തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ ശക്തമായ മഴ. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരത്ത് റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. രാത്രി പെയ്ത കനത്ത മഴയിലും കാറ്റിലും മരങ്ങൾ കടപുഴകി വീണു. വെള്ളക്കെട്ട് കൂടെയായതോടെ ഗതാഗതം പലയിടത്തും തടസ്സപ്പെട്ടു. വെള്ളയമ്പലം ആൽത്തറമൂട്ടിൽ റോഡിന് കുറുകെ മരച്ചില്ല ഒടിഞ്ഞുവീണു. വെള്ളയമ്പലത്ത് രാജ് ഭവന് സമീപം മരം ഒടിഞ്ഞു വീണും ഗതാഗതം തടസപ്പെട്ടു. കാട്ടാക്കട, മാറനല്ലൂർ,മൂങ്ങോട് എന്നിവിടങ്ങളിലും മരം കടപുഴകി വീണു. മൂങ്കോട് അഗ്നിരക്ഷ സേന എത്തി മരം മുറിച്ചു നീക്കി. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് സമീപം മരം കടപുഴകി റോഡിലേക്ക് വീണു. ഇതേത്തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു.
ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൂവാർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ-ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ) തീരങ്ങളിൽ നാളെ രാവിലെ 8.30 വരെ 1.3 മുതൽ 1.9 മീറ്റർ വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്. കടലാക്രമണം ഉണ്ടാകുമെന്നും ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.