സഞ്ചാരികളെ ആവേശത്തിലാക്കുന്ന തകർപ്പൻ പാക്കേജുകളാണ് കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിന്റെ പ്രത്യേകത. അവധി ദിവസങ്ങളും ആഴ്ചാവസാനങ്ങളിലും യാത്ര ചെയ്യുവാൻ പാകത്തിൽ ഏറ്റവും മികച്ച പാക്കേജുകൾ ഏറ്റവും ചുരുങ്ങിയ ചെലവിൽ കെഎസ്ആർടിസി അവതരിപ്പിക്കാറുണ്ട്. ഈ ഡിസംബർ മാസത്തിലും അത്തരമൊരു പാക്കേജാണ് പൊന്മുടി- വാഴ്വന്തോൾ വെള്ളച്ചാട്ടം യാത്രയിൽ വെഞ്ഞാറമൂട് കെഎസ്ആർടിസി ഒരുക്കിയിരിക്കുന്നത്. വെഞ്ഞാറമൂട് കെഎസ്ആർടിസിയുടെ ഡിസംബർ പാക്കേജുകളിൽ ഒന്നാണ് പൊന്മുടി- വാഴ്വന്തോൾ വെള്ളച്ചാട്ടം യാത്ര. തിരുവനന്തപുരത്തു നിന്നും ഏകദിന യാത്ര പ്ലാൻ ചെയ്യുന്നവർക്ക് പോയി വരാൻ പറ്റിയ പാക്കേജ് ഈ മാസം ഒന്നുമാത്രമേയുള്ളൂ. കാടിന്റെ കുളിരും മലയിലെ കോടമഞ്ഞും കണ്ടുവരുന്ന ഈ പാക്കേജിനെക്കുറിച്ച് വിശദമായി അറിയാം.
പൊന്മുടി- വാഴ്വന്തോൾ പാക്കേജ്
ക്രിസ്മസ് അവധിക്കാലത്തെ യാത്രയായതിനാൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റിയ ഒരു പാക്കേജാണ് പൊന്മുടി- വാഴ്വന്തോൾ യാത്ര. ഡിസംബർ 17 ഞായറാഴ്ച രാവിലെ 6.30ന് വെഞ്ഞാറമൂട് കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും യാത്ര ആരംഭിക്കും. പൊന്മുടി എക്കോ ടൂറിസം കേന്ദ്രവും വാഴ്വന്തോൾ വെള്ളച്ചാട്ടവും കണ്ട് രാത്രി എട്ടു മണിയോടെ മടങ്ങിയെത്തുന്ന വിധത്തിലാണ് യാത്ര. പൊന്മുടി കോടമഞ്ഞും കുളിരും മാറിമാറി വരുന്ന പൊന്മുടി തിരുവനന്തപുരത്തു നിന്നുള്ള ഏകദിന യാത്രകളില്‍ ഏറ്റവും ജനപ്രിയ ഡെസ്റ്റിനേഷനാണ്. ആ യാത്ര കെഎസ്ആർടിസിയില്‍ ആണെങ്കില് പറയുകയും വേണ്ട! തിരുവനന്തപുരത്തു നിന്നും 61 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇവിടെ പ്രകൃതിയൊരുക്കിയിരിക്കുന്ന വഴിയും കാഴ്ചകളും ഒരിക്കലെങ്കിലും വന്ന് പരിചയപ്പെടേണ്ടതാണ്.
മരങ്ങളും കാടും വെള്ളച്ചാട്ടവും ഇടയ്ക്ക് തേയിലത്തോട്ടങ്ങളുമെല്ലാം അതിരിട്ട് നിൽക്കുന്ന വഴിയാണ് ഇവിടേക്ക് നയിക്കുന്നത്. പൊന്മുടിയുടെ കവാടമായ കല്ലാറിൽ നിന്നു തുടങ്ങുന്ന കാഴ്ചകൾ അങ്ങ് മുകളില്‍ വരെയുണ്ട്. ദൂരേക്ക് കണ്ണോടിച്ചാൽ മഞ്ഞിൽ കുളിച്ചു നിൽക്കുന്ന മലകളും കാണാം. 22 ഹെയർപിൻ വളവുകളാണ് ഇവിടെ എത്താനായി പിന്നിടേണ്ടത്. അങ്ങനെ ഹെയര്‍പിന‍് വളവുകൾ കയറി മുകളിലെത്തുമ്പോഴേയ്ക്കും കൂട്ടിന് കോടമഞ്ഞും കുളിരും തൊട്ടടുത്തെത്തും. പൊന്മുടിയിലെത്തിയാൽ വാച്ച് ടവറിൽ കയറണം. മഞ്ഞില്ലെങ്കിൽ കൗതുകകരമായ കുറേ കാഴ്ചകൾ കാണാം. കോടമഞ്ഞെത്തിയില്ലെങ്കിൽ കുറേ നേരം നിന്നാസ്വദിക്കാം. ഇനി കോടമഞ്ഞ് മുന്നറിയിപ്പില്ലാതെ എത്തിയാൽ പിന്നെ കാഴ്ച കാണാൻ നിന്നിട്ട് കാര്യമുണ്ടാകില്ല. എവിടെ നോക്കിയാലും മഞ്ഞിന്റെ വെള്ളപ്പുതപ്പ് മാത്രമേ കാണാനാകൂ. തിരികെ ഇറങ്ങുമ്പോഴും കാറ്റും കോടയും കുറേ ദൂരം കൂട്ടുവരും. വാഴ്വന്തോൾ വെള്ളച്ചാട്ടം കാണാൻ ട്രെക്കിങ് നടത്തി പോകുന്നതിന്റെ കൗതുകം തരുന്ന ഇടമാണ് വാഴ്വന്തോള്‍ വെള്ളച്ചാട്ടം. പേപ്പാറ വന്യജീവി സങ്കേതത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടം പൊന്മുടി യാത്രയ്ക്കൊപ്പം തന്നെ കണ്ടുതീർക്കാം. രണ്ടുകിലോമീറ്റർ ദൂരം കാട്ടിലൂടെ നടന്നാണ്. വെള്ളച്ചാട്ടത്തിലെത്തുന്നത്. ചാത്തൻകോട് എന്ന സ്ഥലത്തു നിന്നുമാണ് വാഴ്വന്തോൾ ട്രെക്കിങ് ആരംഭിക്കുന്നത്.
ആറിന്റെ തീരത്തുകൂടി നടന്നും കാട്ടിലെ കാഴ്ചകൾ കണ്ടുമൊക്കെയാണ് വെള്ളച്ചാട്ടത്തിനടുത്തേയ്ക്ക് എത്തുന്നത്. ചെമ്മുഞ്ചി മുട്ട എന്ന സ്ഥലത്തു നിന്നും തുടങ്ങി പേപ്പാറ അണക്കെട്ടിൽ പതിക്കുന്ന തോടയാറിന്റെ തീരത്തുകൂടെയാണ് നടപ്പ്. രണ്ടു കിലോമീറ്ററോളം ഇങ്ങനെ നടന്നാൽ വാഴ്വന്തോൾ വെള്ളച്ചാട്ടത്തിനടുത്തെത്താം. 85 അടി ഉയരത്തില്‍ നിന്നുമാണ് വാഴ്വന്തോൾ വെള്ളച്ചാട്ടം താഴേക്ക് പതിക്കുന്നത്. വാഴ്വന്തോൾ പ്രവേശന നിരക്ക് ഉൾപ്പെടെ പൊന്മുടി- വാഴ്വന്തോൾ ഏകദിന യാത്രാ പാക്കേജിന് 780 രൂപയാണ് നിരക്ക്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 9605732125, 9447324718 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.