തൃശൂര്‍: ഇന്ത്യയെ മതരാഷ്ട്രമാക്കാന്‍ ശ്രമിക്കുന്നവരെ അകറ്റിനിര്‍ത്തണമെന്ന് വിശ്വാസികളോട് ആഹ്വാനം ചെയ്ത് തൃശൂര്‍ അതിരൂപത. അതിരൂപതയുടെ മുഖപത്രമായ കത്തോലിക്ക സഭയുടെ പുതിയ ലക്കത്തിലാണ് ആഹ്വാനം. ഇന്ത്യയെ മതരാഷ്ട്രമാക്കാന്‍ ചില വര്‍ഗീയ ശക്തികള്‍ ശ്രമിക്കുന്നുണ്ട്. ഇവര്‍ രാജ്യത്തെ ഓരോ സംസ്ഥാനത്തെയും വര്‍ഗീയതയുടെ കാല്‍ക്കീഴിലാക്കാന്‍ ശ്രമിക്കുന്നുണ്ട്. കേരളം ഇതുവരെയും അതിന് പിടികൊടുത്തിട്ടില്ല. ഇത്തവണയും അതുണ്ടാകരുത് എന്ന ആഹ്വാനമാണ് അതിരൂപത വിശ്വാസികള്‍ക്ക് നല്‍കുന്നത്.
സംസ്ഥാന സര്‍ക്കാരിനേയും കത്തോലിക്ക സഭ വിമര്‍ശനം ഉന്നയിച്ചു. പറഞ്ഞ വാക്കൊന്നും സര്‍ക്കാര്‍ പാലിച്ചില്ലെന്നാണ് വിമര്‍ശനം. സര്‍ക്കാര്‍ വന്നിട്ട് എല്ലാം ശരിയായത് ചില നേതാക്കളുടെയും ആശ്രിതരുടെയും കുടുംബങ്ങളില്‍ മാത്രമാണ്. വോട്ട് പാഴാക്കാതെ ബുദ്ധിപൂര്‍വ്വം വിനിയോഗിക്കണം. ഇന്ത്യയെ മതരാഷ്ട്രമാക്കാന്‍ ശ്രമിക്കുന്നവരെയും അകറ്റിനിര്‍ത്തണമെന്നും വിശ്വാസികളോട് അതിരൂപത നിര്‍ദ്ദേശിച്ചു.
എല്ലാം ശരിയാക്കാമെന്ന് പറഞ്ഞ് വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ഒന്നും ശരിയാക്കിയില്ല എന്ന് പറഞ്ഞാണ് ഇടതുമുന്നണിക്കെതിരായ വിമര്‍ശനം. പിന്‍വാതില്‍ നിയമനം അടക്കമുള്ളവ എടുത്തുപറഞ്ഞാണ് ഈ വിമര്‍ശനങ്ങളെന്നതും ശ്രദ്ധേയമാണ്.