മഴക്കാലത്ത് ആവേശം തീർക്കുന്ന ഇടമാണ് നെല്ലിയാമ്പതി. പച്ചപ്പിന്‍റെ വ്യത്യസ്തമായ നിറങ്ങളില്‍ മുങ്ങിക്കുളിച്ചു നിൽക്കുന്ന ഒരു നാട്. മടുപ്പിക്കാത്ത ഒട്ടുമേ ക്ഷീണം തോന്നിപ്പിക്കാത്ത എത്ര കണ്ടാലും തീരാത്ത കാഴ്ചകളുള്ള നാട്. മഴ പെയ്യുന്നത് ഒരു ഉത്സവം തന്നെയാക്കി ഇവിടേക്കെത്തുന്ന യാത്രക്കാർ കൊണ്ടാടാറുണ്ട്. ഒപ്പം മേഘങ്ങൾ കയ്യെത്തും ദൂരത്തെത്തുന്ന കാഴ്ചകളും കൂടിയാകുമ്പോൾ നെല്ലിയാമ്പതി വേറെ ലെവലിലെത്തും. പാവങ്ങളുടെ ഊട്ടിയാണ് സഞ്ചാരികൾക്ക് നെല്ലിയാമ്പതി. കോമഞ്ഞും മലനിരകളും വ്യൂ പോയിന്‍റുകളും ഒക്കെയായി ഒരു തരി പോലും മടുപ്പിക്കാത്ത ഇടം. വന്നെത്തിയാൽ പിന്നെ തിരിച്ചിറങ്ങാൻ അനുവദിക്കാത്ത വിധത്തില്‍ ചേര്‍ത്തു നിർത്തുന്ന പാലക്കാടൻ ഗ്രാമം. ഈ കാഴ്ചകളൊക്കെ കണ്ട് ഒരിക്കലെങ്കിലും ഇവിടം സന്ദർശിച്ചില്ലെങ്കിൽ വൻ നഷ്ടമാണെന്നു തോന്നുന്നില്ലേ. എങ്കിൽ യാത്രയ്ക്കുള്ള അവസരം ഇതാ വന്നു.
ഇതാ ഈ പാവങ്ങളുടെ ഊട്ടിയിലേക്ക് പോകാം. തൃശൂർ കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെല്ലാണ് നെല്ലിയാമ്പതി ഏകദിന യാത്രാ പാക്കേജ് ഒരുക്കിയിരിക്കുന്നത്. വലിയ ചെലവ് ഇല്ലാതെ നെല്ലിയാമ്പതിയും പോത്തുണ്ടി ഡാമും സീതാർകുണ്ട് വ്യൂ പോയിന്‍റും ഉൾപ്പെടെയുള്ള സ്ഥലങ്ങൾ കണ്ടുവരാം എന്നതാണ് ഈ യാത്രയുടെ ആകർഷണം. തൃശൂർ കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും രാവിലെ 7.00 മണിക്ക് പുറപ്പെടുന്ന യാത്രയിൽ വരാട്ടുമല, സീതാർക്കുണ്ട് വ്യൂ പോയിന്‍റ്, പോത്തുപാറ തേയിലത്തോട്ടം, കേശവൻ പാറ, പോത്തുണ്ടി ഡാം തുടങ്ങിയ സ്ഥലങ്ങളാണ് സന്ദര്‍ശിക്കുന്നത്.
കേട്ടുപരിചിതമായ പാലക്കാടൻ ചൂട് അമ്പേ മാറി നിൽക്കുന്ന നെല്ലിയാമ്പതിയിലേക്കുള്ള യാത്ര തന്നെ രസകരമാണ്. നെന്മാറയിലെത്തി അവിടുന്ന് പോത്തുണ്ടി അണക്കെട്ട് വഴിയുള്ള റോഡിലൂടെ ഹെയർപിൻ വളവുകൾ താണ്ടിയുള്ള യാത്ര ഒരു പ്രത്യേക അനുഭവം തന്നെയായിരിക്കും. പോത്തുണ്ടി ഡാമിന്‍റെ കാഴ്ചയും ബോട്ടിങ്ങും ഇവിടെയെത്തുന്നവരെ ആകർഷിക്കുന്നു. ചുരം കയറുന്നതിനു മുൻപ് സഞ്ചാരികൾക്കുള്ള ചെറിയ സ്റ്റോപ്പ് കൂടിയാണ് ഇവിടം. പോത്തുണ്ടിയില്‍ നിന്ന് നെല്ലിയാമ്പതി ചുരം കയറുന്നത് വേറൊരു ഫീൽ ആണ്. കിടിലൻ കാഴ്ചകളും ഫോട്ടോയ്ക്കുള്ള ഫ്രെയിമുകളും വഴിനീളെ കിടക്കുയാണ്. താഴെ വിശാലമായ കൃഷിയിടം മുതൽ തെങ്ങിൻതോട്ടങ്ങളും പാടങ്ങളും മാത്രമല്ല, പാലക്കാടൻ ഗ്യാപ്പും തേയിലത്തോട്ടങ്ങളുമെല്ലാം കാണാം.
ഇനി മുകളിലെത്തിയാലോ ഓറഞ്ച് തോട്ടങ്ങളുടെ കൗതുകമുണർത്തുന്ന കാഴ്ചയും കണ്ണുനിറയെ കാണാം. അടുത്ത പ്രധാന കാഴ്ച സീതാർക്കുണ്ട് വെള്ളച്ചാട്ടമാണ്. പലകപ്പാണ്ടി എന്ന സ്ഥലത്തു നിന്നാണ് ഇവിടേക്ക് വരേണ്ടത്. വനവാസക്കാലത്ത് സീതയും രാമനും വസിച്ചിരുന്ന ഇടമാണിതെന്നാണ് വിശ്വാസം. വെള്ളച്ചാട്ടത്തിനടുത്തേയ്ക്ക് പോകുംതോറും അതിമനോഹരമായ കുറേ കാഴ്ചകളും വ്യൂ പോയിന്‍റുകളും നിങ്ങളെ കാത്തിരിക്കുന്നുണ്ട്. കൂടാതെ വരയാടുമല, കേശവന്‍ പാറ തുടങ്ങിയ സ്ഥലങ്ങളും ഈ യാത്രയിൽ കാണും.