പത്തനംതിട്ട: റാന്നി പഴവങ്ങാടി ഇട്ടിയപ്പാറയിലെ ആളൊഴിഞ്ഞ പഴയ വീട്ടിൽനിന്ന് സാധനങ്ങൾ മോഷ്ടിച്ചുകടത്താൻ ശ്രമിച്ച രണ്ടുപേരെ പിടികൂടി. ഒരാൾ കടന്നുകളഞ്ഞു. കേസിൽ രണ്ടും മൂന്നും പ്രതികളായ റാന്നി മന്ദിരം പാറയ്ക്കൽ കോളനിയിൽ ഓമന നിവാസ് ഷൈജു എന്ന കെ. അനീഷ് കുമാർ (38), പഴവങ്ങാടി കരികുളം മുക്കാലുമൺ പുലയകുന്നിൽ സിബി ഇടിക്കുള (38) എന്നിവരാണ് അറസ്റ്റിലായത്. അങ്ങാടി മേനാംതോട്ടം ആശാരിമുറിയിൽ എബ്രഹാമിന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ ചൊവ്വാഴ്ച രാവിലെയാണ് മോഷണം നടന്നത്. ആൾതാമസമില്ലാത്ത വീട്ടിലെ ആളനക്കം അയൽവാസികളുടെ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് നാട്ടുകാരെ വിളിച്ചുകൂട്ടി നോക്കിയപ്പോൾ ചാക്കുകെട്ടുകളുമായി മൂന്നുപേർ ഇറങ്ങിപോകുന്നതാണ് കണ്ടത്. ഇതിനിടെ മോഷ്ടാക്കൾ ചാക്കുകൾ ഉപേക്ഷിച്ചു കടന്നുകളയാൻ ശ്രമിച്ചു.
സംശയം തോന്നിയ അയൽവാസികൾ എബ്രഹാമിനെ അറിയിക്കുകയായിരുന്നു. അദ്ദേഹം കൂടിയെത്തി മോഷ്ടാക്കളെ തടഞ്ഞുവെക്കുകയായിരുന്നു. ഒരാൾ സ്ഥലത്തുനിന്നും കടന്നുകളഞ്ഞു. റാന്നി പോലീസാണ് രണ്ടുപേരെയും കസ്റ്റഡിയിലെടുത്തത്. പിൻവാതിൽ കുത്തിത്തുറന്ന് കിടപ്പുമുറിയിലെ സീലിങ് പൊളിച്ച് അതിലെ അലുമിനിയം ഫ്രെയിമുകൾ ഇളക്കിയെടുത്തു. വീട്ടിൽ സൂക്ഷിച്ച കിണറിന്റെ കപ്പിയും അലുമിനിയം പാത്രങ്ങളും മോഷ്ടിച്ചു. 5000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. മൂന്നാമനായുള്ള തിരച്ചിൽ വ്യാപകമാക്കി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.