കൊച്ചി : തൃക്കാക്കര ഉപതിരഞ്ഞെടുപ്പു ഫലം പുറത്തുവന്നതിന് ഇത്രയും ദിവസമായിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിട്ടില്ല. അദ്ദേഹം മൗനം പാലിക്കുന്നത് പാര്‍ട്ടിയില്‍ വരാനിരിക്കുന്ന അഴിച്ചുപണിയുടെ സൂചനയാണെന്ന വിധത്തില്‍ വ്യാഖ്യാനങ്ങളുമുണ്ട്. ഇത്രയും ദയനീയ തോല്‍വിക്ക് ഇടയാക്കിയത് കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥിയാണെന്ന വികാരവും ശക്തമാണ്. ഇതിന് ഉത്തരവാദികള്‍ നേതൃത്വവും പി.രാജീവുമാണെന്നാണ് പൊതുവികാരം. പി.രാജീവായിരുന്നു ജോ ജോസഫിനെ സ്ഥാനര്‍ഥിയായി മുന്നോട്ടു വെച്ചത്. സ്വരാജ് മുന്നോട്ടുവെച്ചത് അഡ്വ.അരുണ്‍ കുമാറിന്റെ പേരായിരുന്നു. എന്നാല്‍, സമുദായത്തിന്റെ പേരു പറഞ്ഞ് അത് തള്ളിക്കളഞ്ഞും.
തൃക്കാക്കരയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ കടുത്ത അതൃപ്തിയാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ പുറത്തുവന്നത്. തോല്‍വിയുടെ ഉത്തരവാദിത്വം അടിച്ചേല്‍പ്പിച്ച് ഇരുപതോളം ജില്ലാ നേതാക്കള്‍ക്കെതിരേ നടപടിയുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കേയാണ് മുഖ്യമന്ത്രിക്കും സംസ്ഥാന നേതൃത്വത്തിനുമെതിരേ ജില്ലാ നേതൃത്വം കലാപക്കൊടി ഉയര്‍ത്തിയത്. തോല്‍വിയുടെ പേരില്‍ ജില്ലാ സെക്രട്ടറി സി.എന്‍ മോഹനനെ സ്ഥാനത്തുനിന്നു മാറ്റി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജിന് ചുമതല നല്‍കാനും നീക്കമുണ്ട്. എന്നാല്‍, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ സ്വരാജിനെ ഈ സ്ഥാനത്തേക്ക് പരിഗണിക്കേണ്ടെന്നാണ് വികാരം. അങ്ങനെ വന്നാല്‍ മറ്റൊരാളെ പരിഗണിച്ചേക്കും.
വി.എസ് ഗ്രൂപ്പിന്റെ തട്ടകമായിരുന്ന എറണാകുളം ജില്ല പിണറായി പക്ഷം പിടിച്ചെടുത്തത് മോഹനനെ മുന്‍നിര്‍ത്തിയാണ്. പിണറായിയുമായി അടുപ്പമുള്ള മോഹനനെ കൈവിടാന്‍ പിണറായി തയ്യാറാകില്ല. എന്നാല്‍ സെക്രട്ടറി സ്ഥാനത്തു തുടര്‍ന്നാല്‍ ജില്ലയിലെ വിഭാഗീയത രൂക്ഷമാകുമെന്നുള്ളതിനാലാണ് സ്ഥാനചലനത്തിന് വഴിയൊരുങ്ങുന്നത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ തോല്‍വിയെക്കുറിച്ച് അന്വേഷിക്കാന്‍ ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ കമ്മിഷനെ പ്രഖ്യാപിക്കുമെന്നും സൂചനയുണ്ട്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പരീക്ഷിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്കുണ്ടായ തിരിച്ചടിയുടെ പേരില്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഉള്‍പ്പെടെയുള്ള പല നേതാക്കളുടെയും തലയുരുണ്ട തൃക്കാക്കരയില്‍ ഇക്കുറി ദയനീയ തോല്‍വി നേരിട്ടപ്പോള്‍ നടപടി ഒഴിവാക്കാന്‍ സംസ്ഥാന നേതൃത്വത്തിന് കഴിയാത്ത സാഹചര്യവുമുണ്ട്. ഇതു മുന്നില്‍ക്കണ്ടാണ് ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്‍ സംസ്ഥാന നേതൃത്വത്തിനെതിരേ ആദ്യവെടി ഉതിര്‍ത്തത്.
സ്ഥാനാര്‍ത്ഥി പ്രഖ്യാപന വേളയില്‍ മണ്ഡലത്തിലെ വോട്ടര്‍മാരെപ്പോലെ തന്നെയായിരുന്നു ജില്ലാ നേതൃത്വവും. സ്ഥാനാര്‍ത്ഥിയെക്കുറിച്ച് ഒരു വിവരവും ജില്ലാ നേതൃത്വത്തിനുണ്ടായില്ല. ജില്ലാ കമ്മിറ്റിയംഗം കെ.എസ് അരുണ്‍കുമാറിന്റെയും ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെയും പേരുകളാണ് ജില്ലാ നേതൃത്വം സംസ്ഥാന കമ്മിറ്റിക്ക് നല്കിയത്. ഡോ.ജോസ് ചാക്കോ പെരിയപ്പുറം മത്സരിക്കാന്‍ തയ്യാറെല്ലെന്ന് അറിയിച്ചതോടെ അരുണ്‍കുമാറിന്റെ സ്ഥാനാര്‍ത്ഥിത്വം ജില്ലാ നേതൃത്വം ഉറപ്പാക്കുകയായിരുന്നു. അരുണ്‍കുമാറിന്റെ പേരില്‍ ചുവരെഴുത്തും നടത്തി. ഇതിനിടെയാണ് സര്‍പ്രൈസ് സ്ഥാനാര്‍ത്ഥിയുമായി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മന്ത്രിയുമായ പി. രാജീവ് രംഗത്തെത്തിയത്.
പാര്‍ട്ടി നേതാവിനെ തന്നെ രംഗത്തിറിക്കി രാഷ്ട്രീയ മത്സരം കാഴ്ചവെക്കണമെന്ന ജില്ലാ നേതൃത്വത്തിന്റെയും എം.സ്വരാജിന്റെയും അഭിപ്രായം തള്ളി പോയത് മന്ത്രി പി.രാജീവിന്റെ സഭാ തിയറിയിലാണ്. ഉപതെരഞ്ഞെടുപ്പിന്റെ ചുമതലയുണ്ടായിരുന്ന ഇപി ജയരാജന്‍ പി. രാജീവ് വിശ്വാസത്തിലെടുത്തു. എല്‍ഡിഎഫ് കണ്‍വീനറെ പിണറായിയെയും കോടിയേരിയും വിശ്വാസത്തിലെടുത്തു.അങ്ങനെയാണ് ജോ ജോസഫ് എന്ന സ്ഥാനാര്‍ത്ഥി എത്തിയത്.പാര്‍ട്ടിക്കുള്ളില്‍ അതൃപ്തിയേറുമ്ബോഴും പി.രാജീവ് തന്റെ തീരുമാനത്തെ ഇപ്പോഴും ന്യായീകരിക്കുന്നു
ജില്ലാ നേതൃത്വത്തിന്റെ നിര്‍ദ്ദേശം പരിഗണിച്ചിരുന്നെങ്കില്‍ ഇത്ര വലിയ തിരിച്ചടി ഉണ്ടാകുമായിരുന്നില്ല എന്നാണ് തോല്‍വിക്ക് ശേഷം സിപിഎം നേതൃത്വത്തിന്റെയും പ്രാഥമിക ബോധ്യം. ഇന്ന് എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേര്‍ന്ന് മണ്ഡലം കമ്മിറ്റിയുടെ അവലോകനം പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചു. ഉടന്‍ താഴെ തട്ട് വരെ പരിശോധിക്കാനാണ് തീരുമാനം. 239ബൂത്തുകളില്‍ 22 ഇടത്തും മാത്രം ലീഡ് ഒതുങ്ങിയത് സംഘടനാ സംവിധാനത്തിന്റെ ദൗര്‍ബല്യത്തില്‍ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. പാര്‍ട്ടി പരിശോധനയില്‍ മേല്‍ തട്ടിലെ വീഴ്ചകള്‍ക്കൊപ്പം അഡ്വ.അരുണ്‍ കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള പ്രാഥമിക ധാരണ ചോര്‍ന്നതും ശ്രീനിജന്‍ എംഎല്‍എ വരുത്തിവച്ച അബദ്ധവുമൊക്കെ ചര്‍ച്ചയ്ക്ക് എത്തും.