രണ്ട് ദിവസം മുമ്പാണ് ട്രയംഫ് സ്പീഡ് 400 ( Triumph Speed 400) എന്ന മോട്ടോർസൈക്കിൾ ഇന്ത്യൻ വിപണിയിൽ പ്രദർശിപ്പിച്ചത്. ഇതിന്റെ ലോഞ്ച് വൈകാതെ നടക്കും. ബജാജുമായി ചേർന്ന് ട്രയംഫ് ഇന്ത്യയിൽ നിർമ്മിക്കുന്ന ഈ വാഹനം മത്സരിക്കുന്നത് ബജാജിന്റെ തന്നെ ഡോമിനാർ 400 (Bajaj Dominar 400) എന്ന മോട്ടോർസൈക്കിളുമായിട്ടായിരിക്കും. രണ്ട് ബൈക്കുകളും ബജാജിന്റെ നിർമ്മാണശാലയിൽ നിന്നാണ് വരുന്നത് എങ്കിലും ബൈക്ക് പ്രേമികൾക്ക് ഇതിൽ ഏതാണ് മികച്ച ബൈക്ക് എന്ന സംശയം ഉണ്ടാകും. രണ്ട് ബൈക്കുകളും താരതമ്യം ചെയ്ത് നോക്കാം.
ട്രയംഫ് സ്പീഡ് 400, ബജാജ് ഡോമിനാർ 400 മോട്ടോർസൈക്കിളുകൾ തമ്മിലുള്ള ഏറ്റവും വലിയ വ്യത്യാസം ഡിസൈനിൽ തന്നെയാണുള്ളത്. ട്രയംഫ് സ്പീഡ് 400 മോട്ടോർസൈക്കിൾ ഒരു നിയോ-റെട്രോ-തീം മോട്ടോർസൈക്കിളാണ്. ബജാജ് ഡോമിനാർ 400 ഒരു പവർ ക്രൂയിസർ മോട്ടോർസൈക്കിളാമ്. രണ്ട് മോട്ടോർസൈക്കിളുകളെയും ഡിസൈൻ താരതമ്യം ചെയ്യാൻ കഴിയില്ല. ട്രയംഫ് സ്പീഡ് 400 കൂടുതൽ പ്രീമിയം ഡിസൈനിലാണ് വരുന്നത്. ആളുകളുടെ താല്പര്യത്തിന് അനുസരിച്ച് തിരഞ്ഞെടുക്കാവുന്ന വ്യത്യസ്ത ഡിസൈനുകളാണ് ഈ ബൈക്കുകൾക്കുള്ളത്. ട്രയംഫ് സ്പീഡ് 400 മോട്ടോർസൈക്കിളിൽ 398.15 സിസി, ലിക്വിഡ് കൂൾഡ്, 4 വാൽവ്, DOHC, ഓവർസ്‌ക്വയർ എഞ്ചിനാണുല്ളത്. ഈ എഞ്ചിൻ 8,000 ആർപിഎമ്മിൽ 39.5 ബിഎച്ച്പി പവറും 6,500 ആർപിഎമ്മിൽ 37.5 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കും. ബജാജ് ഡോമിനാർ 400ൽ 373.3 സിസി, ലിക്വിഡ്-കൂൾഡ്, 4-വാൽവ്, DOHC എഞ്ചിനാണുള്ളത്. ഈ എഞ്ചിൻ 8,800 ആർപിഎമ്മിൽ 39.5 ബിഎച്ച്പി പവറും 6,500 ആർപിഎമ്മിൽ 35 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കും.
ഗിയർബോക്‌സിന്റെ കാര്യം നോക്കിയാൽ, ബജാജ് ഡോമിനാർ 400, ട്രയംഫ് സ്പീഡ് 400 മോട്ടോർസൈക്കിളുകളിൽ മികച്ച ക്രൂയിസിങ്ങിനായി 6 സ്പീഡ് ഗിയർബോക്‌സാണ് നൽകിയിട്ടുള്ളത്. രണ്ട് മോട്ടോർസൈക്കിളുകളിലും സ്ലിപ്പ് & ക്ലച്ചുമായി വരുന്നു. പവറിന്റെ കാര്യത്തിൽ സ്പീഡ് 400, ഡോമിനാർ 400 എന്നിവ സമാനത പുലർത്തുമ്പോൾ ടോർക്ക് കൂടുതൽ നൽകുന്നത് ട്രയംഫിന്റെ വരാനിരിക്കുന്ന ബൈക്ക് തന്നെയാണ്. ബജാജ് ഡോമിനാർ 400 മോട്ടോർസൈക്കിളിൽ ബീം-ടൈപ്പ് പെരിമീറ്റർ ഫ്രെയിമും കാസ്റ്റ് സ്വിംഗാർമുമാണ് ഉള്ളത്. ഈ ബൈക്കിന്റെ മുൻവശത്ത് കമ്പനി 135 എംഎം വീൽ ട്രാവലുള്ള 43 എംഎം യുഎസ്ഡി ഫോർക്കുകളാണ് നൽകിയിട്ടുള്ളത്. 110 എംഎം വീൽ ട്രാവൽ ഉള്ള മോൺഷോക്കാണ് പിന്നിലുള്ളത്. ട്രയംഫ് സ്പീഡ് 400 മോട്ടോർസൈക്കിളിൽ ട്യൂബുലാർ സ്റ്റീൽ പെരിമീറ്റർ ഫ്രെയിമും ബോൾട്ട്-ഓൺ റിയർ സബ്‌ഫ്രെയിമും ഡ്യുവൽ സൈഡ് കാസ്റ്റ് അലുമിനിയം സ്വിംഗാർമും നൽകിയിട്ടുണ്ട്. മുൻവശത്ത് 43 എംഎം യുഎസ്ഡി ഫോർക്കുകളും പിന്നിൽ എക്‌സ്‌റ്റേണൽ റിസർവോയറുള്ള ഗ്യാസ് ചാർജ്ജ്ഡ് മോണോഷോക്കുമാണുള്ളത്.
ബജാജ് ഡോമിനാർ 400 മോട്ടോർസൈക്കിളിന് 2,156 എംഎം നീളവും 863 എംഎം വീതിയും 1,243 എംഎം ഉയരവും 1,453 എംഎം വീൽബേസുമുണ്ട്. മോട്ടോർസൈക്കിളിൽ മുൻവശത്ത് 110/70 R17 ടയറുകളും പിന്നിൽ 150/60 R17 ടയറുകളുമാണുള്ളത്. 193 കിലോഗ്രാം ഭാരവും ബൈക്കിനുണ്ട്. ട്രയംഫ് സ്പീഡ് 400ന് 2,056 എംഎം നീളവും 795 എംഎം വീതിയും 1,075 എംഎം ഉയരവും 1,377 എംഎം വീൽബേസുമാണുള്ളത്. ടയറുകൾ ഡോമിനാർ 400ന് സമാനമാണ്. ട്രയംഫ് ബൈക്കിന് 23 കിലോ ഭാരം കുറവാണ്.ബ്രേക്കിങ്ങിനായി ബജാജ് ഡോമിനാർ 400 മോട്ടോർസൈക്കിളിന്റെ മുൻവശത്ത് 320 എംഎം ഡിസ്‌ക് ബ്രേക്കും പിന്നിൽ 230 എംഎം ഡിസ്‌ക്കുമാണ് നൽകിയിട്ടുള്ളത്. ട്രയംഫ് സ്പീഡ് 400 മോട്ടോർസൈക്കിളിന്റെ മുൻവശത്ത് 300 എംഎം ഡിസ്കും പിന്നിൽ 230 എംഎം ഡിസ്കും നൽകിയിട്ടുണ്ട്. ബ്രേക്കിങ്ങിൽ രണ്ട് വാഹനങ്ങളും മികവ് പുലർത്തുന്നു.
സവിശേഷതകളുടെ കാര്യത്തിൽ സമാനത പുലർത്തുന്ന മോട്ടോർസൈക്കിളുകളാണ് ട്രയംഫ് സ്പീഡ് 400, ബജാജ് ഡോമിനാർ 400 എന്നിവ. എങ്കിലും ഡിസൈനിലുള്ള വ്യത്യാസങ്ങൾ റൈഡിങ് രീതിയെയും സുഖത്തെയും വ്യത്യാസപ്പെടുത്തും. ട്രയംഫ് ദീർഘദൂര റൈഡുകൾക്ക് പോലും മികച്ചതാണ് എന്നാണ് സവിശേഷതകളിൽ നിന്നും മനസിലാകുന്നത്. ആളുകൾക്ക് അവരവരുടെ ആവശ്യങ്ങൾ അനുസരിച്ച് ഈ ബൈക്കുകളിലൊന്ന് തിരഞ്ഞെടുക്കാം.