ഇന്ത്യയിൽ കണ്ടിരിക്കേണ്ട പത്ത് ഗ്രാമങ്ങളിലൊന്നായി പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് തിരഞ്ഞെടുക്കപ്പെട്ടതോടെ പാലക്കാട് ടൂറിസത്തിന് വെച്ചടി വെച്ചടി കയറ്റമാണ്. അവധിയും തിരക്കും നോക്കാതെ ആളുകൾ പാലക്കാട് കാണാൻ എത്തുകയാണ്. അവധി ദിവസങ്ങളിലെ തിരക്ക് പറയുകയും വേണ്ട. അങ്ങനെയെങ്കിൽ ഇനി വരുന്ന അവധിക്ക് നമുക്കും ഒരു പാലക്കാട് ട്രിപ്പ് പ്ലാൻ ചെയ്താലോ? പാലക്കാട് കാണാൻ ആഗ്രഹമുണ്ടെങ്കിൽ യാത്ര കെഎസ്ആർടിസി ബസിൽ പോകാം. ഗ്രാമങ്ങളിലൂടെ ചുറ്റി സഞ്ചരിച്ച് കാഴ്ചകൾ കണ്ടു പോകുന്ന രസം നമ്മുടെ കെഎസ്ആർടിസിക്കല്ലാതെ മറ്റാർക്കു തരാനാകും. ഇതാ മലപ്പുറം ബജറ്റ് ടൂറിസം സെൽ പാലക്കാട് കാഴ്ചകളിലേക്ക് ഒരു യാത്ര സംഘടിപ്പിക്കുകയാണ്. മലമ്പുഴ ഡാം, കാഞ്ഞിരപ്പുഴ ഡാം, പാലക്കാട് കോട്ട എന്നിവിടങ്ങൾ കണ്ട് വരുന്ന ഏകദിന യാത്രയുടെ ബുക്കിങ് പുരോഗമിക്കുകയാണ്.
പൂജാ അവധിയുടെ ഭാഗമായ ഒക്ടോബർ 23 തിങ്കളാഴ്ച രാവിലെ 7.00 മണിക്ക് മലപ്പുറം ഡിപ്പോയിൽ നിന്നും യാത്ര ആരംഭിക്കും. കാഞ്ഞിരപ്പുഴ അണക്കെട്ടിലാണ് ആദ്യ സ്റ്റോപ്പ്. കാഴ്ചകളും ബോട്ടിങ്ങും ഒക്കെ ആസ്വദിച്ച് വണ്ടിയിൽ കയറിയാൽ പിന്നെ നിർത്തുക പാലക്കാട് കോട്ടയിലാണ്. കോട്ടയെ ചുറ്റിയാണ് പാലക്കാട് നഗരം വളർന്നിരിക്കുന്നത്. ടിപ്പു സുൽത്താന്റെ പിതാവാ ഹൈദരാലി നിർമ്മിച്ച കോട്ടയ്ക്ക് ഒരുപാട് കഥകളും സ്വന്തമായുണ്ട്. ചരിത്രത്തിന്റെ ഒരധ്യായം തന്നെ പറയുന്ന കോട്ട ഇന്ന് കേന്ദ്ര പുരാവസ്തു വകുപ്പാണ് സംരക്ഷിക്കുന്നത്. കോട്ട കണ്ട് കഴിഞ്ഞ് മലമ്പുഴയിലേക്കാണ് പോകുന്നത്. മലമ്പുഴ കാണാതെ എന്തു മടക്കം അല്ലേ. ഒരു ഇരുപത് കൊല്ലം മുൻപേയുള്ള സ്കൂൾ വിനോദയാത്രകളിലെ താരമായിരുന്ന മലമ്പുഴയുടെ ഭംഗിയും കൗതുകവും ഇന്നും അതേപടിയുണ്ട്.
പാലക്കാട് യാത്രയിലെ വൈകുന്നേരം ഇവിടെയാണ് ചിലവഴിക്കുക. റിസർവോയറും അണക്കെട്ടും ഇവിടുത്തെ ഉദ്യാനവും ഒക്കെയായി വിശദമായി കാണേണ്ട കാഴ്ചകളുണ്ട്. സമയമെടുത്തു തന്നെ കാണാനായി രാത്രി എട്ടു മണി വരെ ഇവിടെ ചെലവഴിക്കാം. റോപ് വേ, മറ്റു വിനോദങ്ങൾ എന്നിവ ടിക്കറ്റ് നിരക്കിൽ ഉൾപ്പെട്ടിട്ടിട്ടില്ലെങ്കിലും സ്വന്തം ചെലവിൽ വേണമെങ്കിൽ ആസ്വദിക്കാം. പാലക്കാട് പാക്കേജിനെക്കുറിച്ച് അറിയാനും സീറ്റ് ലഭ്യത, ടിക്കറ്റ് നിരക്ക് തുടങ്ങിയ കാര്യങ്ങൾ തിരക്കാനും മലപ്പുറം കെഎസ്ആർടിസി ബജറ്റ് ടൂറിസം ജില്ലാ കോർഡിനേറ്ററുമായി ബന്ധപ്പെടാം. ഫോൺ- 9447203014.