അട്ടപ്പാടി : അട്ടപ്പാടിയില്‍ കൊറോണ ബാധിച്ച് മരിച്ച വനവാസി ബാലന് ആശുപത്രിയില്‍ ചികിത്സ നല്‍കിയില്ലെന്ന് പരാതി. അട്ടപ്പാടി അബ്ബന്നൂര്‍ കബളക്കാട്ടിലെ സൈജു, സരസ്വതി ദമ്പതികളുടെ രണ്ട് വയസുള്ള കുട്ടി സ്വാദീഷിനാണ് കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ നിന്നും മതിയായ ചികിത്സ നല്‍കിയില്ലെന്ന പരാതിയുമായി ബന്ധുക്കള്‍ രംഗത്തുവന്നിരിക്കുന്നത്. ശനിയാഴ്ച പുലര്‍ച്ചെയാണ് കുഞ്ഞ് മരിച്ചത്. കടുത്ത പനിയെ തുടര്‍ന്ന് കുട്ടിയെ ഈ മാസം 25 ന് അഗളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
പനി കുറയാത്തതിനെ തുടര്‍ന്ന് 27 ന് കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ കാണിച്ചു. എന്നാല്‍ പനിക്ക് മരുന്ന് നല്‍കി തിരിച്ച് പോകാന്‍ ആശുപത്രി അധികൃതര്‍ പറയുകയായിരുന്നു. കിടത്തി ചികിത്സ നല്‍കണമെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും നിര്‍ബന്ധിച്ച് തിരികെ പറഞ്ഞയക്കുകയായിരുന്നു എന്നാണ് ആരോപണം. കുട്ടി മരിച്ച് കഴിഞ്ഞ് ആശുപത്രി സുപ്രണ്ടിനെ വിളിച്ചപ്പോള്‍ കുട്ടികളില്‍ കൊറോണ പരിശോധന നടത്തില്ലെന്ന് പറഞ്ഞതായും ബന്ധുക്കള്‍ പറയുന്നു.