കൊച്ചി : ഇലന്തൂർ ആഭിചാര കൂട്ടക്കൊലക്കേസിൽ വിചാരണക്കോടതി കുറ്റം ചുമത്തുന്ന നടപടികൾ തുടങ്ങി. തമിഴ്നാട്ടുകാരിയായ പത്മയെ കൊലപ്പെടുത്തിയ കേസിലെ കുറ്റം ചുമത്തുന്ന നടപടികളാണ് തുടങ്ങിയത്. കാലടിയിൽ താമസിച്ചിരുന്ന ഇടുക്കി സ്വദേശി റോസിലിയുടെ കൊലപാതകക്കേസിലെ വിചാരണയും വൈകാതെ തുടങ്ങും. പെരുമ്പാവൂർ സ്വദേശി മുഹമ്മദ് ഷാഫിയാണ് ഒന്നാം പ്രതി. ആയുർവേദ ചികിത്സകൻ ഇലന്തൂർ സ്വദേശി ഭഗവൽസിങ്, ഭാര്യ ലൈല എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ. സാക്ഷിവിസ്താരത്തിനു മുന്നോടിയായാണ് കോടതി പ്രതികൾക്കെതിരേ കുറ്റം ചുമത്തുന്നത്. കുറ്റം ചുമത്തൽ നടപടികൾ ഓൺലൈനായാണ് കഴിഞ്ഞ ദിവസം കോടതിയിൽ തുടങ്ങിയത്.
കൊലപാതകം, ബലാത്സംഗം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകൽ, തെളിവുനശിപ്പിക്കൽ, മോഷണം, മൃതദേഹത്തോട് അനാദരവ് തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരേ ചുമത്തിയത്. പ്രതികളുടെ മേൽ ചുമത്തിയ കുറ്റങ്ങളിൽ ഏതൊക്കെ നിലനിൽക്കുമെന്ന പരിശോധനയാണ് പ്രാഥമിക ഘട്ടത്തിൽ നടക്കുന്നത്.
2022 സെപ്റ്റംബർ 16-നാണ് പത്മയെ കൊലപ്പെടുത്തിയത്. മൃതദേഹം 56 കഷ്ണങ്ങളാക്കി ഭഗവൽസിങ്ങിന്റെ ഇലന്തൂരിലെ പുരയിടത്തിൽ കുഴിച്ചിട്ടെന്നാണ് കേസ്. റോസിലിയുടെ അസ്ഥികൂടമാണ് കണ്ടെത്താൻ കഴിഞ്ഞത്. ഡിഎൻഎ പരിശോധനയിലാണ് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത്. കേസിൽ 166 സാക്ഷിമൊഴികളും 147 തെളിവുകളും 307 രേഖകളും കോടതി പരിശോധിക്കും.