പത്തനാപുരം: കടശ്ശേരിയില്‍നിന്ന് യുവാവിനെ കാണാതായ സംഭവത്തില്‍ മൃഗവേട്ട സംഘങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം. പതിനെട്ടുകാരനെ കാണാതായി ആഴ്ചകള്‍ പിന്നിട്ടിട്ടും ഒരുതെളിവും ലഭിച്ചിട്ടില്ല. ഇതിനിടയിലാണ് വനാതിര്‍ത്തികളില്‍ സജീവമായ മൃഗവേട്ട സംഘങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നത്. പിറവന്തൂര്‍ കടശേരി മുക്കലംപാട് തെക്കേക്കര ലതിക വിലാസത്തില്‍ രവീന്ദ്രന്-ലതിക ദമ്പതികളുടെ മകന് രാഹുലിനെ കാണാതാകുന്നത് കഴിഞ്ഞ 19ന് രാത്രിയിലാണ്.
കാട്ടാന പന്നിപ്പടക്കം കടിച്ച് ചരിഞ്ഞ സംഭവത്തില്‍ മൃഗവേട്ടക്കാരെ പിടികൂടിയതും ഈ മേഖലയില്‍ നിന്നാണ്. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ അപായം സംഭവിക്കാനുള്ള സാധ്യത വിരളമാണെന്ന നിഗമനത്തിലെത്തിയ സംഘം കൗമാരക്കാരന് വീട്ടില്‍നിന്ന് മാറി നില്‍ക്കുകയാണെന്ന നിരീക്ഷണവും നടത്തിയിട്ടുണ്ട്. മാതാവുമായി പിണക്കത്തിലായ ഇയാള്‍ ഇതിെന്റ വാശിയില്‍ വീട്ടുകാരെ ഭയപ്പെടുത്താന്‍ മാറിനില്‍ക്കാനുള്ള സാധ്യതയും അന്വേഷണപരിധിയിലുണ്ട്.
മൃഗവേട്ട സംഘങ്ങള്‍ സ്വകാര്യഭൂമികളില്‍ വൈദ്യുതി തീവ്രമായി കടത്തിവിടുന്ന വേലികള്‍ നിര്‍മിച്ചിട്ടുണ്ട്. രാത്രിയില്‍ പുറത്തിറങ്ങിയ രാഹുലിന് ഇത്തരം വേലിയില്‍നിന്ന് അപകടം പറ്റിയതാകമെന്നതാണ് ഇതുസംബന്ധിച്ച അന്വേഷണത്തിലേക്ക് നയിച്ചത്. പുതിയ വീട് നിര്‍മാണം നടക്കുന്നതിനാല്‍ മാതാപിതാക്കളും രാഹുലും സഹോദരന് രഞ്ജിത്ത് എന്നിവര്‍ മൂന്ന് വീടുകളിലായാണ് താമസിച്ചുവന്നിരുന്നത്.
പിറ്റേന്ന് രാവിലെ മാതാവ് ലതിക വിളിക്കാനെത്തിയപ്പോഴാണ് രാഹുലിനെ കാണാനില്ലെന്ന വിവരം അറിയുന്നത്. തുടര്‍ന്ന് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. മൊബൈല്‍ ഫോണ്‍ മാത്രമാണ് വീട്ടില്‍നിന്ന് കൊണ്ടുപോയിട്ടുള്ളത്. സൈബര്‍ സെല്ലിെന്റ അന്വേഷണത്തില്‍ 20ന് പുലര്‍ച്ചെ മൂന്നിന് ശേഷം കടശ്ശേരി ടവര്‍ ലൊക്കേഷനുള്ളില്‍ വെച്ചാണ് ഫോണ്‍ സ്വിച്ച്ഓഫ് ആയതെന്ന് മനസ്സിലാക്കിയിട്ടുണ്ട്.