തിരുവനന്തപുരം: ആംബുലന്‍സില്‍ തട്ടിയശേഷം നിര്‍ത്താതെ ഓടിച്ചു പോയ ഓട്ടോയെ പിന്‍തുടര്‍ന്ന ആംബുലന്‍സ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്നുപേരെ പൂവാര്‍ പോലീസ് അറസ്‌റ് ചെയ്തു. പ്രതികള്‍ക്കെതിരെ ഉടന്‍ നടപടി ആവശ്യപ്പെട്ട് സ്റ്റേഷനിലേക്ക് തള്ളിക്കയറി പ്രകോപനം ഉണ്ടാക്കിയ 15 ഓളം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് എതിരെയും പോലീസ് ജാമ്യമില്ല വകുപ്പുകള്‍ ചുമത്തി കേസെടുത്തു. പഞ്ചായത്തിലെ പാലിയേറ്റീവ് കെയര്‍ ആംബുലന്‍സ് ഡ്രൈവര്‍ പൂവാര്‍ ശൂലം കൂടി സ്വദേശി മന്‍സൂര്‍ (31) ആണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ പുല്ലുവിള വടക്കേതോട്ടം പുരയിടത്തില്‍ തോമസ് (25) പുല്ലുവിള പറമ്പ് പുരയിടത്തില്‍ യേശുദാസന്‍ (32) പുല്ലുവിള പറമ്പ് പുരയിടം സെല്‍വം ഹൗസില്‍ ശ്യാം കുമാര്‍ (22) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെ പൂവാര്‍ ലയോളയ്ക്ക് സമീപമാണ് സംഭവം.
പൂവാര്‍ ആശുപത്രിയില്‍ നടന്ന ജീവനക്കാരുടെ കുടുംബസംഗമത്തിന് ശേഷം ജീവനക്കാരെ ചന്തയ്ക്ക് സമീപം ഇറക്കാന്‍ വന്ന ആംബുലന്‍സില്‍ നാലാംഗസംഘം സഞ്ചരിച്ച ഓട്ടോ ഇടിച്ചു. തുടര്‍ന്ന് നിര്‍ത്താതെ പോയ ഓട്ടോ പിന്‍തുടര്‍ന്ന് എത്തിയ മന്‍സൂര്‍ ലയോളയ്ക്ക് സമീപം തടഞ്ഞു നിര്‍ത്തി. വാഹനത്തില്‍ നിന്നും പുറത്ത് ഇറങ്ങിയ യുവാക്കള്‍ മന്‍സൂറിനെ ആക്രമിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസ് മദ്യലഹരിയില്‍ ആയിരുന്ന യുവാക്കളുടെ ആക്രമണത്തില്‍ നിന്നും മന്‍സൂറിനെ രക്ഷപെടുത്തി സ്റ്റേഷനിലെത്തിച്ചു. ഓടാന്‍ ശ്രമിച്ച പ്രതികളെയും കൈയ്യോടെ പിടികൂടി.എന്നാല്‍ പ്രതികള്‍ക്കെതിരെ ഉടന്‍ നടപടി വേണമെന്ന ആവശ്യവുമായി ഒരു സംഘം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സ്റ്റേഷനില്‍ എത്തി. ഇവരെ പോലീസ് തടഞ്ഞെങ്കിലും അതിക്രമിച്ച സ്റ്റേഷനില്‍ കയറി പ്രശ്‌നമുണ്ടാക്കുകയായിരുന്നു.