ എന്നിവയും രണ്ടാംദിവസത്തെ രാവിലെയുള്ള ഭക്ഷണം ഉച്ചയ്ക്കത്തെ ഊണ്, സ്റ്റേ ചെയ്യുന്നതിനുള്ള സൗകര്യം, ജീപ്പ് സഫാരി, ഡീലക്സ് ബസ്സ് ചാർജ് ഉൾപ്പെടെ ഒരാൾക്ക് Rs:2950/- രൂപയാണ് നിരക്ക്.