കണ്ണൂർ: കണ്ണൂരിലെ മുസ്ലിം ലീഗ് പ്രവർത്തകനായിരുന്ന അരിയിൽ ഷുക്കൂർ വധക്കേസിൽ വിചാരണ നാളെ മുതൽ. സിപിഎം നേതാക്കളായ പി.ജയരാജനും ടി.വി.രാജേഷുമുൾപ്പെടെ പ്രതികളായ കേസിലാണ് എറണാകുളം സിബിഐ പ്രത്യേക കോടതിയിൽ വിചാരണ തുടങ്ങുന്നത്. രണ്ട് ഘട്ടമായാണ് വിചാരണ. സിപിഎമ്മിന്‍റെ കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി.ജയരാജന്‍റെ വാഹനവ്യൂഹത്തിന് നേരെ കല്ലെറിഞ്ഞെന്നാരോപിച്ച് ലീഗ് പ്രവർത്തകനായ ഷുക്കൂറിനെ കൊലപ്പെടുത്തിയെന്ന് കേസ്. 2012 ഫെബ്രുവരി 20ന് തളിപ്പറമ്പിലെ ചുളളിയോട് വയലിൽ തടങ്കലിൽവച്ച് വിചാരണ ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ എറണാകുളം സിബിഐ പ്രത്യേക കോടതിയിലാണ് വിചാരണ. ആകെ 33 പ്രതികളും 82 സാക്ഷികളുമാണ് കേസിലുള്ളത്.
രണ്ട് പ്രതികൾ ഇതിനോടകം മരിച്ചു. സിപിഎം സംസ്ഥാന സമിതി അംഗങ്ങളായ പി.ജയരാജനും ടി.വി.രാജേഷും മുപ്പത്തിരണ്ടും മുപ്പത്തിമൂന്നും പ്രതികളാണ്. ഇരുവർക്കുമെതിരെയും കൊലപാതകം, ക്രിമിനൽ ഗൂഢാലോചന കുറ്റങ്ങളാണ് ചുമത്തിയത്. ഷുക്കൂറിനൊപ്പം ആക്രമിക്കപ്പെട്ട നാല് പേരെയാണ് ആദ്യ ദിവസങ്ങളിൽ വിസ്തരിക്കുക. 21 സാക്ഷികളെ ആദ്യഘട്ടത്തിൽ വിസ്തരിക്കും. ഉന്നത നേതാക്കളും പ്രവർത്തകരും പ്രതിയായ രാഷ്ട്രീയ കൊലപാതകകേസിലെ വിചാരണയും വിധിയും സിപിഎമ്മിന് നിർണായകമാകും. ഷുക്കൂറിന്‍റെ കുടുംബത്തിന്‍റെ നിയമപോരാട്ടത്തിന് കൈപിടിച്ച മുസ്ലിം ലീഗിനും കേസ് നിർണായകമാണ്.