വാഷിംഗ്‌ടൺ : സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തെത്തുടർന്ന് വാഷിംഗ്‌ടണിലെ പൊട്ടോമാക് നദിയിൽ തകർന്ന് വീണ യാത്രാ വിമാനത്തിന്റെ രണ്ട് ബ്ലാക്ക് ബോക്സുകൾ കണ്ടെടുത്തതായി നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് അറിയിച്ചു. കണ്ടെടുത്ത ഫ്ലൈറ്റ് ഡാറ്റയും കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡറുകളും എൻടിഎസ്‌ബി ലാബുകളിലേക്ക് വിശകലനത്തിനായി മാറ്റിയിരിക്കുകയാണ്. പൊട്ടോമാക് നദിയിൽ നിന്നാണ് AA5342 എന്ന വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തിയത്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരിൽ ഒരാൾ പോലും അപകടത്തിൽ നിന്നും രക്ഷപെട്ടിട്ടില്ലെന്നാണ് സ്ഥിരീകരണം. അപകടത്തിൽ മനുഷ്യനാണോ മെക്കാനിക്കൽ ഘടകങ്ങളാണോ കാരണമായതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
ഫ്ലൈറ്റ് ഡാറ്റയും കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡറുകളും അടങ്ങുന്ന ഈ ഉപകരണം വിമാനത്തിന് എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കുന്നതിനുള്ള പ്രധാന തെളിവായി മാറും. വിമാനാപകടത്തിൽ മരിച്ചവരിൽ റഷ്യ, ഫിലിപ്പീൻസ്, ജർമനി എന്നിവിടങ്ങളിൽ നിന്നുള്ള പൗരന്മാരും ഉൾപ്പെടുന്നുണ്ട്. രണ്ട് ചൈനീസ് പൗരന്മാരും വിമാനത്തിൽ ഉണ്ടായിരുന്നുവെന്ന് ചൈനീസ് എംബസിയെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹെലികോപ്റ്ററിലുണ്ടായിരുന്ന മൂന്ന് സൈനികർ ഉൾപ്പെടെ 28 പേരുടെ മൃതദേഹങ്ങളാണ് പൊട്ടോമാക് നദിയിലെ മഞ്ഞുമൂടിയ വെള്ളത്തിൽ നിന്ന് പുറത്തെടുത്തത്.