വിമാനയാത്രകൾ എളുപ്പത്തിൽ ക്ഷീണിപ്പിക്കുന്നവയാണ്. യാത്ര തുടങ്ങി കാഴ്ചകൾ കണ്ടു കുറച്ചു നേരം കഴിയുമ്പോഴേക്കും മടുപ്പിങ്ങെത്തും. എഴുന്നേറ്റു നടക്കാനോ കയ്യും കാലം ആവശ്യം പോലെ നിവർത്താനോ കഴിയാതെ മണിക്കൂറുകൾ ഇരിക്കുന്നത് അത്ര സുഖകരമല്ല. അതുകൊണ്ടു തന്നെ മടുപ്പുപ്പിനെ മാറ്റാനും അസ്വസ്ഥതകൾ ഇല്ലാതെ ദീർഘദൂര യാത്രകൾ പൂർത്തിയാക്കാനും ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം. നീണ്ട വിമാന യാത്രകളെ സംബന്ധിച്ച് ഒരുപാട് സംശയങ്ങൾ ആളുകൾക്കുണ്ട്. വിമാനത്തിൽ കയറുന്നതിനു മുൻപ് വയറു നിറയെ ഭക്ഷണം കഴിച്ച് കയറാമോ എന്നു തുടങ്ങി ഒരു നൂറുകൂട്ടം ആശങ്കകൾ കാണും. ഇതാ നീണ്ട വിമാനയാത്ര സുഖകമാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ പരിചയപ്പെടാം.
ദീര്‍ഘദൂര വിമാനയാത്രയ്ക്ക് എങ്ങനെ ശരീരത്തെ പാകപ്പെടുത്താം
വിമാനത്തിലാണ് പോകുന്നത് എന്നതിൽ കൂടുതൽ ഒരു ശ്രദ്ധയും ആളുകൾ യാത്രകൾക്ക് നല്കാറില്ല. എന്നാൽ നീണ്ട ദൂരം വിമാനത്തിൽ യാത്ര ചെയ്യേണ്ടി വരികയും വ്യത്യസ്ത ടൈം സോണിലേക്ക് മാറുകയും ചെയ്യുമ്പോൾ ശരീരത്തെ അതിനനുസരിച്ച് ചെറുതായി ഒരുക്കുക എന്നത് ശ്രദ്ധിക്കണം. യാത്രയ്ക്ക് കുറച്ചു ദിവസങ്ങൾക്ക് മുൻപായി നിങ്ങളുടെ ഉറക്ക സമയത്തിൽ പോകുന്ന സ്ഥലത്തെ സമയമേഖലയ്ക്ക് അനുയോജ്യമായി ചെറിയ മാറ്റങ്ങൾ വരുത്താം, അങ്ങനെ ചെയ്താൽ ശരീരത്തിന് സാധാരണയിലും വേഗത്തിൽ യാത്രയിലെ ടൈം സോണിനോട് പൊരുത്തപ്പെടാനാകും. യാത്രയ്ക്കു മുൻപ് ആൽക്കഹോളോ കഫീനോ അടങ്ങിയ പാനീയങ്ങൾ കഴിവതും ഒഴിവാക്കുക. നിങ്ങളുടെ ശരീരത്തിന് അനുയോജ്യമായ ഒരിടം വേണം സീറ്റായി ബുക്ക് ചെയ്യാൻ. ഉദാഹരണത്തിന് മിഡിൽ സീറ്റിൽ ഇരുന്നാൽ ഉറങ്ങാൻ സാധിക്കാത്ത പ്രശ്നമുള്ളവർ ഉണ്ടെങ്കിൽ മറ്റൊരു സീറ്റ് ബുക്ക് ചെയ്യുക,
വിമാനത്തിൽ കയറുന്നതിന് മുൻപ് ഭക്ഷണം കഴിക്കാമോ ?
യാത്രയ്ക്കു മുൻപ് ഒരുപാട് വെള്ളം കുടിക്കുന്നത് ക്ഷീണമകറ്റാനും ശരീരം ഹൈഡ്രേറ്റഡ് ആയി ഇരിക്കാനും സഹായിക്കും. അതേസമയം ആൽക്കഹോളോ കഫീനോ അടങ്ങിയ പാനീയങ്ങൾ നിർബന്ധമായും ഒഴിവാക്കണം. ആവശ്യത്തിന് ഭക്ഷണം കഴിച്ചിട്ട് കയറുന്നത് നീണ്ട ഉറക്കത്തിനും വിശന്നിരിക്കാതെ യാത്ര ചെയ്യാനും സഹായിക്കും. പ്രത്യേക ആഹാരക്രമങ്ങൾ പിന്തുടരുന്നവരാണെങ്കിൽ അത്യാവശ്യം വേണ്ട സ്നാക്സ് ബാഗിൽ സൂക്ഷിക്കാം.
എന്തു വസ്ത്രം ധരിക്കും ?
ഒരുപാട് ഇറുക്കമുള്ള വസ്ത്രം ധരിക്കുന്നത് വിമാനയാത്രയിൽ ഒഴിവാക്കാം. പകരം ബുദ്ധിമുട്ടില്ലാത്ത അയഞ്ഞ കോട്ടൺ അല്ലെങ്കില മറ്റേതെങ്കിലും മെറ്റീരിയൽ വസ്ത്രങ്ങൾ ധരിക്കണം. തണുപ്പിനെ പ്രതിരോധിക്കാൻ ഒരു ജാക്കറ്റ് കരുതാനും മറക്കരുത്. ഇറുക്കമുള്ള ഷൂസും ഒഴിവാക്കാം. റെസ്റ്റ് റൂമിൽ പോകേണ്ട സാഹചര്യത്തിൽ ഉപയോഗിക്കാനായി സ്ലിപ്പർ കരുതുന്നത് നല്ലതാണ്.
നീണ്ട യാത്രയുടെ മടുപ്പ് മാറ്റാൻ വ്യായാമം ചെയ്യാമോ?
ദീർഘദൂര വിമാന യാത്രയിൽ ഒരുപാട് നേരം അനങ്ങാതെ ഇരിക്കേണ്ടി വരുമ്പോൾ പലതരത്തിൽ അസ്വസ്ഥതകൾ വരും. ഇതൊഴിവാക്കാൻ ചെറിയ ചില കാര്യങ്ങൾ ശ്രദ്ധിക്കാം. വ്യായാമം എന്ന് വിളിക്കാൻ കഴിയില്ലെങ്കിലും ക്യാബിനുള്ളിലൂടെയുള്ള ചെറു നടത്തമോ അല്ലെങ്കിൽ സീറ്റിൽ ഇരുന്ന് കാൽപാദം ചലിപ്പിക്കുന്ന തരത്തിലുള്ള ആങ്കിൾ സർക്കിൾ, ഫൂട്ട് ഫ്ലെക്സ് , നീ ലിഫ്റ്റ്, ഷോൾഡർ നെക്ക് റോൾസ് തുടങ്ങിയവ ചെയ്യാം. കംപ്രഷൻ സോക്സ് ധരിക്കുന്നും നല്ലതാണ്.