കൊച്ചി : അനധികൃത മരംമുറിയ്ക്കെതിരെ കര്‍ശനനിലപാടുമായി ഹൈക്കോടതി. പട്ടയഭൂമിയിലെ മരംമുറിയില്‍ മാത്രം അന്വേഷണം ഒതുക്കരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. സര്‍ക്കാര്‍ ഭൂമിയിലെയും വനഭൂമിയിലെയും മരങ്ങള്‍ മുറിച്ച് കടത്തിയതും ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കണം. ബന്ധപ്പെട്ട വകുപ്പിലെ ഉന്നതരുടെ സഹായമില്ലാതെ ഇത്തരം മരംകൊള്ള സാധ്യമല്ലെന്നും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.
മരം കൊള്ളയ്ക്ക് പിന്നില്‍ ഉന്നതരുണ്ടെങ്കില്‍ കാലതാമസമില്ലാതെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും കോടതി നിര്‍ദ്ദേശിച്ചു. മരം കൊള്ളയ്ക്ക് ഒത്താശ ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും മരംമുറിയുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും പ്രത്യേകസംഘം അന്വേഷിക്കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി. മരംകൊള്ള ഗൗരവമുള്ള വിഷയമാണ്. ഇതില്‍ ഒരു വിട്ടുവീഴ്ചയും പാടില്ല. മരംകൊള്ളയുടെ ഗൗരവം ഉള്‍ക്കൊണ്ട് പ്രത്യേകസംഘം അന്വേഷണം നടത്തണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തീര്‍പ്പാക്കി കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണങ്ങള്‍.