ചെന്നൈ: തമിഴ്നാട് മഹാബലിപുരത്തെ മുതല പാര്‍ക്കില്‍ നിന്ന് അന്താരാഷ്ട്ര വിപണിയില്‍ 10 ലക്ഷം രൂപ വിലമതിക്കുന്ന ആമയെ കാണാതായി. ലോകത്തിലെ ഏറ്റവും വലിയ ആമ ഇനങ്ങളിലൊന്നായ ആല്‍ഡാബ്ര ഇനത്തില്‍പ്പെട്ട ഭീമന്‍ ആമയെയാണ് മദ്രാസ് ക്രോക്കഡൈല്‍ ബാങ്ക് ട്രസ്റ്റ് സെന്റര്‍ ഫോര്‍ ഹെര്‍പ്പറ്റോളജിയില്‍ നിന്നും കാണാതായത്.
ആമ മോഷണം പോയതാകമെന്നാണ് പൊലീസ് നിഗമനം. ഈ അപൂര്‍വ്വയിനം ആമകള്‍ക്ക് 150 വയസുവരെ പ്രായമുണ്ടായിരിക്കും. 1.5 മീറ്ററിലധികം നീളവും 200 കിലോഗ്രാം വരെ ഭാരവും ഉണ്ടാകും.
പാര്‍ക്കില്‍ നിന്ന് കാണാതായ ആമയ്ക്ക് 80-100 കിലോഗ്രാം ഭാരമുണ്ടാകാമെന്ന് പോലീസ് പറഞ്ഞു. ഇതിന് 50 വയസാണ് പ്രായം. ആമയുടെ ശരീരഭാഗങ്ങള്‍ മരുന്നിനായി ഉപയോഗിക്കാന്‍ വേണ്ടിയായിരിക്കാം ആമയെ മോഷ്ടിച്ചതെന്നാണ് പൊലീസ് പറയുന്നത്.
ആറ് ആഴ്ച മുന്‍പാണ് മോഷണം നടന്നതെങ്കിലും ഇപ്പോഴാണ് വാര്‍ത്ത പുറത്തുവിടുന്നത്. പാര്‍ക്കിനുള്ളിലുള്ളവര്‍ അറിയാതെ മോഷണം നടക്കില്ലെന്ന് പൊലീസ് പറയുന്നു. പാര്‍ക്ക് ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. നിരീക്ഷണ ക്യാമറകളില്‍ മോഷ്ടാക്കള്‍ കുടുങ്ങുന്നത് ഒഴിവാക്കാന്‍ ശ്രമം നടത്തിയതായും കണ്ടെത്തി.