കൊല്ലം : വിവാഹനിശ്ചയം കഴിഞ്ഞ പെൺകുട്ടിയെ വീട്ടുകാരുമായുള്ള അടുപ്പം മുതലെടുത്ത് പീഡിപ്പിച്ച് ഗർഭിണിയാക്കിയയാളെ പോലീസ് പിടികൂടി. മലപ്പുറം കരുവാരക്കുണ്ട് കുട്ടത്തിയിൽ പട്ടിക്കാടൻ ഹൗസിൽ അൻസാരി (49) യാണ് അറസ്റ്റിലായത്. ഗർഭിണിയാക്കിയ ശേഷം ഇയാൾ ഉത്തരവാദിത്തം മറ്റൊരു യുവാവിന്റെ തലയിൽ കെട്ടിവെക്കാൻ ശ്രമിക്കുകയും ചെയ്തു. പെൺകുട്ടി വിവാഹിതയായശേഷമാണ് ഗർഭിണിയായിരുന്നെന്ന വിവരം പുറത്തറിഞ്ഞത്.
എന്നാൽ ഗർഭസ്ഥ ശിശുവിന്റെ പ്രായവും വിവാഹ തീയതിയും തമ്മിൽ പൊരുത്തക്കേട് കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. യുവതിയുടെ വിവാഹത്തിന്റെ തിരക്കിനിടെ വീട്ടിൽ ആളില്ലാതിരുന്ന സമയം ഇയാൾ ബലംപ്രയോഗിച്ച് യുവതിയെ പീഡിപ്പിച്ചതായും പിന്നീട് ഇത് പലതവണ ആവർത്തിച്ചതായുമാണ് പോലീസ് പറയുന്നത്. കൊട്ടിയം പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വിവാഹശേഷം ഭർത്തൃവീട്ടിൽവെച്ച് യുവതിക്ക് ശാരീരിക അവശതകൾ ഉണ്ടായി. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഗർഭിണിയാണെന്നറിയുന്നത്. ഗർഭസ്ഥശിശുവിന്റെ പ്രായവ്യത്യാസം മനസ്സിലാക്കി ഭർത്താവും ബന്ധുക്കളും ചേർന്ന് യുവതിയെ തിരികെ വീട്ടിൽ കൊണ്ടുപോയി വിട്ടു. യുവതിയുടെ വീട്ടുകാരുമായി അടുപ്പമുണ്ടായിരുന്ന അൻസാരി സ്വാധീനം ചെലുത്തി ഗർഭഛിദ്രം നടത്തി.
തുടർന്ന് യുവതിയുടെ ബന്ധുവായ മറ്റൊരു യുവാവിന്റെ തലയിൽ ഉത്തരവാദിത്വം കെട്ടിവെച്ച് കൈയൊഴിയാൻ ശ്രമിച്ചതോടെ യുവതി ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നൽകുകയും ചെയ്തു. പ്രതിക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തിയിട്ടുണ്ട്. ഒന്നിലധികം വിവാഹം കഴിച്ച ഇയാൾ കഴിഞ്ഞ ജനുവരി മുതൽ കൊട്ടിയത്താണ് താമസം. ചാത്തന്നൂർ എ.സി.പി ബി.ഗോപകുമാർ, പോലീസ് ഇൻസ്പെക്ടർ എം.സി ജിംസ്റ്റൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.