തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാര്‍ ഇന്ന് ഒ.പി ബഹിഷ്‌കരിക്കും. കൊവിഡ് ബാധിതനെ പുഴുവരിച്ച സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. രാവിലെ എട്ടുമണിമുതല്‍ പത്ത് വരെയാണ് ഡോക്ടര്‍മാര്‍ ഒ.പി ബഹിഷ്‌കരിക്കുക.
സസ്‌പെന്‍ഷന്‍ പിന്‍വലിച്ചില്ലെങ്കില്‍ തിങ്കളാഴ്ച മുതല്‍ കൊവിഡ് ഇതര ഡ്യൂട്ടി ബഹിഷ്‌കരിക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അതോടൊപ്പം നഴ്സസ് യൂണിയന്‍ ഇന്ന് ജില്ലയില്‍ കരിദിനം ആചരിക്കും.കൊവിഡ് ബാധിതനെ പുഴുവരിച്ച സംഭവത്തില്‍ നോഡല്‍ ഓഫിസര്‍ ഡോ.അരുണ, ഹെഡ് നഴ്സുമാരായ ലീന കുഞ്ചന്‍, രജനി കെ.വി എന്നിവരെയാണ് ആരോഗ്യ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തത്. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പ്രാഥമിക അന്വേഷണത്തെ തുടര്‍ന്നായിരുന്നു നടപടി. സസ്പെന്‍ഷന്‍ പിന്‍വലിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ വ്യക്തമാക്കിയിരുന്നു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ആറാം വാര്‍ഡിലായിരുന്നു അനില്‍കുമാര്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നത്. വീണതിനെ തുടര്‍ന്ന് കഴിഞ്ഞമാസം 21ാം തിയതിയാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തിയ അനിലിന് കൊവിഡ് ബാധിച്ചിരുന്നു. കൊവിഡ് നെഗറ്റീവായി ആശുപത്രി വിട്ടപ്പോള്‍ ഇദ്ദേഹത്തിന്റെ തലയുടെ പിന്‍ഭാഗം പുഴുവരിച്ച നിലയിലായിരുന്നെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു.