തിരുവനന്തപുരം: അട്ടപ്പാടിയിലെ ആദിവാസി ഭൂമി കൈയേറ്റം പരാതികൾ പാലക്കാട് കളക്ടർക്ക് കൈമാറിയെന്ന് മന്ത്രി ഒ.ആർ. കേളു. ഭൂമാഫിയകൾ കൈയേറുന്നത് സംബന്ധിച്ച റിപ്പോർട്ടുകൾ ഗൗരവത്തോടെയാണ് പട്ടികവർഗ വകുപ്പ് കാണുന്നതെന്നും ഡോ . മാത്യു കുഴല്‍നാടൻ, സനീഷ്‍കുമാര്‍ ജോസഫ്, ഉമ തോമസ്, സണ്ണിജോസഫ് എന്നിവർക്ക് നിയമസഭയിൽ മന്ത്രി മറുപടി നൽകി. ആദിവാസികൾക്ക് അവകാശപ്പെട്ട ഭൂമിയിൽ അനധികൃത കൈയേറ്റം ഉണ്ടായാല്‍ യഥാസമയം അക്കാര്യം ജില്ലാ ഭരണകൂടത്തിന്റെ യും ബന്ധപ്പെട്ട വകുപ്പുകളുടെയും ശ്രദ്ധയില്‍പ്പെടുത്തി നടപടി സ്വീകരിക്കുന്നുണ്ട്. പട്ടിക വർഗ വകുപ്പിന്റെ ഫീല്‍ഡ്തല ഉദ്യോഗസ്ഥര്‍, എസ്.ടി. പ്രൊമോട്ടര്‍മാര്‍, കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കര്‍മാര്‍ എന്നിവര്‍ വഴി പട്ടിക വർഗക്കാര്‍ക്കിടയില്‍ ഇതിനെ തിരെ ബോധവൽക്കരണവും നടത്തുന്നു.
1999-ലെ കെ.എസ്.ടി നിയമ പ്രകാരം സംസ്ഥാനത്തെ പട്ടിക വർഗക്കാരുടെ ഭൂമിയുടെ അവകാശം സംരക്ഷിക്കുന്നതിനായി ഭൂമി കൈമാറ്റം നിയന്ത്രിക്കുവാനും അന്യാധീനപ്പെട്ട ഭൂമി പുനഃസ്ഥാപിച്ച് നല്‍കുവാനും വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഈ വിഷയത്തില്‍ റവന്യൂ വകുപ്പ് വഴി നടപടി സ്വീ കരിക്കുന്നുണ്ട്. അനധികൃത ഭൂമി കൈയേറ്റങ്ങൾ തടയുന്നതിനും ആദിവാസി ഭൂമി അർഹതപ്പെട്ടവർക്ക് തിരികെ ലഭിക്കുന്നതിനും വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ഒരു കർമ്മ പദ്ധതി ആവിഷ്കരിക്കുമോയെന്ന ചോദ്യത്തിന് നിലവില്‍ വകുപ്പിന്റെ പരിഗണനയിലില്ലെന്ന് മന്ത്രി വ്യക്തമാക്കി.