പാലോട് : ആദിവാസി പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത സംഭവങ്ങളെ തുടര്‍ന്ന് ഊരുകളില്‍ കര്‍ശന സുരക്ഷയുമായി പോലീസ് രംഗത്ത്. പുറത്ത് നിന്നുള്ളവര്‍ക്ക് ഊരുകളിലേക്ക് വരുന്നതിന് നിരോധനം ഏര്‍പ്പെടുത്തി. ഇത് നിരീക്ഷിക്കുന്നതിനായി പെരിങ്ങമ്മല പഞ്ചായത്തിലെ ഊരുകളിലേക്കുള്ള ദിശാബോര്‍ഡുകളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. പോലീസ് പട്രോളിങ്ങും പ്രദേശങ്ങളില്‍ വ്യാപകമാക്കി. കഴിഞ്ഞദിവസം അനധികൃതമായി ഊരിലേക്ക് കടക്കാന്‍ ശ്രമിച്ച രണ്ട് വാഹനങ്ങള്‍ പോലീസ് പിടികൂടി. മദ്യവും മയക്കുമരുന്നും ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ ഊരുകളിലേക്കെത്തുന്നുണ്ടോയെന്ന് നിരീക്ഷിക്കും. ലഹരി വസ്തുക്കള്‍ കടത്തിയാല്‍ ആ വിവരം പോലീസിനെ അറിയിക്കാനും സംവിധാനമൊരുക്കി.
ഊരുകളില്‍ വര്‍ധിക്കുന്ന ലഹരി ഉപയോഗം തടയുന്നതിന് വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ചു ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിക്കും. ഊരുകളിലെ വിദ്യാര്‍ഥികളുമായി സൗഹൃദമുണ്ടാക്കി പുറത്തുനിന്നുള്ള യുവാക്കള്‍ ഇവിടേക്കെത്തുകയും അനധികൃത പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയും ചെയ്യുന്നത് പതിവാണ്. ഇനി ഇത്തരം പ്രവൃത്തികള്‍ക്ക് തടയിട്ട് നിയമനടപടികളുണ്ടാകും. എക്സൈസ്, പട്ടികജാതി – പട്ടികവര്‍ഗ വകുപ്പ്, പഞ്ചായത്ത് എന്നിവയെ ഏകോപിപ്പിച്ച് ഊരുകള്‍ക്ക് കൂടുതല്‍ സുരക്ഷയൊരുക്കും. പെണ്‍കുട്ടികളുടെ മരണത്തില്‍ പുറത്തുനിന്നുള്ള ആരുടെയെങ്കിലും ആസൂത്രിതമായ ഗൂഢാലോചനയുണ്ടോയെന്നും പോലീസ് അന്വേഷിക്കും. പാലോട്, വിതുര മേഖലകളില്‍ അടുത്തിടെ വര്‍ധിക്കുന്ന പോക്സോ കേസുകള്‍ തടയുന്നതിനും കര്‍ശന നടപടികളാണ് പോലീസ് സ്വീകരിച്ചുവരുന്നത്. ഞായറാഴ്ച ജോയന്റ് എക്സൈസ് കമീഷണര്‍ ആര്.ഗോപകുമാറും തിങ്കളാഴ്ച റൂറല്‍ എസ്.പി ദിവ്യ വി ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള ഉന്നത പോലീസ് സംഘവും ഊരുകളിലെത്തിയിരുന്നു.