ട്രയംഫും ബജാജും ചേർന്ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച ട്രയംഫ് സ്പീഡ് 400 (Triumph Speed 400), ട്രയംഫ് സ്ക്രാംബ്ലർ 400 എക്സ് (Triumph Scrambler 400X) മോട്ടോർ സൈക്കിളുകൾ ബുക്ക് ചെയ്യാൻ ആളുകളുടെ ബഹളമാണ്. ലോഞ്ച് ചെയ്ത് ആദ്യ ദിവസങ്ങളിൽ തന്നെ റെക്കോർഡ് ബുക്കിങ് ആണ് ഈ ബൈക്കുകൾ നേടിയത്. ഇപ്പോഴിതാ ബൈക്കുകളുടെ ബുക്കിങ് തുക ഉയർത്തിയിരിക്കുകയാണ് ട്രയംഫ്. രണ്ട് ബൈക്കുകളും ബുക്ക് ചെയ്യാനായി ഇനി അധിക തുക നൽകേണ്ടി വരും. ബുക്കിങ് വൻതോതിൽ ഉയരുന്ന അവസരത്തിലാണ് തുകയും ഉയർത്തിയിരിക്കുന്നത്.
ട്രയംഫ് സ്പീഡ് 400, സ്‌ക്രാംബ്ലർ 400എക്സ് എന്നീ മോട്ടോർസൈക്കിളുകൾ ബുക്ക് ചെയ്യാനായി നേരത്തെ 2000 രൂപയായിരുന്നു നൽകേണ്ടി വന്നിരുന്നത്. എന്നാൽ ഇനി മുതൽ ഈ ബൈക്കുകൾ ബുക്ക് ചെയ്യുന്നവർ 10,000 രൂപ നൽകേണ്ടി വരും. 8000 രൂപയാണ് കമ്പനി ഒറ്റയടിക്ക് വർധിപ്പിച്ചിരിക്കുന്നത്. ബൈക്ക് ബുക്ക് ചെയ്യാൻ ആഗ്രഹിക്കന്നവർ ഈ ബുക്കിങ് തുക കാരണം ഒഴിവാകാൻ സാധ്യതയില്ല. വാഹനങ്ങളുടെ ഫീച്ചറുകളും സർവ്വീസുമായി ബന്ധപ്പെട്ട കാര്യങ്ങളും ഇതിനകം തന്നെ വ്യക്തമായിട്ടുള്ളതിനാൽ ബുക്കിങ് ക്യാൻസലേഷനുകളും കുറവായിരിക്കും.
ട്രയംഫ് സ്പീഡ് 400 മോട്ടോർ സൈക്കിളിന്റെ ഇന്ത്യയിലെ വില ആരംഭിക്കുന്നത് 2.23 ലക്ഷം രൂപ മുതലാണ്. ഇത് ആദ്യം ബുക്ക് ചെയ്യുന്ന 10,000 ആളുകൾക്ക് മാത്രമുള്ള വിലയാണ്. ഇത്രയും ബുക്കിങ് ഇതിനകം തന്നെ പിന്നിട്ടിരിക്കുന്നതിനാൽ ബൈക്കിന്റെ എക്സ് ഷോറൂം വില 2.33 ലക്ഷം രൂപയായി ഉയർന്നിട്ടുണ്ട്. ഒക്ടോബർ മാസത്തിലായിരിക്കും ട്രയംഫ് സ്‌ക്രാമ്പ്ളർ 400എക്സ് മോട്ടോർസൈക്കിളിന്റെ ഇന്ത്യയിലെ വില പ്രഖ്യാപിക്കുന്നത്. സ്പീഡ് 400നെക്കാൾ വില കൂടിയ മോഡലായിരിക്കും സ്ക്രാബ്ലർ. 398.15 സിസി ലിക്വിഡ് കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിന്റെ കരുത്തിലാണ് ട്രയംഫിന്റെ രണ്ട് 400 ബൈക്കുകളും പ്രവർത്തിക്കുന്നത്. ഈ നേക്കഡ് മോട്ടോർസൈക്കിളുകളിലെ എഞ്ചിൻ 39.5 എച്ച്പി പവറും 37.5 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. രണ്ട് എഞ്ചിനുകളും 6 സ്പീഡ് ഗിയർബോക്സും ടോർക്ക് അസിസ്റ്റ് ക്ലച്ചുമായിട്ടാണ് വരുന്നത്. മണിക്കൂറിൽ 160 കിലോമീറ്ററാണ് ട്രയംഫ് സ്പീഡ് 400ന്റെ ഏറ്റവും ഉയർന്ന വേഗത. ഈ സെഗ്മെന്റിലെ മികച്ച കരുത്തുള്ള മോട്ടോർസൈക്കിളുകൾ തന്നെയാണ് ഇവ രണ്ടും.
ട്രയംഫ് സ്പീഡ് 400 മോട്ടോർസൈക്കിളിൽ സെമി-ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്ററാണുള്ളത്. എൽഇഡി ഹെഡ്‌ലാമ്പ്, ടെയിൽ-ലാമ്പ്, എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ, മുന്നിലും പിന്നിലും 17 ഇഞ്ച് അലോയ് വീലുകൾ എന്നിവയും ഈ ബൈക്കിലുണ്ട്. സ്പീഡ് 400ന്റെ മുൻവശത്ത് 300 എംഎം ഡിസ്‌ക് ബ്രേക്കും പിന്നിൽ 230 എംഎം ഡിസ്‌ക് ബ്രേക്കുമാണ് ട്രയംഫ് നൽകിയിട്ടുള്ളത്. ക്ലാസിക്ക് ഡിസൈനും ആധുനികമായ സവിശേഷതകളും ചേരുന്ന നിയോ റെട്രോ ബൈക്കാണ് ഇത്.
മുകളിൽ സൂചിപ്പിച്ചത് പോലെ ട്രയംഫ് ബൈക്കുകളുടെ ബുക്കിങ് വൻതോതിൽ ഉയരുകയാണ്. ഈ സാഹചര്യത്തിൽ വെയിറ്റിങ് പിരീഡും വർധിച്ചിട്ടുണ്ട്. ട്രയംഫ് സ്പീഡ് 400 മോട്ടോർസൈക്കിൾ ബുക്ക് ചെയ്യുന്ന ആളുകൾ 12 ആഴ്ച മുതൽ 16 ആഴ്ച വരെ ഡെലിവറിക്കായി കാത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. ബജാജ് ഓട്ടോയുടെ മഹാരാഷ്ട്രയിൽ പുതുതായി സ്ഥാപിച്ച ചക്കൻ ഫെസിലിറ്റിയിലാണ് ട്രയംഫ് സ്പീഡ് 400 മോട്ടോർസൈക്കിൾ നിർമ്മിക്കുന്നത്. ഈ ബൈക്കിന്റെ വെയിറ്റിങ് പിരീഡ് ഓരോ പ്രദേശത്തും വ്യത്യസ്തമാണ്.