തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തിപ്രാപിച്ചതോടെ തലസ്ഥാന നഗരമുള്‍പ്പെടെ വെള്ളക്കെട്ടില്‍ മുങ്ങി. കേരളത്തില്‍ പല ജില്ലകളിലും ശക്തമായ മഴയാണ് കഴിഞ്ഞ ദിവസങ്ങളിലെല്ലാം ലഭിക്കുന്നത്. ഇന്നലെ വൈകുന്നേരത്തോടെ പെയ്ത മഴയിലാണ് തിരുവനന്തപുരത്ത് വെള്ളക്കെട്ട് രൂപപ്പെട്ടത്. സെന്‍ട്രല്‍ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിലടക്കം വെള്ളം കയറി. തമ്പാന്നൂര്‍ കെഎസ്‌ആര്‍ടിസി, എസ്‌എസ് കോവില്‍ എന്നിവിടങ്ങളിലും വെള്ളം കയറി. വൈകുന്നേരത്തോടെയാണ് ഇടിയോടുകൂടിയ ശക്തമായ മഴപെയ്തത്.
അതേസമയം സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. തെക്ക് കിഴക്കന്‍ അറബി കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതിന്റെ ഭാഗമായാണ് മഴ തുടരുന്നത്. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ മേയ് 14 ന് രാവിലെയോടെ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ലക്ഷദ്വീപിനു സമീപം വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദം മേയ് 16 ഓടെ ഈ വര്‍ഷത്ത ആദ്യത്തെ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് വരും ദിവസങ്ങളിലും അതിശക്തമായ മഴയ്ക്കും കാറ്റിനും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി. വരും മണിക്കൂറുകളില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, തൃശൂര്‍ എന്നീ ജില്ലകളില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്.
മേയ് 14ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലും മേയ് 15ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ആലപ്പുഴ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് കൂടുതല്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
2021 മെയ് 12: ഇടുക്കി
2021 മെയ് 13 : തിരുവനന്തപുരം
2021 മെയ് 14 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം
2021 മെയ് 15 : കോട്ടയം, എറണാകുളം, ഇടുക്കി,തൃശൂര്‍
എന്നീ ജില്ലകളില്‍ ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലെര്‍ട് പ്രഖ്യാപിച്ചിരിക്കുന്നു. 24 മണിക്കൂറില്‍ 64.5 mm മുതല്‍ 115 mm വരെയുള്ള മഴയാണ് പ്രതീക്ഷിക്കുന്നത്.