ആറന്മുള വള്ളസദ്യയുണ്ട്, പഞ്ചപാണ്ഡവർ പ്രതിഷ്ഠ നടത്തിയെന്ന് വിശ്വസിക്കുന്ന ക്ഷേത്രങ്ങളിലൂടെ ഒരു തീർത്ഥയാത്ര പോയാലോ? വിശ്വാസികളും സഞ്ചാരികളും ഒരുപോലെ കാണമെന്നും പങ്കെടുക്കണമെന്നും ആഗ്രഹിക്കുന്ന അപൂർവ്വ കാഴ്ചകളിലേക്കും വിശ്വാസങ്ങളിലേക്കും ഇത്തവണയും കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെൽ യാത്രയൊരുക്കുകയാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ കീഴിലുള്ള ദേവസ്വങ്ങളുമായും പള്ളിയോട സേവാ സമിതികളുമായും സഹകരിച്ച് നടത്തുന്ന ഈ യാത്ര “മഹാഭാരത ചരിത്രത്തിലൂടെ ഒരു തീർത്ഥാടനയാത്ര ” എന്ന ടാഗ് ലൈനിലാണ് ഈ വർഷം നടത്തുന്നത്. യാത്രയെക്കുറിച്ചും സന്ദർശിക്കുന്ന ക്ഷേത്രങ്ങൾ, ടിക്കറ്റ് നിരക്ക് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വിശദമായി വായിക്കാം.
പഞ്ചപാണ്ഡവ ക്ഷേത്രങ്ങള്‍
മഹാഭാരതത്തിലെ വനവാസക്കാലത്ത് പാണ്ഡവർ തങ്ങളുടെ മാതാവായ കുന്തിദേവിക്കൊപ്പം ഇവിടെ വസിച്ചിരുന്നുവെന്നും പാണ്ഡവർ തങ്ങളുടെ ആരാധനയ്ക്കായി ക്ഷേത്രങ്ങൾ സ്ഥാപിച്ച് പ്രതിഷ്ഠ നടത്തിയെന്നുമാണ് വിശ്വാസം. ഒരേ ദിവസം തന്നെ ഇവിടെ ദർശനം നടത്തുന്നതിന് സവിശേഷ പ്രാധാന്യമുണ്ടെന്നാണ് കണക്കാക്കുന്നത്. ഇന്ത്യയിലെ നൂറ്റിയെട്ട് വൈഷ്ണവ മഹാക്ഷേത്രങ്ങളിൽ ഉൾപ്പെടുന്നതാണ് പഞ്ചപാണ്ഡവ ക്ഷേത്രങ്ങൾ.
യുധിഷ്ഠിരന്‍ പ്രതിഷ്ഠ നടത്തിയ ക്ഷേത്രമാണ് തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രം, ഭീമന്‍ പ്രതിഷ്ഠ നടത്തിയ തൃപ്പുലിയൂര്‍ മഹാവിഷ്ണു ക്ഷേത്രം, അർജുനന്‍ ആരാധിച്ചിരുന്ന തിരുവാറൻമുള പാർഥസാരഥിക്ഷേത്രം, നകുലന്‍ നിര്‍മ്മിച്ച തിരുവന്‍വണ്ടൂര്‍ മഹാവിഷ്ണു-ഗോശാലകൃഷ്ണ ക്ഷേത്രം, സഹദേവന്‍ സ്ഥാപിച്ച തൃക്കൊടിത്താനം മഹാവിഷ്ണു ക്ഷേത്രം എന്നിവയാണ് പഞ്ചപാണ്ഡവ ക്ഷേത്രങ്ങൾ എന്നറിയപ്പെടുന്നത്. പഞ്ചപാണ്ഡവ ക്ഷേത്രങ്ങളിൽ മഹാവിഷ്ണു ആണ് പ്രതിഷ്ഠയെങ്കിലും ഓരോ ഭാവത്തിലാണുള്ളത്.
ഇതിനൊപ്പം പാണ്ഡവമാതാവായ കുന്തി ദേവി ചെളി കൊണ്ട് നവിഗ്രഹമുണ്ടാക്കി പ്രതിഷ്ഠിച്ച മുതുകുളം പാണ്ടവര്‍കാവ് ദേവീക്ഷേത്രവും സന്ദർശിക്കും. പാണ്ഡവർ പാതിവഴിയിൽ നിർമ്മാണം ഉപേക്ഷിച്ചു എന്നു വിശ്വസിക്കപ്പെടുന്ന തൃക്കക്കുടി ഗുഹാ ക്ഷേത്രവും യാത്രയിൽ സന്ദര്‍ശിക്കും.
ആറന്മുള വള്ളസദ്യ
ഈ യാത്രയിൽ പങ്കെടുക്കുന്നവർക്ക് ആറന്മുള വള്ളസദ്യ കഴിക്കുവാനും ആറന്മുള കണ്ണാടിയുടെ നിർമ്മാണം നേരിൽ കാണുന്നതിനും അവസരമുണ്ടായിരിക്കും. ആറൻമുള പള്ളിയോട സേവാ സംഘങ്ങളുടെ നേത്യത്വത്തിൽ ജൂലൈ 23 മുതൽ ഒക്ടോബർ 2 വരെയാണ് ആറന്മുള വള്ളസദ്യ നടക്കുന്നത്. കരക്കാർക്ക് മാത്രം നൽകുന്ന 20 വിഭവങ്ങൾ ഒഴികെയുള്ള മറ്റ് 44 വിഭവങ്ങൾ ഉൾപ്പെടുന്ന വള്ളസദ്യയിലും യാത്രക്കാർക്ക് പങ്കെടുക്കാം. യാത്രയിൽ സന്ദർശിക്കുന്ന ഓരോ സ്ഥലങ്ങളെയും കുറിച്ച് യാത്രക്കാർക്ക് മനസ്സിലാകുവാനും പരിചയപ്പെടുവാനും ഓഡിയോ ടൂർ ഗൈഡും ഉണ്ടായിരിക്കും. ക്ഷേത്രങ്ങളെക്കുറിച്ചും അവയുടെ പ്രത്യേകതകൾ, ആചാരാനുഷ്ഠാനങ്ങൾ, വഴിപാടുകൾ, ചരിത്രം തുടങ്ങിയ കാര്യങ്ങളെല്ലാം യാത്രക്കാർക്ക് ഓഡിയോ ടൂർ വഴി പരിചയപ്പെടുകയും ചെയ്യാം.
രാവിലെ 7-7.30 വരെ തൃച്ചിറ്റാറ്റ് ക്ഷേത്ര ദർശനം
7.45-8.15- തൃപ്പുലിയൂർ ക്ഷേത്ര ദർശനം
8.30-9.00 – പ്രഭാതഭക്ഷണം
9.15-945 വരെ തിരുവണ്ടൂർ ക്ഷേത്ര ദർശനം
10.30-2.00- ആറന്മുള ക്ഷേത്ര ദർശനവും വള്ള സദ്യയും
2.00-3.15-ആറന്മുള കണ്ണാണി, വാസ്തുവിദ്യാ ഗുരുകുല കേന്ദ്രം സന്ദർശനം
3.45-4.15-കവിയൂർ തൃക്കുടി ഗുഹാ ക്ഷേത്രം
5.00-5.30-തൃക്കൊടിത്താനം ക്ഷേത്ര ദര്‍ശനം
6.45-7.15-മുതുകുളം പാണ്ഡവർകാവ് ക്ഷേത്ര ദർശനം എന്നിങ്ങനെയാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. അതിനു ശേഷം ഡിപ്പോയിലേക്ക് മടക്ക യാത്ര.