വരുന്ന ദീപാവലിക്ക് പലരും നീണ്ട അവധിക്ക് നാട്ടിലെത്തുന്നവരായിരിക്കും. അല്ലങ്കിൽ കുടുംബവുമായി ഒന്ന് കറങ്ങാമെന്ന് കരുതുന്നവരായിരിക്കും. എന്തായാലും ഈ ദീപാവലിക്ക് കറക്കം ഒരു ദ്വീപിലോട്ട് ആക്കിയാലോ ? അതും വളരെ കുറഞ്ഞ ചിലവിൽ. എന്നാൽ അടിപൊളിയാവുകയും ചെയ്യും. ഒന്ന് അടിച്ചുപൊളിക്കാൻ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലേക്ക് ഒരു യാത്ര പോയിവരാം. ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) സഞ്ചാരികൾക്കായി പുതിയ പാക്കേജ് അവതരിപ്പിച്ചു. 5 രാത്രികളും 6 പകലും നീളുന്ന യാത്രയ്ക്ക് ഒരാൾക്ക് 27,450 രൂപ മുതലാണ് നിരക്ക്.
നവംബർ 6 മുതൽ 24 വരെ നടത്തുന്ന പ്രതിദിന ടൂറുകളിൽ ആൻഡമാനിലെ വിവിധ ദ്വീപുകളിലേക്കും ബീച്ചുകളിലേക്കും സഞ്ചാരികളെ കൊണ്ടുപോകും. ഫാമിലി ആൻഡമാൻ ഹോളിഡേസ്-ഗോൾഡ് (EHH96) എന്നാണ് പാക്കേജിൻറെ പേര്. ഇന്ത്യയുടെ കിഴക്കേ അറ്റത്തയാണ് ഈ ദ്വീപ് വരുന്നത്. അതിമനോഹരമാണ് ഇവിടത്തെ കാഴ്ചകൾ. നീലയുടെ അദൃശ്യമായ ഷേഡുകളിൽ വെള്ളമുള്ള മനോഹരമായ ബീച്ചുകളും തെളിഞ്ഞ ആകാശത്തിന്റെയും ഉഷ്ണമേഖലാ വനക്കാഴ്ചകളുടെയുംമൊക്കെ സംഗമമാണ് ഇവിടം. പോർട്ട് ബ്ലെയറിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. ആദ്യദിനം പോർട്ട് ബ്ലെയറിൽ നിന്നും മനോഹരമായ കോർബിൻസ് കോവ് ബീച്ചിലേക്കും പിന്നീട് സെല്ലുലാർ ജയിലിലേക്കും സഞ്ചാരികളെ കൊണ്ടുപോകും.
പിറ്റേ ദിവസം പോർട്ട് ബ്ലെയറിൽ നിന്നും പ്രഭാതഭക്ഷണത്തിനു ശേഷം ബ്രിട്ടീഷ് ഭരണകാലത്ത് പോർട്ട് ബ്ലെയറിൻറെ തലസ്ഥാനമായിരുന്ന റോസ് ഐലൻഡിലേക്ക് പോകും. തുടർന്ന് ജല കായിക വിനോദങ്ങൾക്ക് പ്രശസ്തമായ ബേ ഐലൻഡ് സന്ദർശിക്കും. ഇവിടെ സ്‌കൂബ ഡൈവിങ് പോലെയുള്ള വിനോദങ്ങളിൽ ഏർപ്പെടാൻ അവസരമുണ്ട്. മൂന്നാംദിവസം പോർട്ട് ബ്ലെയറിൽ നിന്ന് 54 കിലോമീറ്റർ ദൂരെയുള്ള ഹാവ്ലോക്ക് ദ്വീപിലേക്ക് കടത്തുവള്ളത്തിൽ യാത്ര പുറപ്പെടും. ഇവിടെ കാലാപത്തർ, രാധാനഗർ ബീച്ചുകളിൽ സമയം ചെലവിടാം. നാലാം ദിവസം നീൽ ദ്വീപിലേക്ക് ക്രൂയിസ് യാത്രയുണ്ടാകും. നാച്വറല്‍ ബ്രിജ്, ലക്ഷ്മൺപുർ ബീച്ച് എന്നിവ സന്ദർശിക്കാം. അഞ്ചാം ദിനം പ്രശസ്തമായ ഭരത്പൂർ ബീച്ച് സന്ദർശിക്കാം. ആറാംദിനം പോർട്ട് ബ്ലെയറിൽ നിന്നും മടക്കയാത്ര പുറപ്പെടും.