തിരുവനന്തപുരം: തദ്ദേശ ഭരണസമിതി തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പറേഷനില്‍ 35 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് യുഡിഎഫ്. ഇന്നലെ രാത്രിയാണ് സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 60 വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ധാരണയായിട്ടുണ്ടെന്നു ഡി.സി.സി പ്രസിഡന്‍റ് അറിയിച്ചു. 35 സ്ഥാനാര്‍ഥികളില്‍ കോണ്‍ഗ്രസിന്റെ 33 സ്ഥാനാര്‍ത്ഥികളെയും, സിഎംപിയുടെ രണ്ട് സ്ഥാനാര്‍ത്ഥികളെയുമാണ് ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
സിപിഎം, ബിജെപി സ്ഥാനാര്‍ത്ഥികള്‍ പ്രചാരണം ആരംഭിച്ചതോടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചവരും ആദ്യഘട്ട പ്രചാരണത്തിന് തുടക്കം കുറിച്ചു. തുടര്‍ന്നാണ് മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ 35 പേരുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. സീറ്റ് വിഭജനം സംബന്ധിച്ച് കഴിഞ്ഞ ദിവസം നടന്ന യോഗങ്ങളില്‍ ഘടകകക്ഷികള്‍ കൂടുതല്‍ സീറ്റ് ആവശ്യപ്പെട്ടതും സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകാന്‍ കാരണമായിട്ടുണ്ട്. ഘടകകക്ഷികളെ പിണക്കാതെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കാനാണ് നേതൃത്വത്തിന്‍റെ ശ്രമം. മുസ്ലിം ലീഗ്, സി.എം.പി തുടങ്ങിയവരുടെ സീറ്റുകളില്‍ ഏകദേശ ധാരണയായിട്ടുണ്ട്. ഔദ്യോഗികമായി പ്രഖ്യാപിച്ച 35 വാര്‍ഡുകളില്‍ കണ്ണമൂല, ചെറുവയ്ക്കല്‍ എന്നിവ സി.എം.പിക്കാണ് നല്‍കിയിരിക്കുന്നത്. കൂടുതലും വനിതകളാണ് പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്.