വാഷിങ്ടൺ : രാഷ്ട്രീയത്തിൽ ഉയരുന്നതിനായി കമല ഹാരിസ് മുൻ സാൻഫ്രാൻസിസ്കോ മേയർ വില്ലി ബ്രൗണിന്റെ ലൈംഗികാവശ്യങ്ങൾക്ക് വഴങ്ങിയെന്ന ആരോപണവുമായി ഡോണാൾഡ് ട്രംപ്. സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് ആരോപണമുന്നയിച്ചത്. ട്രൂത്ത് സോഷ്യലിലെ യൂസറിന്റെ പോസ്റ്റ് പങ്കുവെച്ചാണ് ട്രംപിന്റെ ആരോപണം. കമല ഹാരിസന്റേയും ഹിലരി ക്ലിന്റേയും ചിത്രങ്ങൾ പങ്കുവെച്ചാണ് ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് വന്നത്. ഹിലരി ക്ലിന്റണിന്റെ ഭർത്താവ് ബിൽ ക്ലിന്റണും മോണിക്ക ലെവൻസ്കിയും തമ്മിലുള്ള വിവാദവും കമല ഹാരിസും വില്ലി ബ്രൗണും തമ്മിലുള്ള ബന്ധവും സൂചിപ്പിക്കുന്നതിനായിരുന്നു ഇരുവരുടേയും ചിത്രങ്ങൾ പങ്കുവെച്ചത്. 1990കളിൽ കാലിഫോർണിയ സ്റ്റേറ്റിന്റെ സ്പീക്കറായിരിക്കുന്ന സമയത്ത് സാൻഫ്രാൻസിസ്കോ മേയറും കമല ഹാരിസും തമ്മിൽ ബന്ധമുണ്ടായിരുന്നുവെന്നും ഇത് ഇവരുടെ രാഷ്ട്രീയ ഉയർച്ചക്ക് കാരണമായെന്ന ആരോപണമാണ് പോസ്റ്റ് പങ്കുവെച്ച് ട്രംപ് ഉയർത്തുന്നത്.
നേരത്തെ കമല ഹാരിസിന്റെ രൂപത്തെ പരിഹസിച്ചും ട്രംപ് കമലയെ അക്രമിച്ചിരുന്നു. താൻ കമലയേക്കാൾ സുന്ദരനാണെന്നായിരുന്നു ട്രംപിന്റെ പരാമർശം. നിരവധി വംശീയ- വ്യക്തി അധിക്ഷേപങ്ങളാണ് കമലയ്‍ക്കെതിരെ ട്രംപ് വേദിയിൽ നടത്തിയത്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ സ്ഥാനാർഥിയുടെ പെൻസിൽവാനിയയിൽ നടന്ന പ്രചാരണ റാലിയിൽ ആണ് കമല ഹാരിസിന്റെ ശാരീരിക രൂപത്തെയും ബുദ്ധിയെയും പരിഹസിക്കുന്ന തരത്തിലുള്ള ട്രംപിന്റെ പരാമർശങ്ങൾ. അടുത്തിടെ ടൈം മാഗസിനിൽ വന്ന കമലയുടെ ഫോട്ടോ ഉയർത്തി കാട്ടിയ മുൻ അമേരിക്കൻ പ്രസിഡന്റ്, കമലയുടെ ഫോട്ടോ എടുത്തത് നന്നാവാതിരുന്നതിനാൽ മാഗസിന് ഒരു സ്കെച്ച് ആർട്ടിസ്റ്റിനെ നിയമിക്കേണ്ടിവന്നുവെന്നും അധിക്ഷേപിച്ചിരുന്നു.