തൃശൂര്‍ : ഇന്ന് ഓണ്‍ലൈനായി പുലികളിറങ്ങും. പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടാവില്ലെങ്കിലും ഓണ്‍ലൈന്‍ വഴി ലോകത്തുള്ള എല്ലാവര്‍ക്കും പുലിക്കളി കാണാം. ഒരു ട്രാന്‍സ്ജെന്‍ഡര്‍ പുലി ഉള്‍പ്പെടെ 7 പുലികളാണ് ഇറങ്ങുന്നത്. ചരിത്രത്തില്‍ ആദ്യമായാണ് ഒരു ട്രാന്‍സ് ജെന്‍ഡര്‍ പുലി പുലിക്കളിയുടെ ഭാഗമാകുന്നു എന്ന പ്രത്യേകതയും ഇത്തവണത്തെ പുലിക്കളിക്കുണ്ട്. മിസ്റ്റര്‍ കേരള പട്ടം നേടിയ പ്രവീണ്‍ നാഥാണ് പുലിവേഷം കെട്ടുന്നത്. മുന്‍ വര്‍ഷങ്ങളില്‍ സ്ത്രീകള്‍ പുലിവേഷമണിഞ്ഞിരുന്നു.
കൊവിഡ് മൂലം സ്വരാജ് റൗണ്ടിലെ പുലികളി ഒഴിവാക്കിയപ്പോള്‍ സൈബര്‍ റൗണ്ടിലാണ് പുലികള്‍ ഇറങ്ങുക. ഉച്ചയ്ക്ക് മൂന്ന് മുതല്‍ നാല് മണി വരെയാണ് അയ്യന്തോള്‍ ദേശത്തിന്‍റെ പുലിക്കളി. അതേസമയം വിയ്യൂര്‍ ദേശത്തിന്‍റെ ഒറ്റപുലി സ്വരാജ് റൗണ്ടില്‍ ഇറങ്ങും. നാല് മണിക്ക് നായ്ക്കനാല്‍ വഴി കേറി വടക്കുംനാഥനെ വണങ്ങി ഗണപതിക്ക് ഒറ്റപ്പുലി തേങ്ങയുടക്കും.