പാലക്കാട്: രേഖകളില്ലാതെ ട്രെയിനില്‍ കടത്തിക്കൊണ്ടുവന്ന 44 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി തമിഴ്നാട് മധുര ലക്ഷ്മിപുരം ഈസ്റ്റ് ഗേറ്റില്‍ താമസിക്കുന്ന ഗോപാലിന്‍റെ മകന്‍ രവി. ജി (52) എന്നയാളെ പാലക്കാട് ആര്‍ പി എഫ് അറസ്റ്റ് ചെയ്തു. ബാംഗ്ലൂരില്‍ നിന്നും കടത്തിക്കൊണ്ടുവന്ന പണം കോഴിക്കോട് സ്വദേശിക്ക് കൈമാറുന്നതിനായി പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് റോഡ് മാര്‍ഗ്ഗം കോഴിക്കോട്ടേക്ക് യാത്ര ചെയ്യുവാന്‍ ശ്രമിക്കുമ്പോഴാണ് പിടിയിലാകുന്നത്. 2000 രൂപയുടെയും 500 രൂപയുടെയും നോട്ടുകെട്ടുകള്‍ ശരീരത്തില്‍ തുണികൊണ്ടുള്ള ബെറ്റിനുള്ളില്‍ അരയില്‍ അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചനിലയില്‍ ആയിരുന്നു നോട്ടുകെട്ടുകള്‍ സൂക്ഷിച്ചിരുന്നത്.
പിടികൂടിയ പണവും പ്രതിയെയും തുടര്‍ നടപടികള്‍ക്കായി പാലക്കാട് ഇന്‍കംടാക്സ് ഇന്‍വെസ്റ്റിഗേഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ക്ക് കൈമാറി. ആര്‍പിഎഫ് സബ് ഇന്‍സ്പെക്ടര്‍മാരായ യു. രമേഷ്, ധന്യ ടി.എം, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍മാരായ സജി അഗസ്റ്റിന്‍, മനോജ് എ, ഹെഡ്കോണ്‍സ്റ്റബിള്‍മാരായ സവിന്‍ വി, അനില്‍കുമാര്‍ എന്നിവരാണ് പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നത്.