ക്ഷേത്രങ്ങൾ എന്നും അത്ഭുതങ്ങളുടെ കേന്ദ്രമാണ്. വിശ്വാസങ്ങളിലൂടെയും പറഞ്ഞുകേട്ട കഥകളിലൂടെയും ആളുകളുടെ സാക്ഷ്യങ്ങളിലൂടെയും ഒക്കെ ഓരോ ക്ഷേത്രവും അറിയപ്പെടുമെങ്കിലും അത്യന്തികമായി ക്ഷേത്രങ്ങളെ മനുഷ്യസാധ്യമല്ലാത്ത അത്ഭുതങ്ങളുടെയും രോഗശാന്തിയുടെയും ആഗ്രഹപൂർത്തീകരണത്തിന്‍റെയും എല്ലാം സന്നിധിയാണ് വിശ്വാസികൾക്ക് അമ്പലങ്ങൾ. അത്തരത്തിലൊന്നാണ് സാഗർ വിനായക ക്ഷേത്രം. പേരുപോലെ തന്നെ സാഗർ അഥവാ കടലിലാണ് ഈ അത്ഭുത ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കടൽ കനിഞ്ഞാൽ മാത്രം ദര്‍ശനം സാധ്യമാകുന്ന ഈ അത്ഭുത ക്ഷേത്രം മുംബൈയ്ക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്.
കടലിനു നടവിൽ വെള്ളത്തിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിലെത്തി ഗണപതിയെ കാണണമെങ്കിൽ കടൽ തന്നെ മനസ്സുവെയ്ക്കണം. വേലിയിറക്കവും വേലിയേറ്റവും നോക്കി വന്നാൽ മാത്രമേ ഇവിടെ ദർശനം സാധ്യമാകൂ. തീരദേശ മുംബൈയിലെ ഏറ്റവും പ്രസിദ്ധ ക്ഷേത്രങ്ങളില്‍ ഒന്നായ ഇവിടെ ഗണേശ ചതുർത്ഥി പോലെയുള്ള ആഘോഷങ്ങളുടെ സമയത്താണ് കൂടുതലും ആളുകൾ എത്തുന്നത്. വിഘ്നങ്ങള്‍ മാറ്റി കാര്യസാധ്യത്തിനായി ആശ്രയിക്കാവുന്ന വിനായകനാണ് ഇവിടുത്തെ പ്രതിഷ്ഠ. ഏതുകാര്യത്തിന്‍റെ ആരംഭത്തിലും വിനായകനോട് പ്രാർത്ഥിച്ച് തുടങ്ങിയാൽ അതിലൊരു തടസ്സം പിന്നീടുണ്ടാവില്ല എന്നാണല്ലോ വിശ്വാസം. കടലിനു നടുവിലെ ക്ഷേത്രത്തിലും ഇങ്ങനയൊരു പ്രതിഷ്ഠ കാണാൻ നമുക്ക് കഴിയും. വേലിയിറക്ക സമയത്ത് ഇവിടെ വന്നാൽ കടലിലെ ക്ഷേത്രത്തിലേക്കുള്ള ഒരു വഴി തെളിഞ്ഞു കാണാം. കടലിറങ്ങി നിൽക്കുന്ന ഈ സമയത്ത് ഇതുവഴി നടന്ന് ക്ഷേത്രത്തിലേക്ക് പോകാനും വിനായക ദർശനവും പ്രാർത്ഥനയും കഴിഞ്ഞ് തിരികെ നടന്നു വരുവാനും സാധിക്കും.
വഴിയെന്നു പറയുമ്പോൾ കൃത്യമായി തെളിഞ്ഞ ഒന്നല്ല മറിച്ച് വെള്ളം കുറച്ചുള്ള ഒരു പാതയാണ്. തിരകളും അപ്രതീക്ഷിതമായി എത്തുമെങ്കിലും ശക്തി കുറഞ്ഞ തിരകളെ വരാറുള്ളൂ. മാത്രമല്ല വെള്ളത്തിൽ കൂടി അധികം നടക്കേണ്ടിയും വരില്ല. കടൽ വെള്ളത്തിൽ മുഴുവൻ സമയവും അഭിഷേഷം നടക്കുന്ന വിഗ്രഹങ്ങളെ ഇവിടെ കാണാം. ഗണേശ വിശ്വാസികൾ ഒരുപാട് എത്തിച്ചേരുന്ന ക്ഷേത്രം കൂടിയാണ്. മുംബൈയിലെ തീർത്ഥയാത്രയിൽ ഒഴിവാക്കാൻ സാധിക്കാത്ത ഇടമായും സാഗർ വിനായക ക്ഷേത്രം മാറിയിട്ടുണ്ട്.
കടലിനു നടുവിൽ സ്ഥിതി ചെയ്യുന്ന കാരണം ആത്മീയ പരിവേഷം കൂടാതെ ഒരു അത്ഭുത ഇടമായും വിശ്വാസികൾ ഇതിനെ കാണുന്നു. കടലിലെ ക്ഷേത്രം എങ്ങനെ കാണാം എന്ന കൗതുകവും ആളുകളെ പ്രത്യേകിച്ച് വിശ്വാസികളെ ഇവിടെ എത്തിക്കുന്നു. മുംബൈയിലെ വിവിധ ഭാഗങ്ങളിൽ നിന്നും വിശ്വാസികൾ ഇവിടേക്ക് വരാറുണ്ട്. മുംബൈയിൽ പാലി ഹില്ലിൽ യൂണിയൻ പാർക്ക് സംഗീത് സാമ്രാട്ട് നൗഷാദ് അലി റോഡിലാണ് സാഗർ വിനായക് ഗണേശ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മുംബൈയിലെ പ്രധാന ഗണേശ ക്ഷേത്രങ്ങൾ മുംബൈയിലെ ക്ഷേത്രങ്ങളില്‍ ഭൂരിഭാഗവും വിഘ്നേശ്വരന് സമർപ്പിച്ചിരിക്കുന്ന ക്ഷേത്രങ്ങളാണ്. സിനിമാ താരങ്ങളും ക്രിക്കറ്റ് കളിക്കാരും ബിസിനസ് ഭീമന്മാരും രാഷ്ട്രീയക്കാരും ഒക്കെ പതിവായെത്തുന്ന ഗണപതി ക്ഷേത്രങ്ങളും മുംബൈയിൽ ഉണ്ട്. മുംബൈയിലെ പ്രഭാദേവിയിൽ സ്ഥിതി ചെയ്യുന്ന ശ്രീ സിദ്ധിവിനായക ഗണപതി ക്ഷേത്രം അത്തരത്തിലൊന്നാണ്. സിദ്ധിവിനായക മഹാഗണപതി ക്ഷേത്രം തിത്വാല, ശ്രീ അഷ്ടവിനായക് വസ്മതി ഗണേശ ക്ഷേത്രം, തുടങ്ങിവയാണ് മറ്റുചില പ്രധാന ഗണപതി ക്ഷേത്രങ്ങൾ.