തിരുവനന്തപുരം : വഞ്ചിയൂര്‍ സബ്- ട്രഷറി തട്ടിപ്പ് കേസ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. അസി. കമ്മീഷണര്‍ സുല്‍ഫിക്കറിന്‍റെ നേതൃത്വത്തിലെ സംഘമാകും കേസില്‍ അന്വേഷണം നടത്തുക. സൈബര്‍ സെല്ലിലെ ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. തട്ടിപ്പ് പുറത്തു വന്ന് മൂന്നു ദിവസമായിട്ടും മുഖ്യപ്രതിയെ പിടികൂടിയില്ലെന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് കേസ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഇന്ന് തന്നെ പ്രതിയെ പിടികൂടാനുള്ള സാധ്യത തെളിയുന്നതായാണ് പോലീസ് വ്യക്തമാക്കുന്നത്, തട്ടിപ്പില്‍ താന്‍ നിരപരാധിയാണെന്നും അക്കൗണ്ടിലേക്ക് 63 ലക്ഷം രൂപ എത്തിയത് അറിഞ്ഞില്ലെന്നും വ്യക്തമാക്കുന്ന ബിജുലാലിന്‍റെ ഭാര്യ സിമിയുടെ ശബ്ദസന്ദേശം ഇന്നലെ പുറത്ത് വന്നിരുന്നു.
തട്ടിപ്പില്‍ ട്രഷറി ഡയറക്ടര്‍ റിപ്പോര്‍ട്ട് നല്‍കി. ജില്ലാ ട്രഷറി ഓഫീസറുടെയും ടെക്നിക്കല്‍ കോഓര്‍ഡിനേറ്ററുടെയും ഭാഗത്ത് വീഴ്ചയുണ്ടായെന്നാണ് കണ്ടെത്തല്‍. 74 ലക്ഷം രൂപ ഓവര്‍ഡ്രാഫ്റ്റ് ഉണ്ടായിരുന്ന ബിജുലാല്‍ രണ്ട് കോടി തട്ടിച്ചപ്പോള്‍ ബാധ്യത മാറുകയും ഒരുലക്ഷത്തി ഇരുപത്താറായിരം രൂപ അക്കൗണ്ടിലേക്ക് എത്തുകയും ചെയ്തു. ഇതില്‍ നിന്ന് ഭാര്യയുടെ അക്കൗണ്ടിലേക്ക് 63ലക്ഷം രൂപ മാറ്റിയെന്നുമാണ് കണ്ടെത്തല്‍. ചൂതാട്ടത്തില്‍ പണം നഷ്ടപ്പെട്ടതാണ് തട്ടിപ്പിന് പ്രേരിപ്പിച്ചതെന്നാണ് പോലീസ് നിഗമനം. മേയ് 31ന് വിരമിച്ച ഉദ്യോഗസ്ഥന്റെ യൂസര്‍ നെയിമും പാസ്‌വേര്‍ഡും ഉപയോഗിച്ചും ട്രഷറി സോഫ്റ്റ് വെയറിലെ സാങ്കേതിക പിഴവ് മുതലെടുത്തുമാണ് ബിജുലാല്‍ തട്ടിപ്പ് നടത്തിയത് എന്നാണ് പോലീസ് പറയുന്നത്. ബിജുലാലിനെ ആദ്യം അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്യുകയും ധന മന്ത്രി തോമസ് ഐസക്കിന്റെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിടാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.