കവിയൂർ : ടി.കെ.റോഡിലെ അപകടക്കെണി ഒഴിവാക്കാൻ തോട്ടഭാഗത്ത് സ്ഥാപിച്ച വാണിങ് ലൈറ്റിന്റെ കാഴ്ച മരച്ചില്ലകൾ മറയ്ക്കുന്നു. ഇതിനോട് ചേർന്നുനിൽക്കുന്ന ബദാംമരത്തിന്റെ കമ്പുകൾ വളർന്ന് പൊങ്ങിയതിനാലാണിത്. ചങ്ങനാശ്ശേരി-കവിയൂർ റോഡും ടി.കെ.റോഡും സന്ധിക്കുന്ന ഇടമാണിത്. ഇതിനാൽ ഇരുപാതകളിലേക്കും വാഹനങ്ങൾ തിരിഞ്ഞുകയറുന്നത് അപകടങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇവ സ്ഥാപിക്കുന്നതിന് മുമ്പേ ജീവഹാനി സംഭവിച്ച് അപകടങ്ങൾ കവലയിൽ നടന്നിരുന്നു. ഇത്തരമൊരു സാഹചര്യം ഒഴിവായത് ഇവ വന്നതോടെയാണ്. ലൈറ്റുകൾ സ്ഥാപിച്ചിട്ട് മൂന്നുവർഷത്തിന് മുകളിലായി. പാതയുടെ ഇടതുവശത്തായി നിൽക്കുന്ന ഇവയെ തൊട്ടുനിൽക്കുന്ന മരത്തിന് മൂന്നാൾ പൊക്കമെങ്കിലും വരും.
അതുകൊണ്ട് ചില്ലകളൊക്കെ ഇവയിലേക്ക് ചാഞ്ഞാണ് കിടക്കുന്നത്. ഇക്കാര്യത്താൽ വാണിങ് ലൈറ്റുകളുടെ കാഴ്ചമറയുന്നു. കോഴഞ്ചേരി ഭാഗത്തുനിന്നുള്ള വാഹനങ്ങൾ ചങ്ങനാശ്ശേരിക്ക് പോകാനുള്ള പാതയിലേക്ക് തിരിഞ്ഞുകയറുമ്പോൾ എതിർദിശയിൽ വരുന്നവയെ കാണാനാകില്ല. അതുപോലെ ചങ്ങനാശ്ശേരി പാതയിലൂടെ ടി.കെ.റോഡിലേക്ക് പ്രവേശിക്കുന്ന വേളയിലും ഇതേ ഗതിയാണ്. ഇത്തരമൊരു അവസ്ഥയിൽ ഇതുണ്ടെന്ന കാര്യംപോലും ഡ്രൈവർമാർക്ക് അറിയാൻ കഴിയുന്നില്ല. നൂറുക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന തിരക്കേറിയ ടി.കെ.റോഡിലെ തോട്ടഭാഗം കവല ഗതാഗതക്കുരുക്കിനും അപകടക്കെണിക്കും ഇരയാകുന്ന ഇടമാണ്. അതിനാലിവ സ്ഥാപിച്ചത് ഏറെ പ്രയോജനവും ചെയ്തിരുന്നു. ഇക്കാര്യത്താൽ അപകടക്കെണിക്ക് പരിഹാരമായി വെച്ചിട്ടുള്ള ഇവയിലേക്ക് വീണുകിടക്കുന്ന ചില്ലകൾ മുറിച്ചുമാറ്റണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.