കൊച്ചി: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ രണ്ട് ബസ് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. ചോറ്റാനിക്കര എരുവേലി കിങ്ങിണിശ്ശേരില്‍ അമല്‍ അശോകന്‍ (23), എരുവേലി പുത്തന്‍കര സന്ദീപ് മോഹനന്‍ (33) എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ ഇനിയും പ്രതികളുണ്ടെന്നാണ് സൂചന. പോലീസ് അന്വേഷണം തുടരുകയാണ്. പ്രണയം നടിച്ച് പെണ്‍കുട്ടിയെ വീട്ടിലും അതിനുശേഷം ബസിലുംവെച്ച് ലൈംഗികമായി ചൂഷണം ചെയ്‌തെന്നാണ് കേസ്. കുറച്ചുനാളായി പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയംതോന്നിയ അധ്യാപിക മുന്‍കൈയെടുത്ത് നടത്തിയ കൗണ്‍സലിങ്ങിലാണ് ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടെന്ന വിവരം പുറത്തുവന്നത്.
ഇതേത്തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. മുളന്തുരുത്തി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. ഇതിന് പിന്നാലെ പെണ്‍കുട്ടിയുടെ മൊഴി പോലീസ് രേഖപ്പടുത്തുകയും ചെയ്തു. ഇതില്‍നിന്നാണ് പോലീസിന് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്. തുടര്‍ന്ന് ഇന്‍സ്‌പെക്ടര്‍ മനേഷ് പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ കസ്റ്റഡിയില്‍ എടുക്കുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.