കൊച്ചി : കെട്ടിടം പണി പൂർത്തിയായിട്ട് 12 വർഷമായെങ്കിലും എറണാകുളം വൈപ്പിൻ ദ്വീപിലെ സുനാമി മ്യൂസിയം ഇനിയും യാഥാർത്ഥ്യമായില്ല. കാൽക്കോടിയോളം ചെലവിട്ട് എടവനക്കാട്ട് നിർമിച്ച കെട്ടിടമാണ് വർഷങ്ങളായി വെറുതെ കിടക്കുന്നത്. സുനാമിത്തിരകൾ അഞ്ച് ജീവനുകൾ കവർന്ന അണിയിൽ തീരത്ത് നിന്ന് അധികം അകലെയല്ലാത്ത എടവനക്കാട് യുപി സ്കൂൾ വളപ്പിലാണ് മ്യൂസിയത്തിനായി കെട്ടിടമൊരുക്കിയത്.
സുനാമിയെക്കുറിച്ചുള്ള വിവരങ്ങളും ദുരന്തത്തിന്റെ ശേഷിപ്പുകളുമെല്ലാം ചേർത്ത് വമ്പന്‍ തിരയടിച്ച കാലത്തിന്‍റെ ഓർമകളൊരുക്കി വയ്ക്കണമെന്നായിരുന്നു ലക്ഷ്യം. എംപി ഫണ്ടിൽ നിന്ന് കാൽക്കോടി മുടക്കി പെട്ടെന്ന് കെട്ടിടമുണ്ടാക്കിയെങ്കിലും ബാക്കിയൊന്നും പിന്നെ നടന്നില്ല.
ചെറായി ബീച്ചടക്കം നിരവധി ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ ഇടമാണ് വൈപ്പിൻ. മ്യൂസിയത്തിന് ഇടമൊരുക്കിയതാണെങ്കിൽ ദ്വീപിന്‍റെ ഒത്ത നടുക്കും. സന്ദർശകർക്ക് കുറവുണ്ടാകില്ലെന്ന് ചുരുക്കം. കേരളത്തിൽ വേറെയധികം സുനാമി മ്യൂസിയങ്ങളില്ലെന്നതും സാധ്യതയാണ്. എന്നാൽ തിരയടിച്ച് ഒന്നരപ്പതിറ്റാണ്ടിനിപ്പുറവും വിസ്തൃതമായ സുന്ദരൻ കെട്ടിടമുണ്ടായിട്ടും ഈ സാധ്യതകൾ ഉപയോഗിക്കപ്പെടാതെ കിടക്കുകയാണ് വൈപ്പിനിൽ.