ഭോപ്പാല്‍: മധ്യപ്രദേശ് ബിജെപി അധ്യക്ഷന്‍ വിഡി ശര്‍മയുടെ എസ് യുവിയില്‍ ഇടിച്ചിട്ട ശേഷം രക്ഷപെടാന്‍ ശ്രമിച്ച ട്രക്ക് ഡ്രൈവറെ 148 കിലോമീറ്റര്‍ ദുരം പിന്തുടര്‍ന്ന് നാടകീയമായി അറസ്റ്റ് ചെയ്ത് പോലീസ്. വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം. നിരവധി സ്റ്റേഷനുകളില്‍ നിന്നായി പൊലീസ് പിന്തുടര്‍ന്ന ശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്യാനായത്. ഇതിനിടെ ട്രക്ക് തടയാനായി വച്ച ബാരിക്കേഡുകളും പോലീസ് വാഹനങ്ങളും ട്രക്ക് ഡ്രൈവര്‍ ഇടിച്ചു തകര്‍ത്തു. നിരവധി പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. അറസ്റ്റിലായ ട്രക്ക് ഡ്രൈവര്‍ അജയ് മാളവ്യ രാജ്ഗഡ് സ്വദേശിയാണെന്ന് പോലീസ് പറഞ്ഞു. ഭോപ്പാലിലെ ലാല്‍ഘട്ടില്‍ വച്ച് രാത്രി ഒന്‍പതരയോടെയാണ് ബിജെപി അധ്യക്ഷന്‍ സഞ്ചരിച്ച എസ് യുവിയില്‍ ട്രക്ക് ഇടിച്ചത്. അതിനുശേഷം വാഹനം നിര്‍ത്താതെ പോകുകയായിരുന്നു. തുടര്‍ന്ന് ശര്‍മയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബാരിക്കേഡുകള്‍ സ്ഥാപിച്ച് വാഹനം തടയാന്‍ പോലീസ് ശ്രമിച്ചപ്പോള്‍ അത് ഇടിച്ചിട്ട് ട്രക്ക് ഡ്രൈവര്‍ യാത്ര തുടര്‍ന്നു.
പിന്നാലെ പോലീസുകാര്‍ വാഹനത്തില്‍ ട്രക്കിനെ പിന്തുടര്‍ന്നു. ഗാന്ധിനഗറില്‍ വച്ച് ട്രക്ക് തടഞ്ഞിടാനുള്ള ശ്രമത്തിനിടെ പൊലീസ് വാഹനത്തില്‍ ഇടിച്ചിട്ട ശേഷം അജയ് മാളവ്യ യാത്രതുടര്‍ന്നു. തുടര്‍ന്നും ട്രക്കിനെ പോലീസ് പിന്തുടരുകയായിരുന്നു. അതിനിടെ ട്രക്ക് കച്‌നാരിയ ടോള്‍ പ്ലാസയില്‍ നിര്‍ത്തി. അവിടെ നിന്ന് ഡ്രൈവറെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പോലീസുകാരെ അക്രമിച്ച ശേഷം അവിടെനിന്നും ഡ്രൈവര്‍ വാഹനവുമായി കടന്നുകളഞ്ഞു. പിന്നീട് രാജ്ഗഡ് ജില്ലയിലെ പച്ചോറിനടുത്തുള്ള ഉദന്‍ഖേഡി ടോള്‍ പ്ലാസയില്‍ ട്രക്ക് നിര്‍ത്തി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് പിടികൂടുകയായിരുന്നു. പിന്തുടരുന്നതിനിടെ, ട്രക്ക് ഡ്രൈവര്‍ ആറ് പോലീസ് സ്റ്റേഷനുകളിലെ എട്ട് പോലീസ് വാഹനങ്ങളും നിരവധി സ്വകാര്യ വാഹനങ്ങളും ഇടിച്ചു തകര്‍ത്തതായി പോലീസ് പറഞ്ഞു. പ്രതി ആ സമയത്ത് മദ്യലഹരിയിലായിരുന്നെന്നും പോലീസ് പറഞ്ഞു. മാളവ്യയ്ക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിലായി അഞ്ച് എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തതായും പോലീസ് പറഞ്ഞു.