ഇരിഞ്ഞാലക്കുട : വാടകവീട് ഒഴിയുന്നതിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് കിഴുത്താണിയിൽ വീടുകയറി നടത്തിയ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. സംഭവത്തിൽ വീട്ടുടമസ്ഥനും സഹോദരനും അവരുടെ ഭാര്യമാരും അറസ്റ്റിലായി. കിഴുത്താണി മനപ്പടിയിൽ വാടകയ്ക്ക് താമസിക്കുന്ന വട്ടപ്പറമ്പിൽ ശശിധരന്റെ മകൻ സൂരജ് (32) ആണ് കൊല്ലപ്പെട്ടത്.
ഇരിങ്ങാലക്കുട കോമ്പാറ ചേനത്തുപറമ്പിൽ വീട്ടിൽ ഷാജു (47), സഹോദരൻ കാട്ടുങ്ങച്ചിറ ചേനത്തുപറമ്പിൽ ലോറൻസ് (50), ഷാജുവിന്റെ ഭാര്യ രഞ്ജിനി (39), ലോറൻസിന്റെ ഭാര്യ സിന്ധു (39) എന്നിവരെ ഡിവൈ.എസ്.പി. ബാബു കെ. തോമസ്, കാട്ടൂർ സി.ഐ. എം.കെ. സജീവൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.
രണ്ടാം പ്രതി ലോറൻസിന്റെ കിഴുത്താണിയിലുള്ള വീട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു ശശിധരനും കുടുംബവും. വീട് ഒഴിയുന്നതിനെച്ചൊല്ലി ശശിധരനും ഉടമകളായ പ്രതികളും തമ്മിൽ തർക്കം നിലനിന്നിരുന്നതായി പോലീസ് പറഞ്ഞു. ഉടമകൾ നൽകിയ പരാതിയിൽ കഴിഞ്ഞദിവസം ഡിവൈ.എസ്.പി. ഇരുകൂട്ടരേയും വിളിപ്പിച്ച് ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഉത്രാടദിവസം ഉച്ചയോടെ ലോറൻസും സഹോദരൻ ഷാജുവും ഭാര്യമാരും ചേർന്ന് കിഴുത്താണിയിലുള്ള വീട് ഒഴിപ്പിക്കാനെത്തിയത്.
ഈ സമയത്ത് ശശിധരന്റെ ഭാര്യ രമണിയും രണ്ടാമത്തെ മകൻ സ്വരൂപും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സ്വരൂപ് വിളിച്ചതിനെത്തുടർന്ന് ശശിധരനും മൂത്ത മകൻ സൂരജും വീട്ടിലെത്തി. ഇരുകൂട്ടരും തമ്മിലുള്ള തർക്കത്തിനിടയിൽ അവിടെ കിടന്ന കമ്പിപ്പാര എടുത്ത് ഷാജു മൂവരേയും ആക്രമിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ആക്രമണത്തിൽ പരിക്കേറ്റ ശശിധരനേയും തലയ്ക്കടിയേറ്റ് ഗുരുതരമായി പരിക്കേറ്റ സൂരജിനെയും സ്വരൂപിനെയും നാട്ടുകാരാണ് ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചത്.
ശനിയാഴ്ച പുലർച്ചെ സൂരജ് മരിച്ചു. സ്വരൂപ് (27) തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്. പ്രതികളുമായി കാട്ടൂർ പോലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. അടിക്കാനുപയോഗിച്ചിരുന്ന ഇരുമ്പുവടി പോലീസ് കണ്ടെടുത്തു എസ്.ഐ.മാരായ സൂരജ് സി.എസ്., ബെനഡിക്ട് വി.എം., സിവിൽ പോലീസ് ഓഫീസർമാരായ എബിൻ, നിഖിൽ, ഷാനവാസ്, സൈഫുദ്ദീൻ എന്നിവരും പ്രതികളെ പിടികൂടിയ പോലീസ് സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.