തിരുവനന്തപുരം: ഡോക്ടേഴ്സ് ദിനത്തില്‍ മാനസിക വെല്ലുവിളി ഉളളവരില്‍ നിന്ന് ആക്രമണം ഭയന്ന് ജോലി ചെയ്യേണ്ട അവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരും ജീവനക്കാരും. ജനറല്‍ വാര്‍ഡില്‍ തന്നെ മാനസിക അസ്വാസ്ഥ്യമുളളവരേയും പാര്‍പ്പിക്കുന്ന അധികൃതരുടെ ഗുരുതര വീഴ്ചയാണ് രോഗികളേയും കൂട്ടിരിപ്പുകാരേയും ഉള്‍പ്പെടെ അപകടത്തിലാക്കുന്നത്. ഡോ വന്ദനയുടെ ദാരുണമരണം മുന്നിലുളളപ്പോഴാണ് അനാസ്ഥ തുടരുന്നത്. മേയ് 13 നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഇരുപത്തെട്ടാം വാര്‍ഡിലെ ദുരവസ്ഥ ഞങ്ങളുടെ ക്യാമറ കണ്ടത്. സര്‍ജറി, മെഡിസിന്‍, ഓര്‍ത്തോ വിഭാഗങ്ങളിലെ രോഗികള്‍ കൂടിക്കുഴഞ്ഞു കിടക്കുന്ന 28-ാം വാര്‍ഡ്. തൊട്ടു ചേര്‍ന്ന് ഒരു വാതിലിന്റെ പോലും മറയില്ലാതെ മാനസിക അസ്വസ്ഥതയുളളവരെ കിടത്തിയിരിക്കുന്ന ഞെട്ടിക്കുന്ന കാഴ്ച. വാര്‍ത്തയ്ക്ക് പിന്നാലെ മെഡിക്കല്‍ കോളജ് സൂപ്രണ്ട് പ്രതികരിച്ചു.
ഒരു മാറ്റവുമില്ല. എല്ലാം പഴയതുപോലെ, രോഗികള്‍ തിങ്ങിയ വാര്‍ഡിനോട് ചേര്‍ന്നു തന്നെ മാനസിക അസ്വാസ്ഥ്യമുളളവരും , നല്ല സ്റ്റൈലില്‍ മറ്റുളള വര്‍ക്ക് പ്രവേശനമില്ലെന്നൊരു ബോര്‍ഡ് പുതിയതായി വച്ചിട്ടുണ്ട്. ഇടയ്ക്കിടെ മാനസിക ബുദ്ധിമുട്ടുളള രോഗികള്‍ മറ്റ് രോഗികള്‍ക്ക് ഇടയിലേയ്ക്കെത്തും. ഇവര്‍ എപ്പോള്‍ അക്രമാസക്തരാകുമെന്ന് ഉറപ്പു പറയാനാകില്ലെന്നോര്‍ക്കണം. അടുത്തിടെ നിരവധി തവണ ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുമുണ്ട്. ഞങ്ങളെത്തുമ്പോള്‍ ഒരു സെക്യൂരിറ്റിയുടെ പോലും സംരക്ഷണം ഇല്ല വാര്‍ഡില്‍. ശാന്തമായ ഉറക്കവും വിശ്രമവും വിനോദവുമൊക്കെ മാനസിക ബുദ്ധിമുട്ടുളളവരുടെ രോഗശമനത്തിന് അത്യാവശ്യമെന്നിരിക്കെയാണ് ഈ അവസ്ഥ. ജനറല്‍ വാര്‍ഡിലെ രോഗികളുടെ വേദനകളും നിലവിളികളും സന്ദര്‍ശകരുടെ ബാഹുല്യമെല്ലാം കണ്ട് പലര്‍ക്കും മാനസിക അസ്വാസ്ഥ്യം കൂടുന്നുമുണ്ട്. പുതിയ കെട്ടിടം പണിക്കുവേണ്ടി 16 മുതല്‍ മുതല്‍ 19 വരെ വാര്‍ഡുകളും 24, 25 വാര്‍ഡുകളുമുള്‍പ്പെടുന്ന കെട്ടിടം പൊളിച്ചതോടെയാണ് രോഗികളെ മുഴുവന്‍ 28ാം വാര്‍ഡിലേയ്ക്ക് തളളിയത്. ഇരുപത്തിനാലിലായിരുന്നു സൈക്യാട്രി വാര്‍ഡ്.