പാലസ് ഓൺ വീൽസ്..Palace on Wheels- പേരു പോലെ തന്നെ റെയിൽപാളത്തിലെ ചലിക്കുന്ന ഒരു കൊട്ടാരം. സാധാരണ ജീവിതം മാറ്റിവെച്ച് ചരിത്രത്തിലേക്കുള്ള കാൽവെപ്പാണ് ഈ ട്രെയിനിലുള്ള ഒരോ നിമിഷവും. പൂക്കൾ വിതറിയിലിരിക്കുന്ന ചുവന്ന കാർപ്പെറ്റിലൂടെ, പുഷ്പവൃഷ്ടിക്ക് നടുവിലൂടെ നടന്ന്, ആഢംബര ട്രെയിനിലേക്ക് കയറുമ്പോൾ പശ്ചാത്തലത്തിൽ മുഴങ്ങുന്നത് ഷെഹ്നായ് സംഗീതമാണ്. ഒരു മഹാരാജാവോ മഹാറാണിയോ ആയെന്ന തോന്നലിൽനിന്ന് പുറത്തു കടക്കാൻ ഈ യാത്ര കഴിഞ്ഞാലും സാധിച്ചെന്നു വരില്ല. അറിഞ്ഞതിൽ നിന്നും എത്രയോ അകലെ നില്‍ക്കുന്നതാണ് രാജസ്ഥാനിലെ രാജാക്കന്മാരുടെ ആഢംബരമെന്ന് ഓരോ സഞ്ചാരിയെയും പാലസ് ഓൺ വീല്‍സിലെ യാത്ര ഓർമ്മപ്പെടുത്തും. ലോകത്തിലെ തന്നെ ഏറ്റവും മികച്ച അത്യാഡംബര ട്രെയിൻ സർവീസായ പാലസ് ഓൺ വീൽസ് ഇന്ത്യയിലെ ആദ്യ ആഢംബര ട്രെയിൻ കൂടിയാണ്.
രാജസ്ഥാനിലെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിൽ ആണ് ഇന്ത്യൻ റെയില്‍വേ രാജസ്ഥാൻ ടൂറിസവുമായി ചേർന്ന് 1982 ൽ പാലസ് ഓൺ വീൽസ് അവതരിപ്പിച്ചത്. ഹെറിറ്റേജ് പാലസ് ഓൺ വീല്‍സ് എന്നാണിത് ഇപ്പോൾ അറിയപ്പെടുന്നത്. രാജസ്ഥാനിലൂടെ അതിന്റെ ചരിത്രവും പാരമ്പര്യവും പൈതൃകവും അറിഞ്ഞൊരു തീവണ്ടി യാത്ര, അതും അത്യാഢംബരത്തിൽ കുറയാത്ത സൗകര്യങ്ങളോടെ ആസ്വദിക്കാനും അത്രയും തന്നെ പണം മുടക്കാനും താല്പര്യമുള്ളവർക്ക് പറ്റിയ യാത്രയാണ്. ഏഴ് രാത്രിയും എട്ടു പകലും നീണ്ടു നിൽക്കുന്ന പാക്കേജാണ് പാലസ് ഓണ്‍ വീൽസിനുള്ളത്. ബുധനാഴ്ച വൈകിട്ട് ഡൽഹിയിൽ നിന്നാരംഭിച്ച് അടുത്ത ബുധനാഴ്ച പുലർച്ചെ ഡെൽഹിയിൽ തിരികെയെത്തുന്ന പാക്കേജിൽ 3000 കിലോമീറ്റര് ആണ് സഞ്ചരിക്കുന്നത്. ജയ്പൂർ, രൺഥംഭോർ, ചിറ്റോർഗഡ്, ഉദയ്പൂർ, ജയ്സാൽമീർ, ജോധ്പൂർ, ആഗ്ര തുടങ്ങിയ സ്ഥലങ്ങളാണ് യാത്രയിൽ സന്ദർശിക്കുന്നത്.
പാലസ് ഓൺ വീൽസ്- ഉള്ളിലെന്താണ്? ഇത്രയും ആഢംബരം നിറഞ്ഞ ട്രെയിനിനുള്ളില് എന്തൊക്കെയാണ് സഞ്ചാരികളെ കാത്തിരിക്കുന്നത് എന്നൊരു കൗതുകം തോന്നുന്നില്ലേ? രാജസ്ഥാനിൽ രാജാക്കന്മാരുടെ കാലത്ത് ഉപയോഗിച്ചിരുന്ന് അതേ കാര്യേജുകളാണ് ഈ ട്രെയിനിൽ ഇന്നും ഉപയോഗിക്കുന്നതെന്നാണ് പറയുന്നത്. തനിമ അതേപടി നിലനിൽത്തിയിരിക്കുന്ന പാരമ്പര്യവും അതിനോട് ചേർന്നുനിൽക്കുന്ന ആധുനിക സൗകര്യങ്ങളും ഈ ട്രെയിനിലുണ്ട്. യാത്ര ചെയ്യുന്ന ഓരോരുത്തകെയും മഹാരാജാവും മഹാണായുമാക്കി മാറ്റുന്ന ഒരു മാന്ത്രികതയും ഇതിനുണ്ട്. കഴിക്കാനായി നല്കുന്ന ഭക്ഷണത്തിൽ മുതൽ ഉറങ്ങുവാനുള്ള ബെഡിൽ വരെ ഈ രാജകീയത ഒരുക്കിയിരിക്കുന്നു. 39 ഡീലക്സ് ക്യാബിനുകളും 2 സൂപ്പർ ഡീലക്സ് ക്യാബിനുകളുമുള്ള ഇതിൽ 82 പേർക്കാണ് യാത്ര ചെയ്യുവാൻ സാധിക്കുക. മുഴുവൻ ശീതീകരിച്ച ട്രെയിനിൽ എല്ലാ സൗകര്യങ്ങളും ലഭ്യമാണ്. വൈഫൈ, മിനി പാന്‍ട്രി, മ്യൂസിക് ചാനൽ, സേഫ്, കൂടാതെ ഓരോ സലൂണിനും ഓരോ അറ്റൻഡന്‍റിന്റെ സഹായവും ലഭ്യമാക്കിയിട്ടുണ്ട്. ഓരോ ക്യാരേജിനും രാജസ്ഥാനിലെ കൊട്ടാരങ്ങളുടെയും കോട്ടകളുടെയും പേരാണ് നല്കിയിരിക്കുന്നത്. ക്യാബിന്റെ ഉൾവശങ്ങളും രാജകീയ സൗകര്യങ്ങളാലും നിറങ്ങളാലും നിറഞ്ഞുനിൽക്കുന്നു. മഹാരാജാ, മഹാറാണി എന്നിങ്ങനെ രണ്ട് ഡൈനിങ് കാറുകൾ, ബാർ ലോഞ്ചസ്, സ്പാ കാർ തുടങ്ങിയ സൗകര്യങ്ങളും ഇതിലുണ്ട്.
പാലസ് ഓൺ വീൽസ്- യാത്രാക്രമം
ബുധനാഴ്ച വൈകിട്ട് ഡൽഹിയിലെ സഫ്ദർജങ് റെയിൽവേ സ്റ്റേഷനിൽ നിന്നും 6.40ന് യാത്ര ആരംഭിക്കും. രണ്ടാമത്തെ ദിവസം പിങ്ക് സിറ്റി എന്നറിയപ്പെടുന്ന ജയ്പൂർ സന്ദർശിക്കും. സെന്‍റ് ആൽബർട്ട് മ്യൂസിയം, പിങ്ക് സിറ്റി പാലസ്, ജന്ദർ മന്ദർ എന്നിവിടങ്ങൾ കാണും. ഹവാ മഹൽ, ആംബെര് ഹിൽഫോർട്ട് പാലസ്, പ്രാദേശിക മാർക്കറ്റ് എന്നിവിടങ്ങൾ കാണും. മൂന്നാം ദിവസം രൺഥംഭോർ കടുവാ സങ്കേതം, ചിറ്റോർഗഡ് ഫോർട്ട് പാലസ് എന്നിവിടങ്ങഴും നാലാം ദിവസം തടാകങ്ങളുടെ നഗരമായ ഉദ്പൂർ നഗരവും ആണ് കാണുന്നത്. സിറ്റി പാലസ്, ലേക്ക് പാലസ് ഹോട്ടൽ എന്നിവയും അഞ്ചാം ജിവസം ജയ്സാൽമീറും സന്ദര്‍ശിക്കും. ജയ്സാൽമീർ കോട്ട, ജെയ്ൻ ക്ഷേത്രങ്ങൾ, ആറാം ദിവസം ജോധ്പൂർ, മെഹ്റാൻഗഡ് കോട്ട, ഏഴാം ദിവസം ഭരത്പൂർ പക്ഷി സങ്കേതം, തുടർന്ന് ആഗ്ര, താജ്മഹൽ എന്നിവിടങ്ങളും സന്ദർശിച്ച് എട്ടാം ദിവസം രാവിലെ 5.30ന് ഡൽഹിയിൽ എത്തിച്ചേരും.